Monday, September 19, 2016

ഞാനൊഴുകിയ വഴി

അമ്മേ, എനിക്ക് കടല് കാണണം...

മകളുടെ ആഗ്രഹം ചെറിയൊരു ഉൾക്കിടിലത്തോടെയാണ് ആ അമ്മ കേട്ടത്. ആ അമ്മയ്ക്കറിയാമായിരുന്നു തന്നെ പോലുള്ള ഏതൊരമ്മയ്ക്കും മക്കളുടെ ആ ആഗ്രഹം കേൾക്കേണ്ടി വരുമെന്ന്. തന്റെ മറ്റു മക്കളെല്ലാം കടലു കാണണമെന്നുള്ള ആഗ്രഹം നിറവേറാതെ അകാലമൃത്യു വരിച്ചതും ആ അമ്മ ഓർത്തു. മകളെ ചേർത്തിരുത്തി അവളുടെ മുടിയിഴകളിൽ തലോടിക്കൊണ്ട് അമ്മ മനസ്സിലുറപ്പിച്ചു, തന്റെ ഈ മകളെയെങ്കിലും കടല് കാണിക്കണമെന്ന്.

എന്റെ മോള് കുറച്ചൂടെ വലുതാവട്ടെ, എന്നിട്ട് ഞാനെന്റെ മോളെ കടല് കാണാൻ വിടാം കേട്ടോ?

അപ്പോ അമ്മ വരില്ലേ എന്റെ കൂടെ?

അമ്മയ്ക്ക് വന്നൂടല്ലോ മോളെ. അമ്മ ഇവിടുണ്ടായേ പറ്റൂ.

മകൾ നിരാശയോടെ അമ്മയുടെ മടിയിൽ മുഖമമർത്തി. പക്ഷെ കുറച്ചു കാലം കഴിഞ്ഞാൽ കടല് കാണാൻ പോകാമെന്ന പ്രതീക്ഷ അവളുടെ കുഞ്ഞുമനസ്സിൽ സന്തോഷത്തിന്റെ വിത്ത് പാകിയിരുന്നു. അതെ, പ്രതീക്ഷകളാണല്ലോ ജീവിതങ്ങളെ മുന്നോട്ട് നയിക്കുന്നത്.

ആ അമ്മയുടെ അതിരില്ലാത്ത വാത്സല്യങ്ങളേറ്റ് അവൾ വളർന്നു. അവൾ അവിടെയുള്ള എല്ലാ അമ്മമാരുടെയും കണ്ണിലുണ്ണിയായിരുന്നു. അമ്മമാരുടെ മടിത്തട്ടുകളിൽ കൂട്ടുകാരികളോടൊപ്പം അവൾ ആടിത്തിമിർത്തു. ഈ കാഴ്ചകളെല്ലാം അമ്മമാരുടെ മനസ്സിൽ ആനന്ദലഹരി നിറച്ചുവെങ്കിലും, ഈ മക്കളെയെല്ലാം  എന്നെങ്കിലും ഒരിക്കൽ പറഞ്ഞു വിടണമല്ലോ എന്ന ചിന്ത അവരുടെയെല്ലാം മനസ്സിനുള്ളിൽ ഒരു നെരിപ്പോട് പോലെ എരിഞ്ഞിരുന്നു; കുളിർമയാർന്ന ആ അന്തരീക്ഷത്തിലും ആ ചൂട് അവരറിഞ്ഞിരുന്നു. ആ മക്കളെല്ലാം അമ്മമാരെ വിട്ടുപോകും, ചുരുക്കം ചിലർ മാത്രം ജീവിതാവസാനം വരെ അമ്മയുടെ അരികിലും പരിസരങ്ങളിലുമായി ജീവിക്കും. അതു പക്ഷേ അവരുടെ ദുർവിധിയാണ്, ഒരമ്മയും അതാഗ്രഹിച്ചിരുന്നില്ല.

ഇന്നാണ് അവളുടെ ദിവസം! ഇന്നാണ് അവൾ അവളുടെ യാത്ര ആരംഭിക്കുന്നത്, കടല് കാണാൻ...അവളുടെ ആഴമേറിയ സൗന്ദര്യം അവളുടെ കൂട്ടുകാരികളിലും അവരുടെ അമ്മമാരിലും അസൂയ പടർത്തിത്തുടങ്ങി എന്ന് തോന്നിയ നിമിഷം, ആ അമ്മ മനസ്സിലുറപ്പിച്ചതാണ് ഇന്നേ ദിവസം അവളെ അവിടുന്ന് പറഞ്ഞയക്കണമെന്നു. അവളിന്നൊരു നിറഞ്ഞ പെണ്ണായി; തെളിമയുടെയും തേജസ്സിന്റെയും ആൾരൂപമായി. അവളിലേക്ക് നോക്കിയാൽ അവളുടെ മനസ്സ് കാണാമായിരുന്നു, അത്രയ്ക്കും സുതാര്യതയും നിഷ്കളങ്കതയുമായിരുന്നു അവൾക്ക്. അവളുടെ ശബ്ദമാണെങ്കിലോ, അങ്ങറ്റം കാതിനു ഇമ്പമുള്ളതും. ഇനി അവൾ പോട്ടെ, അവളുടെ ജീവിതം വെട്ടിപ്പിടിക്കട്ടെ. ഉള്ളിലെ എല്ലാ നന്മകളുമെടുത്തു ആ അമ്മ മകളെ ആശീർവദിച്ചു. മറ്റാരുടെയും വഴികൾ പിന്തുടരുകയോ തടസ്സപ്പെടുത്തുകയോ ചെയ്യരുതെന്നും സ്വന്തം വഴികൾ സ്വയം കണ്ടുപിടിച്ചു മുന്നേറുന്നവരാണ് വിജയികൾ എന്നും ആ അമ്മ ഓർമിപ്പിച്ചു. അഭയം തേടി വരുന്നവരെ കൈവിടരുതെന്നും കഴിയുന്നത്ര കാലം സംരക്ഷിക്കണമെന്നും ഒരു യാത്രാമൊഴി പോലെ ആ അമ്മ മകളുടെ കാതിലോതി. അമ്മമാരുടെയെല്ലാം അനുഗ്രഹങ്ങളേറ്റുവാങ്ങി, കൂട്ടുകാരികളെയെല്ലാം വാരിപ്പുണർന്നു യാത്രാമംഗളങ്ങൾ ചൊല്ലി, അവൾ യാത്ര ആരംഭിച്ചു. തന്റെ മകളുടെ ഗമനം നിറകണ്ണുകളോടെ ആ അമ്മ നോക്കി നിന്നു. കൂട്ടുകാരികൾ കുറച്ച് ദൂരം അവളെ അനുഗമിച്ചു. അവൾക്ക് ധൃതിയായി, കടല് കാണാൻ. അവൾ അവളുടെ നടത്തത്തിനു വേഗം കൂട്ടി, അവളുടെ ഒപ്പമെത്താനാകാതെ കൂട്ടുകാരികൾ ഓരോരുത്തരായി യാത്ര അവസാനിപ്പിച്ചു. അവരിൽ പലരും അവളുടെ ഒപ്പം പോകാൻ ആഗ്രഹിച്ചിരുന്നു. അവസാനത്തെ കൂട്ടുകാരിയും യാത്ര അവസാനിപ്പിച്ചു പിറകിൽ ഒരു പൊട്ടു പോലെ മാഞ്ഞു പോകുന്നത് അവൾ കണ്ടു. അവൾ അവളുടെ പ്രയാണം ആരംഭിച്ചിരിക്കുന്നു.

തന്റെ മകൾക്ക് പ്രായം തികഞ്ഞെന്നു തോന്നിയപ്പോ പല അമ്മമാരും അവരുടെ മക്കളെ ലോകത്തിന്റെ വിശാലതയിലേക്ക് തുറന്നുവിട്ടു. അവർ ഒറ്റയ്ക്കും കൂട്ടായും യാത്ര തിരിച്ചു. മാർഗ്ഗമദ്ധ്യേ പലരും തളർന്നു വീണു, അതിൽ ചിലർ എന്നെന്നേക്കുമായി ലോകത്തോട് വിട പറഞ്ഞു, ചിലർ തിരികെ അമ്മമാരുടെ അടുത്തേക്കോടി, ഒരു അവസാന ആശ്രയം തേടും പോലെ. തന്റെ മകളുടെ തോഴിമാരുടെ കുതിപ്പുകളും കിതപ്പുകളും ആ അമ്മ നോക്കിക്കാണുന്നുണ്ടായിരുന്നു. തന്റെ മകളിപ്പോ എങ്ങനെയിരിക്കുന്നുണ്ടാവും എന്നവർ ഓർത്തു. കൂട്ടുകാരികളിൽ പലരും പറയുന്നത് കേട്ടിട്ടുണ്ട്, തന്റെ മകൾ  കൂടുതൽ സുന്ദരിയായെന്നും, നിറഞ്ഞു തുളുമ്പുന്ന സ്ത്രീത്വമായി അവൾ വിളങ്ങി നിൽക്കുകയാണെന്നും. കാലം മുന്നോട്ടു പോകുന്തോറും അവൾ കൂടുതൽ കൂടുതൽ ശോഭിക്കട്ടെ, അവളുടെ അസുലഭ സൗന്ദര്യം എങ്ങും പരക്കട്ടെ, ആ അമ്മ മനസ്സുതൊട്ട് പ്രാർത്ഥിച്ചു. മഴയോടുള്ള മകളുടെ അഭിനിവേശം അമ്മ ഓർത്തു. മഴയത്ത് നൃത്തം ചെയ്യാൻ അവൾക്ക് വല്ലാത്ത താല്പര്യമായിരുന്നു. തന്റെ വളർച്ചയും സൗന്ദര്യവും അതിന്റെ പൂർണ്ണത പ്രാപിക്കുന്നത് മഴയിലൂടെ ആണെന്ന് അവളെപ്പോഴും പറയുമായിരുന്നു. ആദ്യമായി കടല് കാണുന്ന വേളയിൽ മഴയുടെ അകമ്പടി വേണമെന്ന് അവളാഗ്രഹിച്ചിരുന്നു.
തന്റെ മകൾ കടല് കണ്ടുകാണുമോ?

കോരിത്തരിപ്പിക്കുന്ന ഒരു തുലാവർഷ പ്രഭാതത്തിൽ ആ അമ്മയറിഞ്ഞു, തന്റെ മകൾ കടല് കണ്ട കാര്യം. കടലുമായുള്ള അവളുടെ സമാഗമം അതിമനോഹരമായിരുന്നത്രെ. തന്റെ മക്കളിൽ ഒരാളെങ്കിലും ആ ലക്‌ഷ്യം സാധിച്ചതിൽ ആ അമ്മ ഒരുപാട് സന്തോഷിച്ചു, എല്ലാവരുമായും ആ സന്തോഷം പങ്കിട്ടു. പിന്നങ്ങോട്ട് മകളെ പറ്റി നല്ല വാർത്തകൾ മാത്രമേ ആ അമ്മ കേട്ടുള്ളൂ. മകൾക്ക് സുന്ദരികളായ ഒരുപാട് കുഞ്ഞുങ്ങൾ ഉണ്ടായി. അവളൊരുപാട് പേർക്ക് അഭയവും സംരക്ഷണവും നൽകി പോന്നു. അവളുടെ ആശ്രിതരെയെല്ലാം അല്ലലില്ലാതെ ജീവിക്കാൻ അവൾ സഹായിച്ചു. അവളെ എല്ലാരും ഒരുപാട് സ്നേഹിച്ചു. അവളെ എല്ലാവരും പ്രകീർത്തിച്ചു, വാഴ്ത്തിപ്പാടി. ആ അമ്മ മകളെയോർത്ത് അഭിമാനം കൊണ്ടു. അവളെ കാണണം എന്ന അതിയായ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും, അത്യധികം കർമനിരതയായി ജീവിക്കുന്ന അവൾ സമയവും സന്ദർഭവും ഒത്തുവരുമ്പോൾ തന്നെ വന്നു കാണുമെന്നോർത്ത് ആ അമ്മ ആശ്വസിച്ചു. പിന്നീടങ്ങോട്ടുള്ള ഒരുപാട് കാലം ആ മകളുടെ ജൈത്രയാത്രയുടേതായിരുന്നു. അത് ആ നാടിന്റെയും വിജയമായിരുന്നു.

വർഷങ്ങൾ പോയിമറഞ്ഞു. അമ്മയുടെ മകൾ കൂടുതൽ രൂപഭംഗിയാലും വിഭവസമൃദ്ധിയാലും പ്രശോഭിച്ചു. അവളുടെ സമകാലീനരിലാരും തന്നെ അവളോളം സുന്ദരിയായിരുന്നില്ല. അവളുടെ മധുരതരമായ ശബ്ദത്തെ കവച്ചു വെക്കാനും ആരുമുണ്ടായിരുന്നില്ല. ശാന്തതയും സഹാനുഭൂതിയും അതിനെല്ലാം തുല്യം നിൽക്കുന്ന ദിവ്യതേജസ്സും അവളെ ഒരു സംസ്‌കൃതിയുടെ തന്നെ പര്യായമാക്കി മാറ്റി. അവളുടെ കനിവിനാൽ ഒരുപാട് ജീവിതങ്ങളിൽ നിറങ്ങൾ ചാലിക്കപെട്ടു. അവളൊരു ദൈവീക പ്രതീതി ഉളവാക്കി. മറുവശത്ത്, ഇതെല്ലാമറിഞ്ഞു അവളുടെ അമ്മ അഭിമാനപൂർണ്ണമായ ജീവിതം നയിച്ചുവെങ്കിലും, മറ്റുള്ള അമ്മമാരുടെ സ്ഥിതി തീർത്തും വ്യത്യസ്തമായിരുന്നു. കടല് തേടി പോയ അവരുടെ മക്കളിൽ ഭൂരിഭാഗം പേരും, പ്രയാണമദ്ധ്യേ പിച്ചിച്ചീന്തപ്പെട്ടു, പലരും വേരോടെ പിഴുതെറിയപ്പെട്ടു. മകളുടെ കൂട്ടുകാരികൾക്കൊന്നും അവളുടെ അടുത്തെത്താനോ അവളിൽ നിന്ന് കിട്ടിയേക്കാമായിരുന്ന സഹായങ്ങൾ സ്വീകരിക്കാനോ ഭാഗ്യമുണ്ടായില്ല. ആർക്കും അവിടെയെത്താൻ കഴിഞ്ഞില്ല, ഒരു പക്ഷെ അവരെ അതിനനുവദിച്ചില്ല, വിധിയോ അതല്ലെങ്കിൽ അവരുടെ വിധിയെഴുതാൻ സ്വയം അധികാരം കല്പിച്ചു നല്കിയവരോ.ചേതനയറ്റ മക്കളെ കണ്ടു അവരുടെ അമ്മമാർ വിലപിക്കുന്നത് ആ അമ്മയെയും അത്യധികം ആകുലപ്പെടുത്തി. സ്വന്തം മകൾക്കോ അവളുടെ തലമുറകൾക്കോ അത്തരമൊരു വിധി ഒരിക്കലും നൽകരുതേ എന്നവർ മനമുരുകി പ്രാർത്ഥിച്ചു.

ശിശിരങ്ങളും വസന്തങ്ങളും പിന്നെയും ഒരുപാട് കടന്നുപോയി. മകളെക്കുറിച്ചുള്ള വിവരങ്ങളറിയാനുള്ള, ആ അമ്മയുടെ കാത്തിരിപ്പുകളുടെ ദൈർഘ്യം കൂടിക്കൂടി വന്നു. പതിയെ പതിയെ അവളെക്കുറിച്ച് ഒന്നും കേൾക്കാതായി. ആ അമ്മ ആധി പിടിച്ചു നടന്ന ദിനങ്ങളായിരുന്നു പിന്നീടങ്ങോട്ട്. അമ്മ പലരോടും അന്വേഷിച്ചുവെങ്കിലും അവ്യക്തമായ മറുപടികളും മൗനങ്ങളും ഒക്കെയായിരുന്നു അവർക്ക് ലഭിച്ചു കൊണ്ടിരുന്നത്. സൂര്യഗ്രഹണം ബാധിച്ചാലെന്ന പോലെ നിശ്ചലമായൊരു ദിവസത്തിൽ ആ അമ്മ, അങ്ങ് ദൂരെ നിന്ന്, നിറം മങ്ങിയ, കൊലുന്നനെയുള്ള ഒരു രൂപം നടന്നടുക്കുന്നത് കണ്ടു. അടുത്തെത്തുന്തോറും അമ്മയുടെ മുഖത്തു സമ്മിശ്രഭാവങ്ങൾ മിന്നിമറഞ്ഞു. വന്നടുക്കുന്നത് തന്റെ മകളാണ്. യുഗങ്ങൾക്ക് ശേഷം അവർ തന്റെ മകളെ കാണുകയാണ്. പക്ഷേ, അവളുടെ ആ രൂപം അമ്മയെ വല്ലാതെ നൊമ്പരപ്പെടുത്തി. പളുങ്കു പോലെ തെളിമയാർന്ന രൂപത്തിനുടമയായിരുന്ന തന്റെ മകൾ ഇപ്പോൾ നിറം മങ്ങി ഇരുണ്ടു പോയിരിക്കുന്നു. നിറഞ്ഞ സൗന്ദര്യസമ്പത്തിൽ വിലസിച്ചിരുന്ന അവളിപ്പോ മെലിഞ്ഞു ശോഷിച്ചു പോയിരിക്കുന്നു, ഏതോ മഹാരോഗം പിടിപ്പെട്ട പോലെ. അഴുക്കുപുരണ്ട ശരീരത്തിലെ കൊത്തിവലിച്ചാലെന്ന പോലുള്ള മുറിവുകൾ ആ അമ്മ ഒരു ഞെട്ടലോടെ നോക്കികണ്ടു. അവൾക്ക് നേരെ നടക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല. ശോഷിച്ച അവളുടെ കൈകാലുകൾ കണ്ട് അമ്മ വിങ്ങിപ്പൊട്ടി. വീഴാറായിത്തുടങ്ങിയ അവളെ അമ്മ തന്റെ മടിയിലേക്ക് കിടത്തി. ഒഴുകിത്തുടങ്ങിയിരുന്ന കണ്ണുകൾ ഇറുകെയടച്ചു അവൾ കിടന്നു, അമ്മയ്ക്ക് നേരെ നോക്കാനാവാതെ. ദയനീയമായ കാഴ്ചകളുടെ പ്രഹരം താങ്ങാനാവാതെ വന്ന ഒരു നിമിഷത്തിൽ, മകളെ മുറുകെ കെട്ടിപ്പിടിച്ച അമ്മയുടെ വാക്കുകൾ, ഒരു നിലവിളിയായി പുറത്ത് വന്നു.

ഒടുവിൽ എന്റെ മോൾക്കും ഈ വിധി വന്നല്ലോ

എന്നെയവർ പിച്ചിച്ചീന്തി അമ്മേ. ഞാനെക്കാലവും എല്ലാവരെയും സ്നേഹിച്ചിട്ടേയുള്ളു, സംരക്ഷിച്ചിട്ടേയുള്ളു. എന്റെ ആശ്രിതരെയെല്ലാം ഞാനൂട്ടിയുറക്കി. എല്ലാരേയും വൃത്തിയോടെയും വെടിപ്പോടെയും കാത്തു. വെയിലിന്റെ കാഠിന്യമേറിയപ്പോഴും, എന്റെ മക്കളിൽ പലരും ഒരിറ്റു ജീവവായു കിട്ടാതെ പിടഞ്ഞുമരിച്ചപ്പോഴുമെല്ലാം സ്വന്തം ദുഃഖങ്ങൾ വകവെക്കാതെ ഞാനെല്ലാവരെയും പോറ്റിയിട്ടേ ഉള്ളൂ അമ്മേ. എന്നിട്ടും സ്വാർത്ഥലാഭങ്ങൾക്ക് വേണ്ടി അവരെന്നെ ചതിച്ചു. രാത്രികളുടെ ഇരുളിലും, കാടിന്റെ മറവുകളിലും  അവരെന്റെ എല്ലുകൾ തച്ചുടച്ചു, മുടിയിഴകൾ പറിച്ചെറിഞ്ഞു, വിരലുകൾ വേർപെടുത്തി കൊണ്ടുപോയി, അഴുക്കുപുരണ്ട നഖങ്ങൾ കൊണ്ടെന്നെ ആഴത്തിൽ മുറിവേൽപ്പിച്ചു .എന്റെ കുഞ്ഞുങ്ങളെ പോലും അവർ വെറുതെ വിട്ടില്ലമ്മേ...

അവൾ ഏങ്ങലടിച്ചു പോയി. അമ്മയറിഞ്ഞു, അവൾക്ക് ശബ്ദം പോലും നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു.

പലയിടങ്ങളിലും രക്തത്തിൽ  കുളിച്ചു കിടന്നയെന്നെ രക്ഷിക്കാൻ ആരും വന്നില്ല. ഒറ്റപ്പെട്ട ചിലർ മുന്നോട്ടു വന്നെങ്കിലും, അവരിൽ പലരും ക്രൂരമായ മർദ്ധനമേറ്റു എന്റെ മടിയിൽ കിടന്നു പിടഞ്ഞിട്ടുണ്ട്. എനിക്ക് വേണ്ടിയാരും ദുരിതങ്ങളനുഭവിക്കുന്നത് എനിക്ക് സഹിക്കാനാവില്ല. എന്നെ ഉപദ്രവിക്കുന്നവരെ തിരിച്ചടിക്കാനുള്ള ശക്തിയെനിക്കില്ല, എനിക്കതിനു ആഗ്രഹവുമില്ല. എന്നെ ജീവിക്കാൻ വിട്ടൂടെ അമ്മേ അവർക്ക്? ഞാനെക്കാലവും സ്നേഹിച്ച കടലും മഴയും എല്ലാം എനിക്ക് അന്യമായി തുടങ്ങി. ഇനിയെനിക്കൊരു ഉയിർത്തെഴുന്നേൽപ്പുണ്ടാകുമെന്നു തോന്നുന്നില്ല. അമ്മയുടെ മടിയിൽ കിടന്നു മരിക്കണമെന്നു എനിക്കാഗ്രഹമുണ്ട്. പക്ഷേ ഇപ്പോഴും എന്നെ  പ്രതീക്ഷിച്ച്‌  റാന്തൽ വിളക്കിന്റെ വെളിച്ചത്തിൽ എന്റെ വഴിത്താരകളിലേക്ക് ഉറ്റുനോക്കുന്ന ജീവിതങ്ങളുണ്ട്. അവരെ എനിക്ക് നിരാശപെടുത്താനാവില്ല. ഇനിയൊരിക്കൽ വരാൻ കഴിഞ്ഞേക്കില്ല എന്ന് തോന്നിയത് കൊണ്ടാണ് ഞാനിന്നു എന്റമ്മയെ കാണാൻ വന്നത്. 

അമ്മയ്ക്ക് അവളോട് ഒന്നും പറയാനുണ്ടായിരുന്നില്ല. ഉണ്ടായിരുന്നതെല്ലാം ഉള്ളിലെവിടെയോ തട്ടി ചിതറിത്തെറിച്ചുപോയിരുന്നു.

മകൾ അമ്മയുടെ മടിയിൽനിന്നു ഉയർന്നു. വേച്ചു വേച്ചു അവൾ ഒരുവിധം നേരെ നില്ക്കാൻ ശ്രമിച്ചു. വാടിയ മുഖത്തോടെ അവൾ അമ്മയെ നോക്കി. സർവ്വപ്രതാപിയായി രാജകുമാരിയെ പോലെ ജീവിച്ച മകളുടെ, നല്ലകാലം വിളിച്ചോതുന്ന ഒരു നുറുങ്ങു വെട്ടം, അപ്പോഴും അവളുടെ കണ്ണുകളിൽ കാണാൻ അമ്മയ്ക്ക് സാധിച്ചു.

എന്റെ മോള് ഒരിക്കൽ കൂടെ വരുമോ ഈ അമ്മയെ കാണാൻ?

മകൾ തിരിഞ്ഞു നടന്നു. ഒരുതരം മരവിപ്പായിരുന്നു അവളുടെ മുഖത്ത്. ജീവിതവും മരണവും എല്ലാം കണ്ടുകഴിഞ്ഞതിന്റെ മരവിപ്പ്. അമ്മയ്ക്ക് മുഖം കൊടുക്കാതെ അവൾ നടന്നകന്നു. അവളുടെ മറുപടി അമ്മയ്ക്ക് ഊഹിക്കാമായിരുന്നു...

ഇനിയൊരിക്കൽ വരാൻ അവര് സമ്മതിക്കില്ലമ്മേ...



അടിക്കുറിപ്പ് 

മണലെടുപ്പിലൂടെയും മലിനീകരണത്തിലൂടെയും ആഗോളതാപനത്തിലൂടെയും പീഡിപ്പിക്കപ്പെട്ടു, ശോഷിച്ചു, ഊർദ്ധശ്വാസം വലിക്കുന്ന നിളാ നദിക്ക്, നമ്മുടെ ഭാരതപുഴക്ക്, ഈ ചിന്താശകലം സമർപ്പിക്കുന്നു. മണൽ കക്കുന്നവരുടെയും, മാലിന്യങ്ങൾ പുഴയിൽ വലിച്ചെറിയുന്നവരുടെയും, മരങ്ങൾ മുറിക്കുന്നവരുടെയും, കരണത്തടിക്കുന്ന അടികളാവട്ടെ ഇതിലെ ഓരോ അക്ഷരങ്ങളും.