Friday, April 7, 2017

മൺറോ തുരുത്ത് എന്ന വിസ്മയം

.................................മൺറോ തുരുത്ത് എന്ന വിസ്മയം....................................

ഒരുവിധം എല്ലാ ആഴ്ചകളിലും യാത്ര ചെയ്യാറുണ്ട്. അതിനു വേണ്ടി ഏതേലും സ്ഥലങ്ങൾ തപ്പിപ്പിടിക്കും.കേട്ടും വായിച്ചും അറിഞ്ഞിരുന്നു മൺറോ തുരുത്തിനെ കുറിച്ച്. അപ്പോഴൊന്നും അത് ഇത്രയും ഗംഭീരം ആയിരിക്കും എന്നു പ്രതീക്ഷിച്ചില്ല.
പോകാൻ ഉദ്ദേശിച്ചതിന്റെ തലേ ദിവസം തന്നെ അവിടെയുള്ള വിജീഷ് എന്നൊരാളെ വിളിച്ചു, പിറ്റേന്ന് വരുമെന്ന് അറിയിച്ചിരുന്നു. ഒന്നുകിൽ രാവിലെയോ അല്ലെങ്കിൽ വൈകുന്നേരമോ വരുന്നതായിരിക്കും കൂടുതൽ നല്ലത് എന്നദ്ദേഹം പറഞ്ഞു. അങ്ങനെ ആ വെള്ളിയാഴ്ച രാത്രി വൈകീട്ട് കാറിൽ തൃശൂർ നിന്ന് കൊല്ലത്തേക്ക് യാത്ര തിരിച്ചു. രാവിലെ 6 മണിയോടെ അവിടെ എത്തിയപ്പോൾ ഇക്കരെക്കരയിൽ നിന്ന് വിജീഷിൻറെ അച്ഛൻ വഞ്ചിയിൽ അക്കരെ കൊണ്ടുപോയി. അവിടെയുള്ള അവരുടെ വീട്ടിൽ വെച്ച് ടോയ്‌ലറ്റ് സൗകര്യങ്ങളും, പല്ലു തേക്കാൻ ടൂത്ത് പേസ്റ്റും, കുടിക്കാൻ ചായയും നൽകി ഹൃദ്യമായി സ്വീകരിച്ചു. അവിടെ അവർക്ക് 3 - 4 കോട്ടേജുകളും ഉണ്ട്. വിജീഷിൻറെ അച്ഛനും അമ്മയുമായി കുറച്ചു നേരം സംസാരിച്ചിരുന്നു. ഒന്ന് ഫ്രഷായി, മുണ്ടും ഷർട്ടും ഒക്കെ ഇട്ടു വഞ്ചിപ്പുരയിലേക്ക് നടന്നു. ആറരയോടെ വിമലൻ ചേട്ടൻ (വിജീഷിന്റെ അച്ഛൻ) വീണ്ടും വഞ്ചിയെടുത്തു.
കല്ലടയാറിൻറെ തീരത്തൂന്നു തുടങ്ങിയ യാത്ര തുടക്കം മുതലേ ഗംഭീരമായിരുന്നു; അതിനു മേമ്പൊടി ചാർത്താൻ പുലർകാലത്തിന്റെ നേരിയ വെളിച്ചവും. വിമലൻ ചേട്ടൻ ആ നാടിനെയും നാട്ടാരെയും കുറിച്ചു ധാരാളം സംസാരിച്ചു. ആറിലേക്ക് ചെരിഞ്ഞു നിൽക്കുന്ന മരച്ചില്ലകളിലും മറ്റും തലയിടിക്കാതെ നോക്കാൻ അദ്ദേഹം പറയുന്നുണ്ടായിരുന്നു. 'തല കുനിക്കുക' എന്നതിൻറെ വിവിധ ഭാഷാ പരിഭാഷകളും അദ്ദേഹം ചിരിയോടെ പറഞ്ഞു തന്നു. വഞ്ചിയിൽ മൽസ്യം കൊണ്ടു നടന്നു വിൽക്കുന്നവരെയും, മണ്ണും, ചകിരിയും മറ്റും വഞ്ചിയിൽ നിറച്ചു കൊണ്ടുവരുന്നവരെയും ധാരാളം കണ്ടു. ഇടക്കൊരു ചായക്കടയിൽ നിർത്തി അദ്ദേഹം കട്ടൻ ചായയും പരിപ്പുവടയും മേടിച്ചു തന്നു.
ആറിൽ നിന്നിറങ്ങി, പിന്നീടുള്ള യാത്ര കനാലിലൂടെയാണ്. അതിന്റെ വീതി കൂടിയും കുറഞ്ഞുമിരിക്കും. കനാലിന്റെ ഇരുവശങ്ങളിലുമുള്ള ജീവിതങ്ങൾ മനോഹരമായ കാഴ്ചയാണ്. തനി നാട്ടുമ്പുറത്തെ പച്ച മനുഷ്യരുടെ സംസാരങ്ങളും, കളിചിരികളും, ജോലിത്തിരക്കുകളും, കയറുപിരിക്കലും, മീൻപിടിക്കലും, കുടത്തിൽ വെള്ളം നിറച്ചു കൊണ്ടുപോകലും, മുറ്റത്തെ കലത്തിൽ ആഹാരം പാകം ചെയ്യലും, അങ്ങനെ ഒരുപാടൊരുപാട് കാഴ്ചകൾ. കുട്ടനാട് പോലെയല്ല, ഇവിടെ താറാവുകളെ അധികം കണ്ടില്ല. ഇത്രയും ചെറിയ പാതകളിലൂടെയും ഇത്രയും താഴ്ന്ന കലുങ്കുകൾക്കടിയിലൂടെയുമൊക്കെ നമ്മുടെ വഞ്ചി പോകുമോ എന്നു ചോദിച്ചപ്പോൾ ചിരിയോടെ വിമലൻ ചേട്ടൻ തലയാട്ടി. തലയൊക്കെ കുനിച്ച്, ഇടക്ക് ശരീരം ഒക്കെയൊന്ന് വളച്ച് അഡ്ജസ്റ്റ് ചെയ്‌താൽ, പോകാം എന്നതാണ് സത്യം. ഒരിക്കലും കടന്നു പോകില്ല എന്നു ഉറച്ചു വിശ്വസിച്ച ചില വഴികളിലൂടെ ഒക്കെ വഞ്ചിയിൽ പോകാൻ കഴിഞ്ഞത് പുതുമയാർന്ന അനുഭവമായിരുന്നു.
കനാലിന്റെ വശങ്ങളിലുള്ള വീടുകളും പറമ്പുകളും,പലപ്പോഴും തെങ്ങിൻ തോപ്പുകൾക്കും, പൊക്കാളി പാടങ്ങൾക്കും, ചെമ്മീൻ കെട്ടുകൾക്കും, കുറ്റിക്കാടുകൾക്കും വഴിമാറിക്കൊടുത്തു കൊണ്ടിരുന്നു. കനാലിലേക്ക് ഇറങ്ങി നിൽക്കുന്ന കാടുകൾക്കടിയിലൂടെ വഞ്ചിയിൽ പോകുന്നത് ഒരു വിസ്മയിപ്പിക്കുന്ന അനുഭവമായിരുന്നു. ഓരോ വളവുകൾ തിരിയുമ്പോഴും പുതിയ തരം കാഴ്ചകൾ, അതിനു മോടി കൂട്ടാൻ, "അടുത്തതായി വരാൻ പോകാൻ പോകുന്നത് ഇതിനേക്കാൾ മികച്ചത്" എന്ന് പറഞ്ഞുകൊണ്ടിരുന്ന വിമലൻ ചേട്ടന്റെ മാരക ബിൽഡ് അപ്പും. ശരിക്കും പറഞ്ഞാൽ പല കാഴ്ചകളും നമ്മുടെ രോമങ്ങൾ എഴുന്നേറ്റു നിൽപ്പിക്കുന്ന അത്രയും കൊതിപ്പിക്കുന്നതായിരുന്നു.
കനാലിൽ നിന്ന് മാറി കണ്ടൽകാടുകളിലൂടെയായി പിന്നെ യാത്ര; അതിനിടെ വീതികുറഞ്ഞ, ടാറിട്ട ഗ്രാമപാതകളുടെ കലുങ്കുകൾക്കടിയിലൂടെയും. നമ്മളൊക്കെ പലപ്പോഴും ബസുകളിലും മറ്റും ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യാറില്ലേ? അപ്പോഴൊക്കെ ചെറുവഞ്ചികളിൽ തോടുകളിലൂടെയും, കനാലുകളിലൂടെയും യാത്ര ചെയ്യുന്നവരെ കണ്ടു നമ്മളും കൊതിച്ചു കാണില്ലേ? അങ്ങനെയുള്ളവർക്ക് ഈ വഞ്ചിയാത്രയ്ക്കിടെ റോഡിലേക്ക് നോക്കുമ്പോൾ ഒരു വല്ലാത്ത സുഖമൊക്കെ തോന്നും. കണ്ടൽ കാടുകൾ കഴിഞ്ഞാൽ പിന്നെ അഷ്ടമുടി കായലാണ്. അവിടെന്നു കുറച്ചു വെയിലൊക്കെ സഹിക്കേണ്ടി വരും. കായലിലൂടെയുള്ള യാത്ര തന്നെ മനോഹരമാണ്, പക്ഷെ കണ്ടു കഴിഞ്ഞത് വെച്ച് നോക്കുമ്പോൾ, ഇതൊക്കെ എന്ത് എന്നു തോന്നിപോകും. "ഇനിയും നമ്മൾ കനാലിൽ കയറില്ലേ" എന്ന് ചോദിച്ചപ്പോൾ "അതൊക്കെ കാത്തിരുന്നു കണ്ടോളു" എന്നായിരുന്നു വിമലൻ ചേട്ടന്റെ മറുപടി.
കായൽ കഴിഞ്ഞു, തിരിച്ചു വരുന്ന വഴി മുൻപ് കണ്ടതിനെയെല്ലാം മലർത്തി അടിക്കുന്ന ഒന്നാംതരം കനാൽ ആയിരുന്നു. മുമ്പത്തേതിനേക്കാൾ വീതി കുറഞ്ഞ, ഇടയ്ക്കിടെ കനാലുകളുടെ കവലകളൊക്കെ ഉള്ള അതിമനോഹരമായ വഴി. കുഞ്ഞു കുഞ്ഞു വീടുകളും, ചകിരിക്കയർ നിർമിക്കുന്ന പറമ്പുകളും, പുകപ്പുരകളും എല്ലാം നിറഞ്ഞു നിന്നിരുന്നു അവിടെ. ഒരു ഉഗ്രൻ സിനിമയുടെ അത്യുഗ്രൻ ക്ലൈമാക്സ് പോലെ, തീരെ ഉയരം കുറഞ്ഞ ഒരു കലുങ്കിനടിയിലൂടെ കടന്നാണ് നമ്മൾ അങ്ങോട്ട് യാത്ര പോയ വഴിയിൽ തിരിച്ചെത്തുക. അവിടെ ശരിക്കും വഞ്ചിയുടെ ഇരിപ്പുപടിയിൽ നിന്നിറങ്ങി അടിയിൽ ഇരിക്കേണ്ടി വന്നു. അവിടുന്ന് കനാലിറങ്ങി, തിരിച്ചു കല്ലടയാറിലൂടെ, യാത്ര തുടങ്ങിയ സ്ഥലത്തെത്തും. ചേട്ടന്റെ വീട്ടിൽ തിരിച്ചു പോകേണ്ട ആവശ്യമില്ലാത്തതിനാൽ നേരെ അക്കരെ എത്തിച്ചു. പറഞ്ഞ കാശും ചെറിയൊരു ടിപ്പും നൽകി വഞ്ചിയിറങ്ങി. ആ രണ്ടരമണിക്കൂറിൽ യാത്ര ചെയ്ത സ്ഥലങ്ങളെ കുറിച്ചോർക്കുമ്പോൾ ഒന്നെണീറ്റു നിന്ന് കയ്യടിക്കാനും വിസിൽ അടിക്കാനുമൊക്കെ തോന്നിപ്പോയി. എടുത്ത ചിത്രങ്ങളൊക്കെ എന്നെന്നും സൂക്ഷിക്കാനുള്ള സ്വത്തു തന്നെയായിരുന്നു. സുന്ദരമായ ആ കൊച്ചു ഗ്രാമത്തിലെ കാഴ്ചകൾ കണ്ടുകൊണ്ട് മൺറോ തുരുത്തിൽ നിന്ന് വിട പറഞ്ഞു, മഴക്കാലത്തെ ഒരു പ്രഭാതത്തിൽ, വഞ്ചി സവാരിക്കായി വീണ്ടും അവിടെയെത്തും എന്നുറപ്പിച്ചു കൊണ്ട്.
കൂടുതൽ കഥകൾ, ഈ ചിത്രങ്ങൾ പറയും (മൊബൈൽ കാമറയിൽ എടുത്തതിന്റെ പോരായ്മകൾ ഉണ്ടാകും, ക്ഷമിക്കുക.).
സഞ്ചാര ദൈർഘ്യം: രണ്ടര മണിക്കൂർ
അഭികാമ്യമായ സമയം: പുലർച്ചെ അല്ലെങ്കിൽ വൈകീട്ടു നാല് മണിക്ക് ശേഷം
ചാർജ്: ആളൊന്നിന് 250 രൂപ
വഞ്ചിക്കാരൻ: വിജീഷ്