Friday, July 8, 2022

കൊക്കാത്തോട് ഗ്രാമവും വാഴയിലയിൽ പൊതിഞ്ഞ ഇറച്ചിയും

കൊക്കാത്തോട് ഗ്രാമവും വാഴയിൽ പൊതിഞ്ഞ ഇറച്ചിയും

സ്ഥലപ്പേര് കണ്ടു കൊതിച്ചു നടത്തിയ ഒരു കുഞ്ഞു യാത്ര :)

വിഷുവിന് എനിക്കൊരു പതിവുണ്ട്. ഉണർന്നാൽ, കണ്ണടച്ചു പിടിച്ചോണ്ട്, ഉറക്കെ അമ്മയെ വിളിക്കും. അമ്മ അടുത്തെത്തി എന്ന് മനസ്സിലാകുമ്പോൾ കണ്ണ് തുറന്ന്, അമ്മയെ കണി കാണും. വീട്ടിൽ ഉള്ളപ്പോഴെല്ലാം വിഷുവിനു പതിവ് ഇത് തന്നെയാണ്.

2017 ലെ വിഷുവിന്റെ തലേ ദിവസം. രാത്രി ഞാൻ അങ്കമാലി സ്റ്റാൻഡിൽ നിൽപ്പാണ്. KSRTC  സ്റ്റാൻഡിൽ എത്തുമ്പോ സ്ഥിരമായി അനുഭവിക്കാറുള്ള കടുത്ത മാനസിക സംഘർഷം അന്നും ഉണ്ട്; വീട്ടിൽ പോണോ? ആഗ്രഹമുള്ള ഏതേലും സ്ഥലത്തു പോണോ? അതോ അപ്പൊ കാണുന്ന ഏതേലും ബസിൽ കേറി എങ്ങോട്ടേലും പോണോ? സമയം ഏകദേശം ഒരു 12 ആകാറായി കാണും. അവസാനം വീട്ടിൽ പോകാമെന്നു വെച്ച് വണ്ടി കയറി, തൃശൂർക്ക്. ടിക്കറ്റ് എടുത്തു കുറച്ചു കഴിഞ്ഞപ്പോൾ മനസ്സിൽ വീണ്ടും വടംവലി; വേറെ എങ്ങോട്ടേലും പോണം. അവസാനം വീട് തോറ്റു, പത്തനംതിട്ട ജയിച്ചു. പത്തനംതിട്ട എന്നും പ്രിയപ്പെട്ടതാണേലും, അന്ന് അതെങ്ങനെ തലയിൽ വന്നു എന്നറിയില്ല. ചാലക്കുടിയിൽ ബസ് ഇറങ്ങിയപ്പോൾ കണ്ടക്ടർ ഒന്ന് നോക്കി. അവിടുന്ന് അല്പം കഴിഞ്ഞപ്പോൾ പത്തനംതിട്ടക്ക് ബസ് കിട്ടി. ഒരു കണക്കിന് അത് നന്നായി; അങ്കമാലി എത്തിയപ്പോൾ കുറെ പേര് ഇറങ്ങിയതുകൊണ്ട് സീറ്റ് കിട്ടി. ഇറങ്ങിയതിന്റെ ഇരട്ടി ആൾക്കാർ അവിടുന്ന് കേറി.

പുലർച്ചെ 5 മണിയോടെ പത്തനംതിട്ട എത്തി. അവിടെ എത്തിയപ്പോഴേക്കും പ്ലാൻ ഏകദേശം സെറ്റ് ആയിരുന്നു. രാവിലെ ഇറങ്ങുക, കോന്നി പോകുക, മല്ലപ്പളിയിലുള്ള സുഹൃത്തിനെ പോയി വെറുപ്പിക്കുക, അടവി പോകുക, പിറ്റേന്ന് രാവിലത്തെ ബസിൽ ഗവി പോകുക, അവിടുന്ന് കുമളി കേറിയിട്ട്, കട്ടപ്പന - ഇടുക്കി - തൊടുപുഴ വഴിയോ, കട്ടപ്പന - വാഗമൺ - ഈരാറ്റുപേട്ട വഴിയോ കൊച്ചിക്ക് പോകുക. നേരം വെളുത്തിട്ടില്ല; റോഡിലൂടെ ചുമ്മാ അങ്ങനെ നടന്നപ്പോഴാണ് വിഷുക്കണിയുടെ കാര്യം ഓർമ വന്നത്.  പറ്റിയൊരു കണി തേടി കുറച്ചു ചുറ്റി. അവസാനം, ആ സമയത്തു നട തുറന്നിരുന്ന ഒരു കുഞ്ഞു ക്ഷേത്രത്തിലെ ദീപം കണിയായിട്ട് കണ്ടു.

റൂമെടുത്തു കുറച്ചു നേരം ഉറങ്ങി, ഫ്രഷ് ആയിട്ട് രാവിലെ കോന്നിക്ക് പോയി. ആനക്കൊട്ടിൽ കണ്ടു; അതിനെ കുറിച്ച് കാര്യായിട്ട് എഴുതുന്നില്ല. ഇനിയിപ്പോ എന്ത് ചെയ്യണം എന്ന് വീണ്ടും ആശയക്കുഴപ്പം. മല്ലപ്പള്ളിക്ക് പോകണ്ട എന്ന് വെച്ചു. അടവിയിൽ പോകുവാണേൽ വൈകുന്നേരം പോണം. ഇതിപ്പോ ഒരു 3 - 4 മണിക്കൂർ സമയം ഉണ്ട്, വെറുതെ. ബസ് സ്റ്റാൻഡിൽ ചുമ്മാ കറങ്ങിയടിച്ചു നിന്നപ്പോൾ, ഒരു KSRTC വന്നു നിർത്തിയിട്ടതു കണ്ടു. ബോർഡ് പോയി നോക്കി - കൊക്കാത്തോട്. പേര് കൊള്ളാം, മുൻപ് കേട്ടിട്ടും ഇല്ല. വഴിയിലുള്ള സ്ഥലങ്ങളുടെ പേര് നോക്കി: കല്ലേലി, കാട്ടാത്തി കോളനി; ബലേ ഭേഷ്. ബസ് ഇൽ ഒറ്റ മനുഷ്യൻ ഇല്ല. കണ്ടക്ടറോട് ചോദിച്ചപ്പോൾ, കാണാൻ അങ്ങനെ കാര്യായിട്ട് ഒന്നും ഇല്ല എന്നും, ഭംഗിയുള്ള വഴി ആണെന്നും, 2 മണിക്കൂർ കൊണ്ട് പോയി വരാമെന്നും പറഞ്ഞു. ആ ബസിൽ തന്നെ തിരിച്ചു കൊണ്ട് വരണമെന്ന് ചിരിച്ചു കൊണ്ട് ആദ്യമേ തന്നെ അദ്ദേഹത്തോട് ശട്ടം കെട്ടി.

ബസ് വിട്ടു; ഞാനും ഡ്രൈവറും കണ്ടക്ടറും മാത്രം. കോന്നി - പുനലൂർ റോഡിൽ നിന്ന് എലിയരക്കൽ എന്ന സ്ഥലത്തു വെച്ച് ഇടത്തോട്ട് തിരിഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ, കുറച്ചാളുകൾ ബസിൽ കയറി. അരുവാപ്പുലം വഴി കല്ലേലി എത്തിയപ്പോൾ മുഴുവൻ ആളുകളും ഇറങ്ങിപ്പോയി. അവിടെയുള്ള അമ്പലത്തിൽ എന്തോ ഉത്സവം നടക്കുന്നുണ്ടാരുന്നു. ഇടക്ക് പുഴയുടെ കാഴ്ചകളൊക്കെ കാണാം; പിന്നെ നല്ല കട്ടിയുള്ള കനത്ത കാടിന്റെ ഭംഗിയും, അതിന്റെ നടുവിൽ കോറിയിട്ട പോലുള്ള ചെറിയ റോഡും. ചില സ്ഥലങ്ങളിലൊക്കെ വെച്ച്, ബസ് എങ്ങനെ ആ വഴിക്കൊക്കെ പോകുന്നു എന്ന് അത്ഭുതപ്പെട്ടു. കണ്ടക്ടർ ചേട്ടനുമായിട്ട് ഞാൻ അപ്പോഴേക്കും നല്ല കമ്പനി ആയിരുന്നു. കോന്നി, അച്ചൻകോവിൽ, പുനലൂർ തുടങ്ങിയ സ്ഥലങ്ങളെ കുറിച്ചൊക്കെ അദ്ദേഹം കുറെ അറിവ് പങ്കു വെച്ചു. അദ്ദേഹത്തിന് ഞാൻ കുറച്ചു കപ്പലണ്ടി ഓഫർ ചെയ്‌തെങ്കിലും അദ്ദേഹം സ്നേഹത്തോടെ നിരസിച്ചു. എനിക്കൊരു ഉപകാരം, അദ്ദേഹത്തിനൊരു പലഹാരം എന്നായിരുന്നു ഞാൻ ഉദ്ദേശിച്ചത്.

കുറച്ചു കഴിഞ്ഞപ്പോൾ ഡ്രൈവർ ചേട്ടൻ മുന്പിലിരുന്നു കഥ പറയാൻ തുടങ്ങിയപ്പോൾ, ഞങ്ങൾ 2 പേരും മുൻപിൽ പോയി ഇരുന്നു. ഒരു സ്ഥലത്തു വെച്ച് ഇടത്തോട്ട് തിരിഞ്ഞു; നേരെ പോയാൽ അച്ചൻകോവിൽ എത്താം. ആ വഴി പോയാൽ ധാരാളം ആനകൾ ഉണ്ടാകുമെന്നും, പുനലൂരിന് അടുത്തുള്ള അലിമുക്ക് വഴി പോകുന്നതാണ് സുരക്ഷിതമെന്നും അവർ പറഞ്ഞു. ചെറുഗ്രാമങ്ങളും, കാടുകളും, കാട്ടാത്തി കോളനിയും കടന്ന് പോയിപ്പോയി കൊക്കാത്തോട് എത്തി. വളരെ ചെറിയൊരു ഗ്രാമം; കവലയിൽ കുറച്ചു കുഞ്ഞു കടകൾ, കുറച്ചപ്പുറത്ത് ഒരു പള്ളിയും ഉണ്ടെന്നു കേട്ടു. അവിടത്തെ ഒരു വളവിൽ വെച്ച് ബസ് തിരിച്ചു കുറച്ചു മുൻപിലായി കൊണ്ട് നിർത്തി. അര മണിക്കൂർ സമയം ഉണ്ടെന്നും, ആരേലും ഒക്കെ തിരിച്ചുപോകാൻ ഉണ്ടാകുമെന്നും കണ്ടക്ടർ പറഞ്ഞു. കവലയിലൊക്കെ ചുറ്റിനടന്നു; ഒരു ചായയും കുടിച്ചു. അവിടെ കണ്ട കുറച്ചു പ്രായമായ ആളുകളോടൊക്കെ സംസാരിച്ചിരുന്നു. ബസിന്റെ വൈകുന്നേരത്തെ ട്രിപ്പിൽ കുറച്ചൂടെ മുകളിലേക്ക് വരെ ബസ് പോകുമെന്ന് ഡ്രൈവർ പറഞ്ഞു. ജോലിക്ക് പോയി വരുന്നവരുടെ സൗകര്യാർത്ഥം ആണത്രേ അത്. 20 മിനിറ്റ് ആയിട്ടും ആരും വന്നില്ല; അങ്ങനെ അത്രേം വലിയ വണ്ടിയിൽ ഞങ്ങൾ മൂന്നു പേര് മാത്രായിട്ട് വീണ്ടും യാത്ര തുടങ്ങി.

തിരിച്ചു പോകുമ്പോൾ ഡ്രൈവറും കണ്ടക്ടറും കൂടെ ഊണിനെക്കുറിച്ച് കൂലങ്കഷമായ ചർച്ച. അത് കഴിഞ്ഞപ്പോൾ, സാർ എവിടുന്നാ ഊണു കഴിക്കുന്നേ എന്ന് ഡ്രൈവർ ചേട്ടൻ ചോദിച്ചു (എന്നെ, സാറേ എന്നൊക്കെ :D). ഞാൻ, അങ്ങനെ പ്രത്യേകിച്ച് ഒരു സ്ഥലം ഒന്നുമില്ല എന്ന് പറഞ്ഞപ്പോൾ. അദ്ദേഹം അവരുടെ കൂടെ കൂടിക്കോളാൻ പറഞ്ഞു. എന്നിട്ട് ഫോൺ എടുത്ത് വീട്ടിലേക്ക് വിളിച്ചിട്ട് ഭാര്യയോട് "എടിയേയ്, കുറച്ച് അധികം എടുത്തോ. ഞങ്ങളുടെ ബസിൽ ഇന്ന് കേറിയ ഒരു സാറും കൂടെ ഉണ്ടാകും" എന്ന് പറഞ്ഞു. ഞാൻ എന്താണെന്നു ചോദിച്ചപ്പോൾ, വിഷു സ്പെഷ്യൽ ആണെന്ന് പറഞ്ഞ് അദ്ദേഹം ചിരിച്ചു. കല്ലേലി എത്തിയപ്പോൾ കുറച്ചാളുകൾ കയറി; ഉത്സവം കഴിഞ്ഞു വരുന്നവർ. പിന്നെ കോന്നി വരെ ബഹളം ആയിരുന്നു. ബലൂണും, പീപ്പിയും, പച്ച ഫ്രെയിം ഉള്ള കൂളിംഗ് ഗ്ലാസും, തോക്കും, കറങ്ങുന്ന വണ്ടിയും, അങ്ങനെ എല്ലാം കൂടെ ഓളം. കോന്നി ബസ് സ്റ്റാൻഡ് എത്തിയപ്പോൾ ഒരു ഓട്ടോറിക്ഷ അവിടെ കിടപ്പുണ്ടാരുന്നു. അതിൽ നിന്ന് ഒരു പയ്യൻ ഇറങ്ങി വന്നിട്ട് ഒരു പൊതി ഡ്രൈവർ ചേട്ടനെ ഏല്പിച്ചിട്ട്, എന്തോ കുശലം പറഞ്ഞു നടന്നു പോയി. ഡ്രൈവർ ചേട്ടൻ ഓട്ടോ എടുത്തു; ഞാനും കണ്ടക്ടറും പിറകിൽ ഇരുന്നു. വണ്ടി പോയത് ഒരു കുഞ്ഞു മെസ്സ് ഹൗസിലേക്കാണ്. അവിടുന്ന് ഞങ്ങൾ എല്ലാരും ഊണും, മത്തി വറുത്തതും പറഞ്ഞു. ഒരു മൂലയ്ക്ക് മാറിയാണ് ഞങ്ങൾ ഇരുന്നത്.

ഒരു വൻ ഇൻട്രോഡക്ഷനോടെ ഡ്രൈവർ ചേട്ടൻ പൊതി തുറന്നു. കണ്ടതും, മണമടിച്ചതും ഓർമയുള്ളൂ; ബോധം പോയി. ആ കാഴ്ച തന്നെ മതിയാരുന്നു; നല്ല വാട്ടിയ വാഴയിൽ പൊതിഞ്ഞ, നല്ലോണം ഉള്ളിയിട്ട് വറ്റിച്ചെടുത്ത, ഇളം പോത്തിറച്ചി. അതിങ്ങനെ ചോറിലിട്ട്, പപ്പടവും കൂട്ടിക്കുഴച്ച് ഒരു പിടി അങ്ങട് പിടിച്ചാലുണ്ടല്ലോ, ഞാനൊന്നും പറയുന്നില്ല. അങ്ങേയറ്റം ആസ്വദിച്ച് ഞങ്ങൾ മൂന്നുപേരും വയറും മനസ്സും നിറച്ച് ഉണ്ടു. പാവം തോന്നിയിട്ടായിരിക്കും, അവരുടെ പൊതിയിൽ നിന്നും എനിക്ക് കുറച്ചു തന്നു. ഇല വരെ നക്കി തുടച്ച് സംതൃപ്തിയോടെ ഞങ്ങൾ എണീറ്റു. അവരോട് യാത്ര പറഞ്ഞ് അവിടുന്ന് അടവിക്ക് പോയി.

വാൽ കഷ്ണം:
പിറ്റേന്നത്തെ ഗവി പ്ലാൻ നടന്നില്ല. റാന്നി പോകേണ്ട ആവശ്യം ഉണ്ടായിരുന്നു. റാന്നിയിൽ നിന്നപ്പോൾ കട്ടപ്പനയിലെ സാവോയ് ഹോട്ടലിൽ പോയിട്ട് പൊറോട്ട അടിക്കാൻ തോന്നി. അങ്ങനെ അവിടുന്ന് എരുമേലി, മുണ്ടക്കയം, കുട്ടിക്കാനം വഴി കട്ടപ്പന പോയി. അവിടുന്ന് കഴിപ്പും കഴിഞ്ഞ്, ഇടുക്കി വഴി തൊടുപുഴക്ക് പോയി. അവിടുന്ന് മൂവാറ്റുപുഴ, പെരുമ്പാവൂർ വഴി അങ്കമാലി.

-------------------------------------------------------- ശുഭം-----------------------------------------------------