ചീന്തിയെടുത്ത ഏടുകളെ സൂക്ഷിച്ചു കൈകാര്യം ചെയ്യണം; അതിന്റെ വക്കുകളിൽ ഒരുപക്ഷേ രക്തം പൊടിഞ്ഞ പാടുകൾ കണ്ടേക്കാം.
കുഞ്ഞുനാളിൽ അമ്മവീടിനടുത്തു കണ്ട ചില കാഴ്ചകൾ ഇന്ന് വീണ്ടും മനസ്സിലേക്ക് വന്നു, കാരണമറിയില്ല. കാഴ്ചകൾ എന്ന് മാത്രം പറഞ്ഞാൽ പോരാ, ചില വിളികൾ, ഒരു പക്ഷെ മൗനങ്ങളും, പിന്നെ ചെമ്പകപൂവിന്റെ മണവും.
വയനാട്ടിലെ ആ ചെറുപട്ടണത്തിൽ നിന്ന് അമ്മയുടെ വീട്ടിലേക്കു 2 വഴികളുണ്ടായിരുന്നു; 1) കാപ്പിത്തോട്ടങ്ങൾക്കു നടുവിലൂടെയുള്ള എപ്പോഴും ഇരുട്ട് വീണു കിടക്കുന്ന ഒരു വഴിയും 2) കുറച്ചു പാടങ്ങളും വാഴത്തോട്ടങ്ങളും ഒരു വശത്തും, കാപ്പിത്തോട്ടങ്ങൾ (ഈ കാപ്പിത്തോട്ടങ്ങൾ ആണ് 2 വഴികളെയും വേർതിരിക്കുന്നത്) മറുവശത്തും ഒക്കെ ആയിട്ടുള്ള, മണ്ണിട്ട മറ്റൊരു വഴിയും. ഈ രണ്ടു വഴികളും പട്ടണത്തിന്റെ രണ്ടറ്റത്താണ് ചെന്നെത്തുകയെങ്കിലും, എന്റെ വീടിനടുത്തെത്താറാകുമ്പോ ഈ വഴികൾ ഏകദേശം സമാന്തരമാകുകയും വീട് കഴിഞ്ഞു അല്പദൂരം പിന്നിടുമ്പോൾ മണ്ണിട്ട വഴി മറ്റേ വഴിയിൽ ചേരുകയും ചെയ്യുന്നു. ഇരുൾ വഴിയുടെ ഓരത്തായിരുന്നു, ആ നാട്ടുകാർ അലക്കാനും കുളിക്കാനും എല്ലാം ആശ്രയിച്ചിരുന്ന ആ ചെറിയ പുഴ. മണ്ണിട്ട വഴിയുടെ ഓരത്തായിരുന്നു എന്റെ വീട്. ഇരുൾവഴിയിലൂടെ വീട്ടിലേക്ക് പോകുകയാണെങ്കിൽ, മേൽപറഞ്ഞ കവലയിൽ എത്തി അല്പം പിറകോട്ട് മണ്ണിട്ട വഴിയിലൂടെ പോയിട്ട് വേണം എത്താൻ. കാപ്പിത്തോട്ടത്തിന്റെ വീതി നേർത്തു വരികയാൽ, സ്വാഭാവികമായും എന്റെ വീടിനു മുന്നിൽ നിന്ന് നോക്കിയാൽ ഇരുൾവഴിയിലൂടെ വാഹനങ്ങൾ പോകുന്നത് കാപ്പിച്ചെടികൾക്കിടയിലൂടെ അവ്യക്തമായി കാണാമായിരുന്നു. വീടിനു മുൻപിലായി മണ്ണിട്ട വഴിയുടെ ഓരത്ത് കാപ്പിത്തോട്ടത്തിന്റെ ഉള്ളിലായി ഒരു പടുകൂറ്റൻ മരം ഉണ്ടായിരുന്നു. ഇരുൾവഴിയിലൂടെ പോകുമ്പോൾ ആ മരം ആയിരുന്നു വീടിന്റെ സ്ഥാനത്തിനുള്ള അടയാളമായി ഞാൻ കരുതിയിരുന്നത്. അവധിക്കാലം കഴിഞ്ഞു കോഴിക്കോട്ടേക്ക് പോരുമ്പോൾ എല്ലാവരോടും യാത്ര പറഞ്ഞു ഇരുൾവഴിയിൽ കയറിയ ശേഷം ഞാൻ അമ്മയുടെ മടിയിലിരുന്ന് അതീവ ദുഃഖത്തോടെ ഈ മരത്തോട് കൈവീശി കാണിക്കുമായിരുന്നു.
ഞാൻ പറഞ്ഞു വരുന്നത് ഇരുൾ മൂടിയ ആ വഴിയെയും വെളിച്ചമുള്ള രണ്ടാമത്തെ വഴിയെയും കുറിച്ചല്ല, അവയെ വേർതിരിക്കുന്ന കാപ്പിത്തോട്ടങ്ങളെ കുറിച്ചല്ല, ഇവയെ തമ്മിൽ ബന്ധിപ്പിച്ചിരുന്ന കുറച്ച് ജീവിതങ്ങളെ കുറിച്ചാണ്. നല്ല ഒത്തൊരുമയോടെ കഴിഞ്ഞിരുന്ന ആ നാട്ടുകാരുമായി എന്റെ വീടിനു നല്ല ബന്ധമായിരുന്നു. എനിക്കൊക്കെ ഓരോ നേരത്തും ഓരോ വീട്ടിൽ നിന്നായിരുന്നു ഊണ്. ഏതെങ്കിലും വീട്ടിൽ നിന്ന് ആരെങ്കിലുമൊക്കെ വന്നു എന്നെ അവരുടെ കൂടെ കൊണ്ട് പോകുകയും അവരുടെ കുട്ടികളുടെ കൂടെ ഇരുത്തി എനിക്ക് ഭക്ഷണം വാരിത്തരുകയും ചെയ്തിരുന്നു. പക്ഷെ, ഒരു വീട്ടിൽ നിന്ന് മാത്രം ഒരിക്കലും ആരും എന്നെ എടുത്ത് കൊണ്ടുപോകാൻ വന്നില്ല. എന്റെ അമ്മയോ മുത്തശ്ശനോ എന്നെ അങ്ങോട്ട് കൊണ്ട് പോയിട്ടുമില്ല. ആ വീട് മേല്പറഞ്ഞ വഴികളെ വേർതിരിക്കുന്ന കാപ്പിത്തോട്ടത്തിനുള്ളിൽ ആയിരുന്നു. ഇരുളിനെയും വെളിച്ചത്തിനെയും ബന്ധിപ്പിക്കാൻ ശ്രമിച്ച ആ വീട്ടിൽ ശരിക്കും ഇരുളായിരുന്നോ? അതോ വെളിച്ചമോ? അതോ രണ്ടിനും ഇടയിലുള്ള ഏതെന്നു തിരിച്ചറിയാൻ വയ്യാത്ത അവസ്ഥയോ? അങ്ങറ്റം പഴക്കം ചെന്നൊരു വീട്; മങ്ങിയ നീല നിറമായിരുന്നു ആ വീടിന്. ഇരുൾ വഴിയിലൂടെ പോകുമ്പോൾ ആ വീടിന്റെ മുൻവശവും മൺവഴിയിലൂടെ പോകുമ്പോൾ, വീടിന്റെ പിൻവശത്തെത്തി ചേരുന്ന വളഞ്ഞുപുളഞ്ഞൊരു നടപ്പാതയും, ചെടികൾ ഇടതൂർന്നു വളർന്നിരുന്ന ഒരു പറമ്പും ഒരു കിണറും കാണാമായിരുന്നു. ആ വീടിന്റെ തിണ്ണയിൽ എപ്പോഴും ഒരു വളരെ പഴയ മോഡൽ റേഡിയോ കാണാമായിരുന്നു; ആ വീട്ടിലെ മുത്തശ്ശന്റെ റേഡിയോ. ആ വീടിനു മുന്നിലൂടെ ഒരിക്കൽ നടന്നു പോയപ്പോൾ 'ചന്ദനമണിവാതിൽ പാതിചാരി' എന്ന പാട്ടു കേട്ടത് ഞാനോർക്കുന്നുണ്ട്. ആ വീട്ടിൽ നല്ല ഉയരമുള്ള, കാണാൻ നല്ല ഐശ്വര്യമുള്ള ഒരു ചേട്ടൻ ഉണ്ടായിരുന്നു. പാട്ടു പാടുന്നത് ആ ചേട്ടൻ ആണെന്നായിരുന്നു കുറെ കാലം ഞാൻ വിചാരിച്ചിരുന്നത്. ആ പാട്ടിന്റെ ദൃശ്യങ്ങൾ കണ്ടിരുന്നില്ലാത്തതിനാൽ അത് ചേട്ടനെ വെച്ചു ഞാൻ സങ്കല്പിച്ചിരുന്നു; ചേട്ടൻ കിണറ്റിന്റെ കരയിൽ നിന്ന് രാവിലെ പാടിയിരുന്ന പാട്ടായിരുന്നു എനിക്കത്. ആ വീടിനും പരിസരത്തിനും എപ്പോഴും ചെമ്പകപൂവിന്റെ ഗന്ധം ആയിരുന്നു. പക്ഷെ ആ വീട്ടിലോ മുറ്റത്തോ പറമ്പിലോ ഞാൻ ഒരിക്കലും ചെമ്പകപ്പൂക്കൾ കണ്ടിരുന്നില്ല. അവിടെ ഞാൻ കണ്ടിരുന്നത് സൂര്യകാന്തി പൂക്കൾ ആയിരുന്നു.
മൺവഴിയിലൂടെ പോകുമ്പോ ഒരിക്കൽ ചെമ്പകപ്പൂ തേടി ഞാൻ ആ വീടിന്റെ കിണറിന്റെ അടുത്തു വരെ പോയി നോക്കിയിരുന്നു. അതിന്റെ അപ്പുറത്തേക്ക് പോകാൻ എനിക്ക് തോന്നിയില്ല. ഒരു തരം ആജ്ഞാതമായ നിശബ്ദത ആയിരുന്നു അവിടെ; നേരത്തെ പറഞ്ഞ ഇരുളോ വെളിച്ചമോ എന്ന് തിരിച്ചറിയാൻ വയ്യാത്ത ഒരു തരം കാഴ്ച്ചയും.
ചെമ്പകപൂക്കളുടെ ഗന്ധം അന്തരീക്ഷത്തിൽ അലയടിച്ചിരുന്ന ഒരു സായാഹ്നത്തിൽ ഞാനാ കിണറിന്റെ അരികെ തേജോമയിയായ ഒരു രൂപം കണ്ടു. നന്നേ വെളുത്ത്, സുന്ദരിയായ, മുഖത്തൊരു കറുത്ത മറുകുള്ള സ്ത്രീ. അടിമുടി പ്രൗഢി വിളങ്ങിനിന്നിരുന്ന ഒരു രൂപം. അടുത്തെത്തിയപ്പോൾ ഞാനൊന്ന് ചിരിച്ചു. അവർ വിടർന്ന കണ്ണുകൾ കൊണ്ട് നോക്കുക മാത്രമേ ചെയ്തുള്ളൂ. വഴിനീളെ കാണുന്നവരോടെല്ലാം ടാറ്റ പറയുന്ന ശീലമുണ്ടായിരുന്ന ഞാൻ ഇവിടെയും അത് തന്നെ ആവർത്തിച്ചു; അവർ കണ്ണിമയ്ക്കാതെ നോക്കികൊണ്ടേയിരുന്നു. തിരിഞ്ഞു നോക്കി, എൻറെ കുഞ്ഞുകൈകൾ വിടർത്തി ഞാൻ വീണ്ടും വീശികാണിച്ചുവെന്നാണ് എന്റെ ഓർമ; അവർ നിർന്നിമേഷയായി നോക്കി നിന്നതേയുള്ളൂ. ഞാൻ തിരിഞ്ഞു മുന്നോട്ട് നടന്നു. ഒരിക്കൽ കൂടെ ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അവർ കൈ താഴ്ത്തുന്നത് ഞാൻ കണ്ടു. അപ്പോൾ അവർ കൈവീശിക്കാണില്ലേ? അത് ഞാൻ തിരിഞ്ഞു നടന്നപ്പോൾ കാണാതെ പോയതായിരിക്കാം. വീണ്ടും നടന്നു തുടങ്ങി. തിരിഞ്ഞു നോക്കിയപ്പോൾ ആ രൂപം അപ്രത്യക്ഷമായിരുന്നു. ചെരുപ്പിൽ എന്തോ തടഞ്ഞ പോലെ; നോക്കിയപ്പോൾ ചതഞ്ഞരഞ്ഞൊരു ചെമ്പകപ്പൂ...
ഞാൻ വീട്ടിൽ തിരിച്ചെത്തിയ ശേഷം അമ്മയോട് ആ സ്ത്രീയെ കുറിച്ച് ചോദിച്ചു. അവരെ ഞാൻ മുൻപൊരിക്കലും പുറത്തു കണ്ടിരുന്നില്ല. അമ്മ പറഞ്ഞു, ആ വീട്ടിലെ മുത്തശ്ശന്റെ ഇളയ മകൾ, പാട്ടുകാരൻ ചേട്ടന്റെ അനിയത്തി. മാനസിക അസ്വസ്ഥതകൾ കാരണം അവർ അധികം വീട്ടിനു പുറത്തിറങ്ങാറില്ലത്രേ. ഞാൻ അവരെ കണ്ടു എന്നു പറഞ്ഞത് അമ്മയ്ക്കും ചെറിയ അത്ഭുതമായിരുന്നു. അപൂർവമായി അവർ പുറത്തിറങ്ങിയ ഒരു വേളയിലായിരിക്കാം ഞാൻ അവരെ കണ്ടത്. മുത്തശ്ശി അപ്പോൾ വന്നു അമ്മയോട് പറയുന്നത് കേട്ടു, എന്തൊരു ഐശ്വര്യമാണ് ആ സ്ത്രീക്ക് എന്ന്. ഈ രോഗാവസ്ഥ കാരണം വിവാഹപ്രായമെല്ലാം കഴിഞ്ഞിട്ടും ആരും അവരെ സ്വീകരിക്കാൻ വരാതിരുന്നതിനെ പറ്റി അവർ സംസാരിക്കുന്നത് ഞാൻ കേട്ടു. ഞാൻ ആ കണ്ണുകളിലെ പ്രകാശത്തെ കുറിച്ചോർത്തു. അണിഞ്ഞൊരുങ്ങി നിന്നിരുന്ന അവരുടെ രൂപത്തെ കുറിച്ചോർത്തു. അവർ എപ്പോഴും അങ്ങനെ ആയിരുന്നത്രേ, നല്ല ഭംഗിയുള്ള വസ്ത്രങ്ങളെല്ലാം ധരിച്ച്; ആഭരണങ്ങളെല്ലാമണിഞ്ഞു കൊണ്ട് മാത്രമേ എല്ലാവരും അവരെ കണ്ടിട്ടുള്ളുവത്രേ. ഒരു പക്ഷെ കല്യാണപല്ലക്കിലേറാൻ അവർ എല്ലായ്പോഴും ഒരുങ്ങിനിന്നിരുന്നതാവുമോ? അടുത്ത വീട്ടിലെ ബഹളം എന്നെ ചിന്തകളിൽ നിന്നുണർത്തി. അവിടെ ഒരു മുത്തശ്ശി അലക്കുകല്ലിൽ തുണികൾ അടിച്ചുകഴുകി കൊണ്ടിരിക്കുന്നു. അവരുടെ പേരമകനെ അവിടെ ഷഡ്ഢിപ്പുറത്ത് നിർത്തിയിട്ടുണ്ട്. എണ്ണ തേൽപ്പിച്ചു കുളിപ്പിക്കാൻ വേണ്ടി നിർത്തിയിരിക്കുകയാണ്. നിറയെ എണ്ണയിൽ കുളിച്ച അവനെ കാണാൻ പഴംപൊരി പോലുണ്ടായിരുന്നു. മുത്തശ്ശി തുണികൾ നനച്ചു കല്ലിൽ അടിക്കുമ്പോൾ അവൻ ഉറക്കെ കൊല്ല് കൊല്ല് എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. അവന്റെ വിചാരം ഓരോ ഉപയോഗത്തിന് ശേഷവും തുണികളെ അല്പം വെള്ളം കൊടുത്ത് തല്ലിക്കൊല്ലുകയായിരിക്കും എന്നാവും.
ഇരുൾ വഴിയിലൂടെയും മൺവഴിയിലൂടെയും നടക്കുമ്പോൾ പലപ്പോഴും സാരി അണിഞ്ഞ ആ രൂപം ചെമ്പകപ്പൂ മണമുള്ള ആ വീടിന്റെ അകത്തളങ്ങളിൽ ഒരു നിഴലുപോലെ നടന്നു നീങ്ങുന്നത് ഞാൻ കണ്ടിരുന്നു. ഞാൻ വളർന്നു, ആ നാട്ടിൽ നിന്ന് നഗരത്തിലേക്ക്. നാട്ടിലേക്കുള്ള യാത്രകൾ കുറഞ്ഞു. ഇടക്കുള്ള സന്ദർശനങ്ങളിലൊന്നും അവരെ പറ്റി ആരും ഒന്നും പറഞ്ഞു കേട്ടില്ല. ഞാൻ അന്വേഷിച്ചിരുന്നുമില്ല. ഇരുൾവഴിയിലൂടെ നടന്നപ്പോൾ ഞാനാ തിണ്ണയിൽ റേഡിയോ കണ്ടില്ല. 'ചന്ദനമണിവാതിൽ പാതിചാരി' എന്ന പാട്ട് ഇന്നെന്റെ ഫോണിൽ കിടപ്പുണ്ട്, പക്ഷെ, ആ വീട്ടിൽ നിന്ന് പിന്നീട് ആ പാട്ട് ഞാൻ കേട്ടില്ല. എവിടെയെങ്കിലും യാത്ര പോകണം എന്ന് വിചാരിക്കുമ്പോൾ, ഭംഗിയുള്ള സ്ഥലങ്ങളെ കുറിച്ചോർക്കുമ്പോൾ പലപ്പോഴും എന്റെ ചിന്തകൾ, ആ വീടിന്റെ ഇരുൾമൂടിയ മുറ്റവും സൂര്യകാന്തിപ്പൂക്കൾ വിരിഞ്ഞു നിന്നിരുന്ന, നിറയെ ചെടിപ്പടർപ്പുകൾ ഉണ്ടായിരുന്ന ആ പറമ്പും, ആ കിണറും, ചെമ്പകപ്പൂവിന്റെ മണവും തേടി പോകാറുണ്ട്. പ്രൗഢയായ, സുന്ദരിയായ ആ സ്ത്രീ, അവരുടെ അസുഖങ്ങൾ എല്ലാം മാറി, ഇപ്പോ നല്ലൊരു ജീവിതം നയിക്കുന്നുണ്ടാകും, അങ്ങനെയായിരിക്കണേ എന്ന് ഞാൻ ആഗ്രഹിക്കുന്നു. അവിടെ ചെമ്പകപ്പൂക്കൾ പൂത്തുതളിർത്തു നിൽക്കുന്നുണ്ടാകട്ടെ. ചെമ്പകപ്പൂങ്കാറ്റിന്റെ സുഗന്ധം അവിടെയെങ്ങും അലയടിക്കുന്നുണ്ടാകട്ടെ.
ചെമ്പകപ്പൂ

വളരെ ലളിതവും മനോഹരമായിട്ടുണ്ട്. ഇനിയും സമയം കിട്ടുമ്പോൾ എഴുതുക...
ReplyDeleteThanks man
DeleteNice writing as usual... Keep it up boss...
ReplyDeleteThanks ji
DeleteGood One
ReplyDeleteThank you bhai
DeleteNice writing bhai... As always :)
ReplyDeleteThanks bro :-)
DeleteNice :)
ReplyDeleteThank you Athul :-)
DeleteNice one da... you took me to the lush green kaappithottam, chembakapoo and the beautiful lady....
ReplyDeleteDon't stay back :P
DeleteThanks Viswan
Nannayitundd Machanee....
ReplyDeleteThanks Sshhonu
DeleteNice narration
ReplyDelete