Showing posts with label ഓർമ്മകൾ. Show all posts
Showing posts with label ഓർമ്മകൾ. Show all posts

Saturday, November 26, 2016

ഓണബിരിയാണി




'ഓണബിരിയാണി' എന്ന പേരിൽ അല്പം വൈചിത്ര്യം ഉണ്ടെന്നറിയാം. പക്ഷെ ഇതിന്റെ സാരാംശം ലളിതമാണ്. ചെറുപ്പത്തിൽ വളരെയധികം ആസ്വദിച്ചിരുന്നതും ആഘോഷിച്ചിരുന്നതുമായ ചില വിശേഷ ദിവസങ്ങളുടെ ഒരു ഓർമ്മക്കുറിപ്പ്.
അന്ന് ഞാനൊരു തരക്കേടില്ലാത്ത മുസ്ലീമായിരുന്നു. ഒരുവിധം യാഥാസ്ഥിതികമായ വിശ്വാസങ്ങൾ വെച്ച് പുലർത്തിയിരുന്ന ഒരു വലിയ കുടുംബത്തിന്റെ ഒരു ഇളമുറക്കണ്ണി. പക്ഷെ ഇഷ്ടമുള്ള രീതിയിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യം ചെറുപ്പം മുതലേ വീട്ടിൽ നിന്ന് ലഭിച്ചിരുന്നതിനാൽ ജാതിമത യാഥാസ്ഥിതികതയുടെ വലിയ ദോഷങ്ങളൊന്നും എന്നിൽ വന്നുചേർന്നില്ല. അതിന് അച്ഛനോടും അമ്മയോടും നന്ദി രേഖപ്പെടുത്തുന്നു. (ഏത് ജാതിയായാലും മതമായാലും വിശ്വാസം അമിതമായാൽ വിഷം തന്നെയാണ്, അതിപ്പോ ഇന്ന മതമെന്നൊന്നുമില്ല.)
ഓണം കേരളത്തിന്റെ ജാതിമത വേർതിരിവുകളില്ലാത്ത ദേശീയ ആഘോഷം എന്നാണ് വെപ്പ്. ഞാൻ അക്കാലത്ത് ജീവിച്ചിരുന്ന ആ ഗ്രാമത്തിൽ, ഹിന്ദു കുടുംബളിലൊഴികെയുള്ള ഇതര വിഭാഗങ്ങളിലൊന്നും, ഓണത്തിന് ടിവിയിൽ വരുന്ന പുതിയ സിനിമകൾ കാണുക എന്നതിനപ്പുറം വലിയ ആഘോഷങ്ങളൊന്നും കണ്ടിരുന്നില്ല. അപ്പുറത്തെയും ഇപ്പുറത്തെയും വീടുകളിൽ പൂക്കളങ്ങൾ കാണാം, കസവു മുണ്ടുകളും, ധാവണികളും മുല്ലപ്പൂവുകളും കാണാം, ഇടവഴികളിൽ നിന്ന് എന്റെ അടുക്കളവാതിൽ വഴി കയറിവരുന്ന പാലട പായസം നിറച്ച പാത്രങ്ങൾ കാണാം. എന്റെ വീട്ടിൽ സ്ഥിരമായി ഉണ്ടാക്കിക്കൊണ്ടിരുന്നത് സേമിയ പായസമായതിനാൽ, ഇടയ്ക്കു വന്നു കേറുന്ന പാലട ശരിക്കുമൊരു താരമായിരുന്നു. ഇത് കൂടാതെ, എന്റെ രുചികൾ അറിയാമായിരുന്ന അടുത്ത വീട്ടിലെ ചില അമ്മമാർ, ചെറിയ പാത്രങ്ങളിൽ പുളിയിഞ്ചി നിറച്ച് എന്റമ്മയെ ഏൽപ്പിക്കുമായിരുന്നു. സദ്യ കഴിക്കാൻ പലപ്പോഴും ക്ഷണങ്ങൾ ലഭിച്ചിരുന്നെങ്കിലും, അന്നൊന്നും സദ്യയോട് വലിയ താൽപര്യമുണ്ടായിരുന്നില്ല. അന്നൊക്കെ ഏതെങ്കിലും ഹിന്ദുകല്യാണങ്ങൾക്ക് പോയാൽ തന്നെ, കുറച്ച് ചോറിൽ കുറെ പുളിയിഞ്ചിയും, മൂന്നാലു പപ്പടവും, പൈനാപ്പിൾ കറിയും കുഴച്ച് ഒരടിയാണ്. ബാക്കിയുള്ള കറികളൊക്കെ വിളമ്പിയ പോലെ തന്നെ കിടക്കും. എല്ലാം കഴിഞ്ഞു രണ്ടോ മൂന്നോ ഗ്ലാസ് പായസവും.
ആ ഗ്രാമത്തിൽ ക്രിക്കറ്റും ഫുട്‍ബോളും ഒക്കെ കളിക്കാൻ പറ്റിയ കുറെ പാടങ്ങളുണ്ടായിരുന്നു. ഒരു സെപ്റ്റംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ അവിടെയൊക്കെ എപ്പോഴും ഒരുത്സവത്തിനുള്ള കൂട്ടമുണ്ടാകും. ശരിക്കും ആ സമയത്തൊക്കെ പലപ്പോഴും മഴക്കാലങ്ങളെ വെറുത്തിരുന്നു. വിഷുവിനു പെയ്യുന്ന പുതുമഴ പലപ്പോഴും ഏപ്രിൽ മാസങ്ങളിലെ ക്രിക്കറ്റ് കളി മൊത്തം നശിപ്പിച്ചിരുന്നു. ക്രിക്കറ്റും ഫുട്‍ബോളും ആയിരുന്നു പ്രധാനികളെങ്കിലും, ഉണ്ട ഏറ്, ചട്ടി ഏറ്, കബഡി തുടങ്ങിയ നാടൻ വെറൈറ്റികളും ഉണ്ടായിരുന്നു. ആ ഗ്രാമത്തിലെ വിവിധ കോണുകളിൽ താമസിക്കുന്നവർക്കായി ഓരോരോ പാടങ്ങൾ അലിഖിതമായി പതിച്ചു കിട്ടിയ പോലെയായിരുന്നു. ഒരു കോണിൽ താമസിച്ചിരുന്ന കുട്ടികൾ അവർക്കായി പറഞ്ഞു വെച്ച പാടങ്ങളിലെ കളിക്കുമായിരുന്നുള്ളു. അങ്ങനെയിരിക്കെ, പുതിയൊരു വിദ്ധ്വാൻ ഒരു വൈകുന്നേരം ഞങ്ങളുടെ പാടത്തെത്തി. ചീകിയൊതുക്കാൻ ശ്രമിച്ച മുള്ളൻ മുടിയും നെറ്റിയിൽ ചന്ദനക്കുറിയും പ്രസന്നതയാർന്ന മുഖവും. പരിചയപ്പെട്ടപ്പോൾ, അവന്റെ വീട് അല്പം മാറിയിട്ടാണെന്നും, പാടത്തിന്റെ തൊട്ടടുത്തുള്ള ഒരു തറവാട്ടിലെ അംഗമാണെന്നും മനസ്സിലായി. കടുകുമണി പോലുള്ള ഞങ്ങൾ ചെറിയ റാഗ്ഗിങ്ങൊക്കെ നടത്തിയ ശേഷം അവനെയും കളിക്കാൻ കൂട്ടി. വളരെ സ്‌നേഹപൂർണമായ പെരുമാറ്റവും, കളിക്കളത്തിലെ ആത്മാർത്ഥതയും (എന്ന് വെച്ചാൽ ക്രിക്കറ്റ് പന്ത് പിടിക്കാൻ വേണ്ടി ഓടിപ്പോയി വീഴലും, ചളിയിൽ കിടന്നുരുണ്ടുള്ള ഫുട്ബോൾ കളിയും അങ്ങനൊക്കെ) അവനെ ഞങ്ങളിലേക്ക് പെട്ടെന്ന് അടുപ്പിച്ചു. ഞാനും അപ്പോഴത്തെ എന്റെ വളരെയടുത്ത രണ്ടു കൂട്ടുകാരും (രണ്ടു പേരും മുസ്ലീങ്ങളായിരുന്നു) പിന്നെ ഇവനും പെട്ടെന്ന് തന്നെ ഒരു കെട്ടു പോലെയായി. അവധിദിവസങ്ങളിൽ രാവിലെ തന്നെ അവൻ ബസ് പിടിച്ചിട്ടോ നടന്നിട്ടോ ഞങ്ങളുടെ സ്ഥലത്തു വരും, കളി തുടങ്ങും. പലപ്പോഴും ഞങ്ങൾ, ഞങ്ങളുടെ കുട്ടി സൈക്കിളുകളും കൊണ്ട് അവനെ കൂട്ടികൊണ്ടു വരാനും പോകുമായിരുന്നു. വേനൽക്കാലങ്ങളിൽ പാടത്തും, അല്ലാത്തപ്പോ തെങ്ങിൻ തോപ്പിലും, ഇടവഴികളിലും, കുളക്കരകളിലും, കനാൽവരമ്പുകളിലും, ചാമ്പ്യൻസ് ലീഗും, ഐപിഎല്ലും, ലോകകപ്പുകളും മാറി മാറി അരങ്ങേറി. മഴയത്തു പുറത്തിറങ്ങാൻ പറ്റാത്ത ദിവസങ്ങളിൽ, തീപ്പെട്ടി പിക്ച്ചറും, ലേബിൽ കളിയും പോലുള്ള ഇൻഡോർ ഗെയിംസ്, കടത്തിണ്ണകളിലും, വീടുകളുടെ വരാന്തകളിലും, തകൃതിയായി നടന്നു.
അങ്ങനെയിരിക്കെ ഒരോണക്കാലം വന്നു. അത്തം മുതൽ പല വീടുകളിലും പൂക്കളങ്ങൾ ഒരുങ്ങിത്തുടങ്ങി. ഞങ്ങളുടെ പുതിയ സുഹൃത്ത് മുസ്ലീങ്ങളായ ഞങ്ങൾ മൂന്നെണ്ണത്തിനെയും ഓണത്തിനേക്ക് അവന്റെ വീട്ടിലേക്ക് ക്ഷണിച്ചു. ചെറിയ വീടാണെന്നും, ഉള്ള സ്ഥലത്തു നമുക്ക് അടിച്ചു പൊളിക്കാമെന്നും അവൻ പറഞ്ഞു. തിരുവോണത്തിന് കുറച്ചു ദിവസം മുൻപേ, വാശിപിടിച്ചും ബഹളം വെച്ചും ഒരു മുണ്ട് സംഘടിപ്പിച്ചു. അങ്ങനെ ആ സുദിനം വന്നെത്തി. മുണ്ടുടുത്തിട്ട് ചവിട്ടാൻ വയ്യാത്തോണ്ട്, സൈക്കിൾ വഴിയിൽ വെച്ചിട്ട് നടന്നു പോകേണ്ടി വന്നു. അത്രയും മോശം അവസ്ഥയിൽ ഉള്ള സൈക്കിൾ ആയോണ്ടും, അല്പം കുപ്രസിദ്ധി ഉള്ള ആ സൈക്കിൾ എന്റേതാണെന്നു അവിടെയുള്ള കടക്കാർക്കൊക്കെ അറിയുന്നത് കൊണ്ടും (എന്റെ അച്ഛൻ പലപ്പോഴും ആ സൈക്കിളും തോളത്ത് എടുത്തോണ്ട് സൈക്കിൾ റിപ്പയർ കടയിൽ പോകുന്നത്, ആ നാട്ടിലെ ഒരുവിധം എല്ലാരും കണ്ടുകാണും), ആരും എടുത്തോണ്ട് പോകും എന്ന പേടിയില്ലായിരുന്നു. വഴിയിൽ വെച്ച് സുഹൃത്തുക്കളെ കണ്ട്, അതിലൊരുത്തന്റെ സൈക്കിളിന്റെ പിറകിൽ കയറി യാത്ര തുടർന്നു. ആ ചെറിയ യാത്രയിൽ എത്ര തവണ മുണ്ടഴിഞ്ഞു വീണെന്ന് ഒരൂഹവുമില്ല. ആദ്യായിട്ടാണ് ഒരു വീട്ടിൽ ഓണാഘോഷത്തിനു പങ്കെടുക്കാൻ പോകുന്നത്. എന്താ നടക്കാൻ പോകുന്നതെന്ന് വലിയ പിടിയൊന്നുമില്ല. പൂക്കളൊന്നും വാങ്ങാൻ കാശില്ലാത്തതിനാൽ, വഴിയിൽ കണ്ട ചില ചാവാലി പൂക്കളും, ഇലകളും, കായകളും ഒക്കെ പറിച്ചോണ്ടാണ് ഈ പോക്ക്.
അവൻ അടയാളമായി പറഞ്ഞിരുന്ന ബസ് സ്റ്റോപ്പ് എത്താറായി. സുസ്മേരവദനനായി, റോഡരികിൽ തന്നെ അവൻ കാത്തുനിൽപ്പുണ്ടായിരുന്നു. വിശാലമായ പാടങ്ങൾ കീറിമുറിച്ചോണ്ട് പോകുന്ന ടാറിട്ട വഴിയിൽ നിന്നിറങ്ങി, അല്പം മുകളിലേക്ക് കയറിപ്പോകുന്ന വളഞ്ഞുപുളഞ്ഞൊരു ഇടവഴിയുടെ അറ്റത്തായിരുന്നു അവന്റെ വീട്. ആ വീടിനപ്പുറം താഴെയായി ഒരു കനാലും, അതിനും അപ്പുറത്തൊരു കുളവും ഉണ്ടായിരുന്നു. പെട്ടെന്ന് വാ എന്ന് പറഞ്ഞോണ്ട് ആ ഇടവഴിയിലെ കയറ്റം അവൻ ഓടിക്കയറി, പിന്നാലെ ഞങ്ങളും. വീടിന്റെ മുറ്റത്തെത്തിയപ്പോൾ, അവന്റെ അച്ഛനും അമ്മയും നിൽക്കുന്നത് കണ്ടു. പൂക്കളം ഇടാനായി ഞങ്ങളെ കാത്തിരിക്കുകയാണെന്ന് അവർ പറഞ്ഞു. ചെറിയൊരു വട്ടത്തിൽ പൂക്കളും, അതിന്റെ നടുക്കായി ഒരു റോസാപ്പൂവും കാണാൻ കഴിഞ്ഞു. ചേമ്പിന്റെ ഇലകൾ വെട്ടിത്തന്നു ഞങ്ങൾക്ക് ഇരിക്കാൻ. അച്ഛനും അമ്മയും ഞങ്ങൾ 4 കുട്ടികളും അങ്ങനെ പൂക്കളം ഒരുക്കാൻ തുടങ്ങി. അവർ, ഞങ്ങൾ കൊണ്ടുപോയ ഇലകളും പൂക്കളും അവിടെയും ഇവിടെയുമൊക്കെയായി കൊള്ളിച്ചു; ഞങ്ങളുടെ ഒരു സമാധാനത്തിന്. പിന്നെ ലുഡോ ബോർഡ് കളി തുടങ്ങി. അന്നത്തെ ദിവസത്തേക്ക് വേണ്ടി വാങ്ങിയതെന്ന് തോന്നിപ്പിക്കുന്ന ഒരു പുത്തൻ ലുഡോ ബോർഡ്. കളിക്കിടയിൽ ചായയും, ജാഗിരിയും (ഒരു തരം ജിലേബി), പായസവുമൊക്കെ വന്നുകൊണ്ടിരുന്നു. എനിക്ക് ജാഗിരി ഇഷ്ടമാണെന്നു എപ്പോഴോ അവനോട് പറഞ്ഞത് എനിക്കോർമ്മ വന്നു. ഭക്ഷണം പാകം ചെയ്യുന്ന മണമടിച്ചപ്പോൾ അത് ചിരപരിചിതമായ എന്തിന്റെയോ ആണല്ലോ എന്നെനിക്ക് തോന്നാതിരുന്നില്ല. അല്പം കഴിഞ്ഞപ്പോൾ അച്ഛനോടും മക്കളോടും വാഴയില വെട്ടിക്കൊണ്ടുവരാൻ അമ്മ വന്നു പറഞ്ഞു. അച്ഛൻ മുൻപേയും ഞങ്ങൾ പിറകിലുമായി പോയിട്ട് വാഴയിലകൾ വെട്ടിക്കൊണ്ടു വന്നു. ഞങ്ങളോടു പോയി കളിച്ചോളാനും, ഭക്ഷണം തയ്യാറാക്കിയിട്ട് അച്ഛനും അമ്മയും വരാമെന്നും പറഞ്ഞു. അവിടെ അടുത്തുള്ള പറമ്പിലൂടെയൊക്കെ ചുറ്റി നടന്ന്, കാണുന്നവർക്കെല്ലാം അവൻ അതീവ സന്തോഷത്തോടെ ഞങ്ങളെ പരിചയപ്പെടുത്തിക്കൊടുക്കുന്നുണ്ടായിരുന്നു. മക്കളേ എന്ന ഉറക്കെയുള്ള വിളികേട്ട്, ചോറായി എന്ന് പറഞ്ഞോണ്ട് അവൻ വീട്ടിലേക്കോടി, പിറകെ ഞങ്ങളും. ചെറിയ ആ നടുമുറിയിൽ തറയിലായി 4 ഇലകൾ ഇട്ടിരുന്നു. ഞങ്ങൾ കഴിച്ചതിനു ശേഷം അച്ഛനും അമ്മയും കഴിച്ചോളാമെന്ന് പറഞ്ഞു. ഞങ്ങളെല്ലാരും നിർബന്ധിച്ചപ്പോൾ ഒടുവിൽ അച്ഛൻ കൂടെയിരുന്നു.
ഇലകളിൽ കണ്ണും നട്ടിരുന്ന ഞങ്ങൾക്ക് മുൻപിലേക്ക് ആദ്യം വന്നു വീണത് വലിയുള്ളി (സവാള) ചേർത്ത തൈരായിരുന്നു. അതിനു പിന്നാലെ മാങ്ങാച്ചാറും, ചമ്മന്തിയും. എന്റെയും കൂടെ വന്നവരുടെയും മുഖത്തു ഒരു ചെറുചിരി വന്നു തുടങ്ങിയിരുന്നു. തലയുയർത്തി അവനെ നോക്കിയപ്പോൾ എങ്ങനുണ്ടെടാ എന്റെ സെറ്റപ്പ് എന്നൊരു ഭാവം അവന്റെ മുഖത്തും. വലിയൊരു പാത്രത്തിൽ ആവിപറക്കുന്ന ബിരിയാണിയുമായി, അമ്മ വീണ്ടും രംഗപ്രവേശം ചെയ്തു. ഞങ്ങളുടെയെല്ലാം മുഖത്ത് ബൾബ് കത്തിയ ഭാവം. മസാലകളും, കയമ അരിയും, കോഴിക്കഷണങ്ങളും ചേർന്ന് അവിടെയാകെ സുഗന്ധം പരത്തി; അതിൽ മയങ്ങി നിൽക്കുന്ന ഞാനുൾപ്പെടെയുള്ള കുറച്ചാത്മാക്കളും. വലിയ തവികളിൽ ബിരിയാണിയും വാത്സല്യവും ചേർത്ത്, ആ അമ്മ വിളമ്പി. ഏറ്റവും കൃത്യമായി വെന്ത അരിമണികളും, ഏറ്റവും നന്നായി യോജിപ്പിച്ച മസാലകളും, ഞങ്ങൾക്ക് സമ്മാനിച്ചത് അന്നോളം കഴിച്ചതിൽ വെച്ച് ഏറ്റവും നല്ല ബിരിയാണിയായിരുന്നു. അതിന്റെ രുചിയിൽ സന്തോഷം കൊണ്ട് കരഞ്ഞു പോകുമോ എന്ന് പോലും എനിക്ക് തോന്നിയിരുന്നു. കൂടെയുള്ളവരുടെ അവസ്ഥയും വ്യത്യസ്ഥമായിരുന്നില്ല. ഞങ്ങൾ ആർത്തിയോടെ കഴിക്കുന്നത് വാത്സല്യം നിറഞ്ഞ കണ്ണുകളോടെ ആ അച്ഛനും അമ്മയും നോക്കുന്നുണ്ടായിരുന്നു. വയറു നിറയെ ബിരിയാണി കഴിച്ച് ഞങ്ങൾ എഴുന്നേറ്റു. കൈകഴുകി വന്ന ഉടനെ, പുറത്തെ ബെഞ്ചിലും, അകത്തു വിരിച്ചിരുന്ന പായിലുമൊക്കെയായി കിടന്ന് ഞങ്ങൾ 4 പേരും ഉറക്കം പിടിച്ചു. വൈകുന്നേരം എണീറ്റപ്പോൾ അമ്മ നല്ല കട്ടൻ ചായ ഉണ്ടാക്കി തന്നു. അത് കുടിച്ചോണ്ടിരിക്കുമ്പോൾ അമ്മ പറഞ്ഞു, ഞങ്ങളെല്ലാരും ബിരിയാണി ഇഷ്ടപെടുന്ന ആൾക്കാരാണെന്നു അറിയാവുന്നതു കൊണ്ടാണ് അന്ന് ബിരിയാണി തന്നെ വച്ചതെന്ന്. ബിരിയാണി ഇഷ്ടപ്പെട്ടോ എന്ന ചോദ്യത്തിന് എങ്ങനെ മറുപടി പറയണം എന്നെനിക്ക് അറിയില്ലായിരുന്നു. ഞങ്ങളുടെ ആളുകൾ (മുസ്ലീങ്ങൾ) വെക്കുന്ന പോലെ ആയിട്ടുണ്ടാവില്ലെന്നും, എന്നാലും അമ്മയൊന്നു ശ്രമിച്ചു നോക്കിയതാണെന്നും പറഞ്ഞപ്പോൾ, ഇനിയും വന്നാൽ ഇത് പോലത്തെ ബിരിയാണി ഉണ്ടാക്കിതരണമെന്ന് ഞങ്ങൾ പറഞ്ഞു. ശരിക്കും, കോഴിക്കോട്ടെ തലമൂത്ത, എണ്ണം പറഞ്ഞ വെപ്പുകാർ ഉണ്ടാക്കുന്ന ബിരിയാണിയോട് കിടപിടിക്കുന്നതായിരുന്നു അന്ന് അമ്മ ഉണ്ടാക്കിയ ബിരിയാണി എന്ന കാര്യത്തിൽ എനിക്കിപ്പോഴും ഒരു സംശയവുമില്ല.
ആ അച്ഛന്റെയും അമ്മയുടെയും ഏകമകന്റെ, അക്കാലത്തെ ചുരുക്കം സുഹൃത്തുക്കളിൽ ഒരാളായിരിക്കാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്. ഞങ്ങളോട് അവർ എത്രത്തോളം സ്നേഹം കാണിച്ചു എന്നതിന്, ഞങ്ങളെ കാത്തിരുന്നു ഞങ്ങളോടൊപ്പം ഒരുക്കിയ പൂക്കളവും, അന്നേക്ക് വേണ്ടി വാങ്ങിയ ലുഡോ ബോർഡും, എനിക്കായി കരുതിയ ജാഗിരിയും, പിന്നെ അമ്മ ഞങ്ങൾക്കായി മാറ്റിവെച്ച ബിരിയാണി കൈപ്പുണ്യവും, മാത്രം മതി തെളിവായിട്ട്. ആ ബിരിയാണി, സദ്യയെന്ന യാഥാസ്ഥിതികതക്കു മേലെ ആ വീട്ടുകാർ ഞങ്ങളോടുള്ള സ്നേഹത്തിനും ഞങ്ങളുടെ രുചികൾക്കും എത്രത്തോളം പ്രാധാന്യം നൽകി എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു.
ഒരുപാട് വർഷങ്ങൾ ഓണത്തിനും വിഷുവിനും ഒക്കെയായി വീണ്ടും ഞങ്ങളവിടെ ഒത്തുകൂടി. ആഘോഷങ്ങളുടെ പേര് മാറിയെങ്കിലും, പൂക്കളത്തിനു പകരം മാലപ്പടക്കങ്ങൾ വന്നെങ്കിലും, ഒരു കാര്യത്തിന് മാത്രം മാറ്റമുണ്ടായിരുന്നില്ല; ഇലയിൽ സദ്യക്ക് പകരം ആ അമ്മ സ്നേഹത്തോടെ വിളമ്പുന്ന ബിരിയാണിക്കും, അതിന്റെ രുചിക്കും.
വാൽക്കഷ്ണം: ഇത് പോലുള്ള ബിരിയാണികൾ തിന്നു വളർന്ന ഞാൻ, മലബാറിനു താഴേക്കുള്ള പ്രദേശങ്ങളിലെ പല കടകളിലും പോയി, പൈൻ ആപ്പിളും, എസ്സെൻസും ഒക്കെയിട്ട് മധുരിപ്പിച്ച ബിരിയാണി കഴിച്ച്, ഇത് ബിരിയാണിയല്ല എന്ന് പറഞ്ഞു വഴക്കുണ്ടാക്കിയിട്ടുണ്ടെങ്കിൽ അതില് വലിയ അത്ഭുതമൊന്നുമില്ല. തീറ്റദോഷം കൊണ്ടാണെന്നു കരുതി ക്ഷമിച്ചേരെ.
അടിക്കുറിപ്പ്: ചെറുപ്പത്തിൽ ഞാനൊരു ബിരിയാണി ആയിരുന്നെങ്കിലും, ഇപ്പൊ ഞാൻ ബിരിയാണിയുമല്ല, വട്ടയപ്പവുമല്ല, സദ്യയുമല്ല. പണ്ട് പച്ച നിറത്തോട് ചെറിയ ചായ്‌വുണ്ടായിരുന്നെങ്കിലും, ഇപ്പൊ പച്ചയോ, ചുമപ്പൊ, കാവിയോ താൽപര്യമില്ല; പ്രത്യേക മമതയോ പുച്ഛമോ ഇല്ല. മിട്ടായി തെരുവും, സ്വരാജ് റൗണ്ടും, മട്ടാഞ്ചേരിയും, മുല്ലക്കലും, ചാല മാർക്കറ്റും ഒരു പോലെ പ്രിയങ്കരം; അത് പോലെ തന്നെ നരസിംഹ മന്നാടിയാരും, മംഗലശ്ശേരി നീലകണ്ഠനും.
യാഥാസ്ഥിതികതകളില്ലാത്ത, മുൻവിധികളില്ലാത്ത അഭിവാദ്യങ്ങൾ...





























Wednesday, August 24, 2016

ചീന്തിയെടുത്ത ഏടുകൾ - 1 - ചെമ്പകപ്പൂ

ചീന്തിയെടുത്ത ഏടുകളെ സൂക്ഷിച്ചു കൈകാര്യം ചെയ്യണം; അതിന്റെ വക്കുകളിൽ ഒരുപക്ഷേ  രക്തം പൊടിഞ്ഞ പാടുകൾ കണ്ടേക്കാം.

ചെമ്പകപ്പൂ

കുഞ്ഞുനാളിൽ അമ്മവീടിനടുത്തു കണ്ട ചില കാഴ്ചകൾ ഇന്ന് വീണ്ടും മനസ്സിലേക്ക് വന്നു, കാരണമറിയില്ല. കാഴ്ചകൾ എന്ന് മാത്രം പറഞ്ഞാൽ പോരാ, ചില വിളികൾ, ഒരു പക്ഷെ മൗനങ്ങളും, പിന്നെ ചെമ്പകപൂവിന്റെ മണവും.

വയനാട്ടിലെ ആ ചെറുപട്ടണത്തിൽ നിന്ന് അമ്മയുടെ വീട്ടിലേക്കു 2 വഴികളുണ്ടായിരുന്നു; 1) കാപ്പിത്തോട്ടങ്ങൾക്കു നടുവിലൂടെയുള്ള എപ്പോഴും ഇരുട്ട് വീണു കിടക്കുന്ന ഒരു വഴിയും 2) കുറച്ചു പാടങ്ങളും വാഴത്തോട്ടങ്ങളും ഒരു വശത്തും, കാപ്പിത്തോട്ടങ്ങൾ (ഈ കാപ്പിത്തോട്ടങ്ങൾ ആണ് 2  വഴികളെയും  വേർതിരിക്കുന്നത്)  മറുവശത്തും ഒക്കെ ആയിട്ടുള്ള, മണ്ണിട്ട മറ്റൊരു വഴിയും. ഈ രണ്ടു വഴികളും പട്ടണത്തിന്റെ രണ്ടറ്റത്താണ് ചെന്നെത്തുകയെങ്കിലും, എന്റെ വീടിനടുത്തെത്താറാകുമ്പോ ഈ വഴികൾ  ഏകദേശം സമാന്തരമാകുകയും വീട് കഴിഞ്ഞു അല്പദൂരം പിന്നിടുമ്പോൾ മണ്ണിട്ട വഴി മറ്റേ വഴിയിൽ ചേരുകയും ചെയ്യുന്നു. ഇരുൾ വഴിയുടെ ഓരത്തായിരുന്നു, ആ നാട്ടുകാർ അലക്കാനും കുളിക്കാനും എല്ലാം ആശ്രയിച്ചിരുന്ന ആ ചെറിയ പുഴ. മണ്ണിട്ട വഴിയുടെ ഓരത്തായിരുന്നു എന്റെ വീട്. ഇരുൾവഴിയിലൂടെ വീട്ടിലേക്ക് പോകുകയാണെങ്കിൽ, മേൽപറഞ്ഞ കവലയിൽ എത്തി അല്പം പിറകോട്ട് മണ്ണിട്ട വഴിയിലൂടെ പോയിട്ട് വേണം എത്താൻ. കാപ്പിത്തോട്ടത്തിന്റെ വീതി നേർത്തു വരികയാൽ, സ്വാഭാവികമായും എന്റെ വീടിനു മുന്നിൽ നിന്ന് നോക്കിയാൽ ഇരുൾവഴിയിലൂടെ വാഹനങ്ങൾ പോകുന്നത് കാപ്പിച്ചെടികൾക്കിടയിലൂടെ അവ്യക്തമായി കാണാമായിരുന്നു. വീടിനു മുൻപിലായി മണ്ണിട്ട വഴിയുടെ ഓരത്ത് കാപ്പിത്തോട്ടത്തിന്റെ ഉള്ളിലായി ഒരു പടുകൂറ്റൻ മരം ഉണ്ടായിരുന്നു. ഇരുൾവഴിയിലൂടെ പോകുമ്പോൾ ആ മരം ആയിരുന്നു വീടിന്റെ സ്ഥാനത്തിനുള്ള അടയാളമായി ഞാൻ കരുതിയിരുന്നത്. അവധിക്കാലം കഴിഞ്ഞു കോഴിക്കോട്ടേക്ക്‌ പോരുമ്പോൾ എല്ലാവരോടും യാത്ര പറഞ്ഞു ഇരുൾവഴിയിൽ കയറിയ ശേഷം ഞാൻ അമ്മയുടെ മടിയിലിരുന്ന് അതീവ ദുഃഖത്തോടെ ഈ മരത്തോട് കൈവീശി കാണിക്കുമായിരുന്നു.

ഞാൻ പറഞ്ഞു വരുന്നത് ഇരുൾ മൂടിയ ആ  വഴിയെയും വെളിച്ചമുള്ള രണ്ടാമത്തെ വഴിയെയും കുറിച്ചല്ല, അവയെ വേർതിരിക്കുന്ന കാപ്പിത്തോട്ടങ്ങളെ കുറിച്ചല്ല, ഇവയെ തമ്മിൽ ബന്ധിപ്പിച്ചിരുന്ന കുറച്ച് ജീവിതങ്ങളെ കുറിച്ചാണ്. നല്ല ഒത്തൊരുമയോടെ കഴിഞ്ഞിരുന്ന ആ നാട്ടുകാരുമായി എന്റെ വീടിനു നല്ല ബന്ധമായിരുന്നു. എനിക്കൊക്കെ ഓരോ നേരത്തും ഓരോ വീട്ടിൽ നിന്നായിരുന്നു ഊണ്. ഏതെങ്കിലും വീട്ടിൽ നിന്ന് ആരെങ്കിലുമൊക്കെ വന്നു എന്നെ അവരുടെ കൂടെ കൊണ്ട് പോകുകയും അവരുടെ കുട്ടികളുടെ കൂടെ ഇരുത്തി എനിക്ക് ഭക്ഷണം വാരിത്തരുകയും ചെയ്തിരുന്നു. പക്ഷെ, ഒരു വീട്ടിൽ നിന്ന് മാത്രം ഒരിക്കലും ആരും എന്നെ എടുത്ത് കൊണ്ടുപോകാൻ വന്നില്ല. എന്റെ അമ്മയോ മുത്തശ്ശനോ എന്നെ അങ്ങോട്ട് കൊണ്ട് പോയിട്ടുമില്ല. ആ വീട് മേല്പറഞ്ഞ വഴികളെ വേർതിരിക്കുന്ന കാപ്പിത്തോട്ടത്തിനുള്ളിൽ ആയിരുന്നു. ഇരുളിനെയും വെളിച്ചത്തിനെയും ബന്ധിപ്പിക്കാൻ ശ്രമിച്ച ആ വീട്ടിൽ ശരിക്കും ഇരുളായിരുന്നോ? അതോ വെളിച്ചമോ? അതോ രണ്ടിനും ഇടയിലുള്ള ഏതെന്നു തിരിച്ചറിയാൻ വയ്യാത്ത അവസ്ഥയോ? അങ്ങറ്റം പഴക്കം ചെന്നൊരു വീട്; മങ്ങിയ നീല നിറമായിരുന്നു ആ വീടിന്. ഇരുൾ വഴിയിലൂടെ പോകുമ്പോൾ ആ വീടിന്റെ മുൻവശവും മൺവഴിയിലൂടെ പോകുമ്പോൾ, വീടിന്റെ പിൻവശത്തെത്തി ചേരുന്ന വളഞ്ഞുപുളഞ്ഞൊരു നടപ്പാതയും, ചെടികൾ ഇടതൂർന്നു വളർന്നിരുന്ന ഒരു പറമ്പും ഒരു കിണറും കാണാമായിരുന്നു. ആ വീടിന്റെ തിണ്ണയിൽ എപ്പോഴും ഒരു വളരെ പഴയ മോഡൽ റേഡിയോ കാണാമായിരുന്നു; ആ വീട്ടിലെ മുത്തശ്ശന്റെ റേഡിയോ. ആ വീടിനു മുന്നിലൂടെ ഒരിക്കൽ നടന്നു പോയപ്പോൾ 'ചന്ദനമണിവാതിൽ പാതിചാരി' എന്ന പാട്ടു കേട്ടത് ഞാനോർക്കുന്നുണ്ട്. ആ വീട്ടിൽ നല്ല ഉയരമുള്ള, കാണാൻ നല്ല ഐശ്വര്യമുള്ള ഒരു ചേട്ടൻ ഉണ്ടായിരുന്നു. പാട്ടു പാടുന്നത് ആ ചേട്ടൻ ആണെന്നായിരുന്നു കുറെ കാലം ഞാൻ വിചാരിച്ചിരുന്നത്. ആ പാട്ടിന്റെ ദൃശ്യങ്ങൾ കണ്ടിരുന്നില്ലാത്തതിനാൽ അത് ചേട്ടനെ വെച്ചു ഞാൻ സങ്കല്പിച്ചിരുന്നു; ചേട്ടൻ കിണറ്റിന്റെ കരയിൽ നിന്ന് രാവിലെ പാടിയിരുന്ന പാട്ടായിരുന്നു എനിക്കത്. ആ വീടിനും പരിസരത്തിനും എപ്പോഴും ചെമ്പകപൂവിന്റെ ഗന്ധം ആയിരുന്നു. പക്ഷെ ആ വീട്ടിലോ മുറ്റത്തോ പറമ്പിലോ ഞാൻ ഒരിക്കലും ചെമ്പകപ്പൂക്കൾ കണ്ടിരുന്നില്ല. അവിടെ ഞാൻ കണ്ടിരുന്നത് സൂര്യകാന്തി പൂക്കൾ ആയിരുന്നു.

മൺവഴിയിലൂടെ പോകുമ്പോ ഒരിക്കൽ ചെമ്പകപ്പൂ തേടി ഞാൻ ആ വീടിന്റെ കിണറിന്റെ അടുത്തു വരെ പോയി നോക്കിയിരുന്നു. അതിന്റെ അപ്പുറത്തേക്ക് പോകാൻ എനിക്ക് തോന്നിയില്ല. ഒരു തരം ആജ്ഞാതമായ നിശബ്ദത ആയിരുന്നു അവിടെ; നേരത്തെ പറഞ്ഞ ഇരുളോ വെളിച്ചമോ എന്ന് തിരിച്ചറിയാൻ വയ്യാത്ത ഒരു തരം കാഴ്ച്ചയും.
ചെമ്പകപൂക്കളുടെ ഗന്ധം അന്തരീക്ഷത്തിൽ അലയടിച്ചിരുന്ന ഒരു സായാഹ്നത്തിൽ ഞാനാ കിണറിന്റെ അരികെ തേജോമയിയായ ഒരു രൂപം കണ്ടു. നന്നേ വെളുത്ത്, സുന്ദരിയായ, മുഖത്തൊരു കറുത്ത മറുകുള്ള സ്ത്രീ. അടിമുടി പ്രൗഢി വിളങ്ങിനിന്നിരുന്ന ഒരു രൂപം. അടുത്തെത്തിയപ്പോൾ ഞാനൊന്ന് ചിരിച്ചു. അവർ വിടർന്ന കണ്ണുകൾ കൊണ്ട് നോക്കുക മാത്രമേ ചെയ്തുള്ളൂ. വഴിനീളെ കാണുന്നവരോടെല്ലാം ടാറ്റ പറയുന്ന ശീലമുണ്ടായിരുന്ന ഞാൻ ഇവിടെയും അത് തന്നെ ആവർത്തിച്ചു; അവർ കണ്ണിമയ്ക്കാതെ നോക്കികൊണ്ടേയിരുന്നു. തിരിഞ്ഞു നോക്കി, എൻറെ കുഞ്ഞുകൈകൾ വിടർത്തി ഞാൻ വീണ്ടും വീശികാണിച്ചുവെന്നാണ് എന്റെ ഓർമ; അവർ നിർന്നിമേഷയായി നോക്കി നിന്നതേയുള്ളൂ. ഞാൻ തിരിഞ്ഞു മുന്നോട്ട് നടന്നു. ഒരിക്കൽ കൂടെ ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അവർ കൈ താഴ്ത്തുന്നത് ഞാൻ കണ്ടു. അപ്പോൾ അവർ കൈവീശിക്കാണില്ലേ? അത് ഞാൻ തിരിഞ്ഞു നടന്നപ്പോൾ കാണാതെ പോയതായിരിക്കാം. വീണ്ടും നടന്നു തുടങ്ങി. തിരിഞ്ഞു നോക്കിയപ്പോൾ ആ രൂപം അപ്രത്യക്ഷമായിരുന്നു. ചെരുപ്പിൽ എന്തോ തടഞ്ഞ പോലെ; നോക്കിയപ്പോൾ ചതഞ്ഞരഞ്ഞൊരു ചെമ്പകപ്പൂ...

ഞാൻ വീട്ടിൽ തിരിച്ചെത്തിയ ശേഷം അമ്മയോട് ആ സ്ത്രീയെ കുറിച്ച് ചോദിച്ചു. അവരെ ഞാൻ മുൻപൊരിക്കലും പുറത്തു കണ്ടിരുന്നില്ല. അമ്മ പറഞ്ഞു, ആ വീട്ടിലെ മുത്തശ്ശന്റെ ഇളയ മകൾ, പാട്ടുകാരൻ ചേട്ടന്റെ അനിയത്തി. മാനസിക അസ്വസ്ഥതകൾ കാരണം അവർ അധികം വീട്ടിനു പുറത്തിറങ്ങാറില്ലത്രേ. ഞാൻ അവരെ കണ്ടു എന്നു പറഞ്ഞത് അമ്മയ്ക്കും ചെറിയ അത്ഭുതമായിരുന്നു. അപൂർവമായി അവർ പുറത്തിറങ്ങിയ ഒരു വേളയിലായിരിക്കാം ഞാൻ അവരെ കണ്ടത്. മുത്തശ്ശി അപ്പോൾ വന്നു അമ്മയോട് പറയുന്നത് കേട്ടു, എന്തൊരു ഐശ്വര്യമാണ് ആ സ്ത്രീക്ക് എന്ന്. ഈ രോഗാവസ്ഥ കാരണം വിവാഹപ്രായമെല്ലാം കഴിഞ്ഞിട്ടും ആരും അവരെ സ്വീകരിക്കാൻ വരാതിരുന്നതിനെ പറ്റി അവർ സംസാരിക്കുന്നത് ഞാൻ കേട്ടു. ഞാൻ ആ കണ്ണുകളിലെ പ്രകാശത്തെ കുറിച്ചോർത്തു. അണിഞ്ഞൊരുങ്ങി നിന്നിരുന്ന അവരുടെ രൂപത്തെ കുറിച്ചോർത്തു. അവർ എപ്പോഴും അങ്ങനെ ആയിരുന്നത്രേ, നല്ല ഭംഗിയുള്ള വസ്ത്രങ്ങളെല്ലാം ധരിച്ച്; ആഭരണങ്ങളെല്ലാമണിഞ്ഞു കൊണ്ട് മാത്രമേ എല്ലാവരും അവരെ കണ്ടിട്ടുള്ളുവത്രേ. ഒരു പക്ഷെ കല്യാണപല്ലക്കിലേറാൻ അവർ എല്ലായ്‌പോഴും ഒരുങ്ങിനിന്നിരുന്നതാവുമോ? അടുത്ത വീട്ടിലെ ബഹളം എന്നെ ചിന്തകളിൽ നിന്നുണർത്തി. അവിടെ ഒരു മുത്തശ്ശി അലക്കുകല്ലിൽ തുണികൾ അടിച്ചുകഴുകി കൊണ്ടിരിക്കുന്നു. അവരുടെ പേരമകനെ അവിടെ ഷഡ്ഢിപ്പുറത്ത് നിർത്തിയിട്ടുണ്ട്. എണ്ണ തേൽപ്പിച്ചു കുളിപ്പിക്കാൻ വേണ്ടി നിർത്തിയിരിക്കുകയാണ്. നിറയെ എണ്ണയിൽ കുളിച്ച അവനെ കാണാൻ പഴംപൊരി പോലുണ്ടായിരുന്നു. മുത്തശ്ശി തുണികൾ നനച്ചു കല്ലിൽ അടിക്കുമ്പോൾ അവൻ ഉറക്കെ കൊല്ല് കൊല്ല് എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. അവന്റെ വിചാരം ഓരോ ഉപയോഗത്തിന് ശേഷവും തുണികളെ അല്പം വെള്ളം കൊടുത്ത് തല്ലിക്കൊല്ലുകയായിരിക്കും എന്നാവും.

ഇരുൾ വഴിയിലൂടെയും മൺവഴിയിലൂടെയും നടക്കുമ്പോൾ പലപ്പോഴും സാരി അണിഞ്ഞ ആ രൂപം ചെമ്പകപ്പൂ മണമുള്ള ആ വീടിന്റെ അകത്തളങ്ങളിൽ ഒരു നിഴലുപോലെ നടന്നു നീങ്ങുന്നത് ഞാൻ കണ്ടിരുന്നു. ഞാൻ വളർന്നു, ആ നാട്ടിൽ നിന്ന് നഗരത്തിലേക്ക്. നാട്ടിലേക്കുള്ള യാത്രകൾ കുറഞ്ഞു. ഇടക്കുള്ള സന്ദർശനങ്ങളിലൊന്നും അവരെ പറ്റി ആരും ഒന്നും പറഞ്ഞു കേട്ടില്ല. ഞാൻ അന്വേഷിച്ചിരുന്നുമില്ല. ഇരുൾവഴിയിലൂടെ നടന്നപ്പോൾ ഞാനാ തിണ്ണയിൽ റേഡിയോ കണ്ടില്ല. 'ചന്ദനമണിവാതിൽ പാതിചാരി' എന്ന പാട്ട് ഇന്നെന്റെ ഫോണിൽ കിടപ്പുണ്ട്, പക്ഷെ, ആ വീട്ടിൽ നിന്ന് പിന്നീട് ആ പാട്ട് ഞാൻ കേട്ടില്ല. എവിടെയെങ്കിലും യാത്ര പോകണം എന്ന് വിചാരിക്കുമ്പോൾ, ഭംഗിയുള്ള സ്ഥലങ്ങളെ കുറിച്ചോർക്കുമ്പോൾ പലപ്പോഴും എന്റെ ചിന്തകൾ, ആ വീടിന്റെ ഇരുൾമൂടിയ മുറ്റവും സൂര്യകാന്തിപ്പൂക്കൾ വിരിഞ്ഞു നിന്നിരുന്ന, നിറയെ ചെടിപ്പടർപ്പുകൾ ഉണ്ടായിരുന്ന ആ പറമ്പും, ആ കിണറും, ചെമ്പകപ്പൂവിന്റെ മണവും തേടി പോകാറുണ്ട്. പ്രൗഢയായ, സുന്ദരിയായ ആ സ്ത്രീ, അവരുടെ അസുഖങ്ങൾ എല്ലാം മാറി, ഇപ്പോ നല്ലൊരു ജീവിതം നയിക്കുന്നുണ്ടാകും, അങ്ങനെയായിരിക്കണേ എന്ന് ഞാൻ ആഗ്രഹിക്കുന്നു. അവിടെ ചെമ്പകപ്പൂക്കൾ പൂത്തുതളിർത്തു നിൽക്കുന്നുണ്ടാകട്ടെ.  ചെമ്പകപ്പൂങ്കാറ്റിന്റെ സുഗന്ധം അവിടെയെങ്ങും അലയടിക്കുന്നുണ്ടാകട്ടെ.