Tuesday, October 18, 2016

ഇക്കരെ അക്കരെ ഇക്കരെ

 നട്ടെല്ലു വെള്ളമാക്കികൊണ്ടിരിക്കുന്ന ഒരു സോളോ ട്രിപ്പിന്റെ അവസാനദിനങ്ങളിൽ ആയിരുന്നു ഞാൻ അന്ന് - 2016 - സെപ്റ്റംബർ 17 ശനിയാഴ്ച്ച. ഇപ്പോ ഉള്ളത് കേരള - തമിഴ്‌നാട് അതിർത്തി പട്ടണമായ കുമളിയിൽ (ഇടുക്കി ജില്ല). മധുരയിൽ നിന്നാണ് ഇവിടെയെത്തിയത്. മധുരയിൽ നിന്ന് തേനി വന്നിട്ട് കുമളി (ചിന്നമാനൂർ - ഉത്തമപാളയം - കമ്പം വഴി) പോണോ, അതോ സൂര്യനെല്ലി/കോട്ടഗുഡി റൂട്ടിൽ കയറി ബോഡിനായ്ക്കന്നൂർ (കൊടങ്ങിപട്ടി വഴി) പോണോ എന്നൊരു കൺഫ്യൂഷൻ ഉണ്ടായിരുന്നു. എന്റെ ഒറ്റയ്ക്കുള്ള ഈ യാത്രയുടെ അവസാനഘട്ടത്തിൽ എന്റെയൊപ്പം ചേരാൻ വേണ്ടി ഒരു സുഹൃത്ത് ചെന്നൈയിൽ നിന്നു മധുരയിൽ വന്നിരുന്നു. അവന് അന്ന് വൈകീട്ട് കുമളിയിൽ നിൽക്കാനാണ് താല്പര്യം എന്നെന്നോട് പറഞ്ഞിരുന്നു. അങ്ങനെ കുമളിക്ക് പോകാൻ തീരുമാനിച്ചു.

>>> നോട്ട്: തേനിയിൽ നിന്ന് കമ്പം വന്നിട്ട്, സുരുളി എന്നൊരു വെള്ളച്ചാട്ടം കാണാൻ പോകാവുന്നതാണ്. 15 കിമി കമ്പത്തു നിന്ന്. സമയപരിമിധി മൂലം പോകാൻ പറ്റിയില്ല.<<<

തേനിയിൽ നിന്ന് കമ്പം വന്നു, അവിടത്തെ ബസ് സ്റ്റാൻഡിൽ നിന്ന് എരിവുള്ള കുറെ പലഹാരങ്ങളൊക്കെ വലിച്ചുവാരി തിന്നു. ഇതിനിടെ ഒരു അമ്മൂമ്മ വന്നിട്ട് എന്തേലും കൊടുക്കാൻ പറഞ്ഞു. അവരെ ഒരു ചായക്കടയിൽ കൊണ്ടുപോയി എന്താണ് വേണ്ടതെന്നു ചോദിച്ചപ്പോൾ അവർ ഓറഞ്ച് ഫ്ലേവർ വണ്ടർ കേക്ക് ചൂണ്ടി കാണിച്ചു. അവർക്ക് അതെടുത്തു കൊടുത്തപ്പോൾ അവരൊന്നു കൈകൂപ്പിയിട്ട് നടന്നകന്നു. കുറച്ച് പലഹാരങ്ങൾ കയ്യിലെടുത്തു നടന്നിട്ട് കുമളിക്കുള്ള ബസിൽ കയറി.ഒരു മുക്കാൽ മണിക്കൂർ യാത്രയെ ഉള്ളൂ അവിടുന്ന് കുമളിക്ക്. കുമളിക്ക് 2 ടിക്കറ്റ് പറഞ്ഞിട്ട് കാഴ്ചകളൊക്കെ കണ്ടങ്ങനെ ചാരിയിരുന്നു യാത്ര ചെയ്തു. അല്പദൂരം കഴിഞ്ഞപ്പോൾ റോഡ് സൈഡിൽ കുറെ ആളുകളെ കണ്ടു. അടുത്തെത്തിയപ്പോൾ കാര്യം മനസ്സിലായി, അവിടത്തെ മുന്തിരിത്തോപ്പുകൾ കാണാൻ വന്നവരാണ്. സുഹൃത്തിനെ ചോദ്യഭാവത്തിൽ നോക്കിയപ്പോൾ അവൻ തല പുറത്തിട്ട് ഈ കാഴ്ച കണ്ടോണ്ടിരിക്കുകയായിരുന്നു. അടുത്ത ഷോട്ട് എന്താന്ന് വെച്ചാൽ, മുന്തിരിത്തോപ്പിലൂടെ നടക്കുന്ന ഞങ്ങളുടെ ക്ലോസ് അപ്പ് ആണ്. മുന്തിരിത്തോപ്പുകൾക്കിടയിലൂടെ കുറെ നടന്നു, അവിടുത്തെ മുന്തിരികളിൽ നിന്നുണ്ടാക്കിയതെന്നു പറയപ്പെടുന്ന ഫ്രഷ് വീഞ്ഞ് കുടിച്ചു (സത്യം പറയാലോ, നല്ല തല്ലിപൊളിയാണ്). കമ്പത്തു നിന്ന് കുമളിക്ക് പോകുന്ന അടുത്ത ബസിനായി കാത്തിരുന്നു. ഒരൊറ്റ ബസും ആ സ്റ്റോപ്പിൽ നിർത്തില്ല എന്ന് പതിയെ മനസ്സിലായി തുടങ്ങി. കുറെ കഴിഞ്ഞപ്പോൾ ഒരു ഓട്ടോക്കാരൻ ആളൊന്നിന് പത്തു രൂപ വാങ്ങി ഞങ്ങളെ അടുത്ത കവലയിൽ വിട്ടു. അവിടുന്ന് ഉടനെ തന്നെ കുമളിക്ക് ബസും കിട്ടി. അവിടത്തെ ലോവർ ക്യാമ്പ് മുതൽ കുമളി വരെയുള്ള ചുരം കിടിലമാണ്. അങ്ങനെ ഞങ്ങൾ അക്കരെ നിന്ന് കുമളി ചെക്ക്പോസ്റ്റ് വഴി ഇക്കരെയെത്തി (കേരളത്തിൽ എത്തി, അയിനാണ് :D).

കുമളിയിൽ നിന്നു തേക്കടിക്കു പോകുന്ന വഴിയിലുള്ള ആ മനോഹരമായ റിസോർട്ടിന്റെ (800 രൂപക്ക്, 2 പേർക്ക് താമസിക്കാൻ നല്ലൊരു കിടിലൻ റൂം) പിറകിലായുള്ള പുൽത്തകിടിയിൽ ചാരിയിരുന്നു, നടന്നുകൊണ്ടിരിക്കുന്ന ആ യാത്രയെ കുറിച്ചോർത്തു. കുടിച്ചുക്കൊണ്ടിരുന്ന ചൂടുകാപ്പിയുടെ ഓരോ കവിളും യാത്രയുടെ ഫ്ലാഷ്ബാക്കിനു കൂടുതൽ ഉന്മേഷം പകർന്നു. ശരിക്കും സുഖമുള്ള അനുഭവം, പ്രത്യേകിച്ചും തമിഴ്‍നാട്ടിലെ ചൂടിൽ നിന്ന് ഇടുക്കിയിലെ തണുപ്പിലെത്തിയപ്പോൾ.
സെപ്റ്റംബർ 9 നു രാത്രി തൃശൂർ ന്നു വിട്ടതാ, 8 - 9 ദിവസങ്ങളായി ഈ കറക്കം തുടങ്ങിയിട്ട്. പോയ ദിവസങ്ങളിലെ അനുഭവങ്ങളിങ്ങനെ മനസ്സിലേക്ക് വന്നു കൊണ്ടിരുന്നു. തെങ്കാശിയിലെ ചന്തകളും, തൂത്തുക്കുടിയിലെ ഭക്ഷണശാലകളും, ഏർവാടിയിലെ ദർഗയും, രാമേശ്വരത്തെ സൂര്യോദയവും, ധനുഷ്കോടിയിലെ ഇടിഞ്ഞു പൊളിഞ്ഞ പള്ളിയും, തഞ്ചാവൂരിലെ ക്ഷേത്രത്തിനടുത്ത്, ഞാൻ തളർന്നു കിടന്നുറങ്ങിപ്പോയ പാർക്കിംഗ് സ്പേസിലെ ബെഞ്ചും, കുംഭകോണത്തെ ചുട്ടുപൊള്ളുന്ന വെയിലത്തു തിളച്ചു മറിയുന്ന കുമ്പതീർത്ഥവും, വേളാങ്കണ്ണിയിൽ സുനാമി ദുരന്തബാധിതരെ താമസിപ്പിച്ചേക്കുന്ന ഇടുങ്ങിയ ആ കോളനിയും, നാഗപട്ടണത്തെ കടലോര ഗ്രാമങ്ങളും, പോണ്ടിച്ചേരിയിലെ ആ മനോഹരമായ നാലുകെട്ട് സ്റ്റൈലിൽ ഉള്ള റിസോർട്ടും, മധുര മീനാക്ഷി ക്ഷേത്രത്തിൽ നിന്ന് പ്രഭാതത്തിൽ കേട്ട ഓം നമഃ ശിവായ ധ്വനികളും, ഉസിലാംപട്ടി യിലെ വഴിയോര കച്ചവടക്കാരും അങ്ങനെ ഓരോന്നോരോന്നും, ഒരു ഫിലിം പോലെ അങ്ങനെ ഓർത്തു തണുപ്പത്ത് കിടക്കാൻ നല്ല രസമായിരുന്നു. പിറ്റേന്നു ഞായറാഴ്ച, യാത്ര അവസാനിക്കുകയാണ്, അത് കൊണ്ട് തന്നെ ആ ദിവസം അവിസ്മരണീയമാക്കണമെന്നു മനസ്സിലുറപ്പിച്ചു. എഴുന്നേറ്റു പുറത്തിറങ്ങി ഭക്ഷണം കഴിച്ചു, സുഹൃത്തിനു ചെന്നൈയിലേക്ക് തേനിയിൽ നിന്നുള്ള ബസ് ബുക്ക് ചെയ്തു. (കുമളിയിൽ നിന്നുള്ള ഡയറക്റ്റ് ബസിൽ സീറ്റില്ലാരുന്നു, പക്ഷേ കുമളിയിൽ നിന്ന് തേനി വരെ ഡ്രൈവർ സീറ്റിനടുത്തുള്ള സീറ്റിൽ കൊണ്ടുപോയിട്ട്, അവിടുന്ന് ചെന്നൈ ബസിൽ കയറ്റി വിടാമെന്ന് പറഞ്ഞു.) അപ്പോൾ ഞായറാഴ്ചത്തെ പ്ലാൻ എന്തായാലും, സുഹൃത്തിനെ 6 മണിക്കു മുൻപ് കുമളിയിൽ തിരിച്ചെത്തിക്കണം. 6.30 നു കുമളിയിൽ നിന്ന് കേറി 8.30 നു  തേനിയിൽ എത്തി, അവിടുന്ന് 9.15 നു ചെന്നൈ ബസ് കേറുക എന്നതാണ് അവന്റെ പരിപാടി. ചോദിച്ച സംശയങ്ങളൊക്കെ വീണ്ടും വീണ്ടും ചോദിച്ചു ടൂർ ഓപ്പറേറ്ററെ നല്ലോണം വെറുപ്പിച്ചു. ഇത്രയൊക്കെ കളിച്ചിട്ടും കുമളി തിരിച്ചെത്താനാവാതെ വേറൊരു വഴിക്ക് തേനിയിൽ പോയി ചെന്നൈക്ക് ബസ് കേറേണ്ടി വന്നു അവന്; ആ കഥ വഴിയേ വായിക്കാം.

വിചാരിച്ചതിനെക്കാളും വൈകിയാണ് ഞായറാഴ്ച ഉണർന്നത്. എണീറ്റയുടനെ തന്നെ പ്ലാനിംഗ് തുടങ്ങി. ഇടുക്കിയിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് പോകുന്ന പ്രധാന വഴികൾ നോക്കി. തലേന്നു യാത്ര ചെയ്ത കുമളി - കമ്പം, പിന്നെ മൂന്നാർ - മറയൂർ - ചിന്നാർ - ഉദുമൽപേട്ട, പൂപ്പാറ - ബോഡിമെട്ടു - ബോഡിനായ്ക്കന്നൂർ, വണ്ടൻമേട് - കമ്പംമെട്ട് - കമ്പം. ഇതിൽ അവസാനം പറഞ്ഞ 2 റൂട്ടുകളിൽ മുൻപ് പോയിട്ടില്ല. അതോടെ പ്ലാൻ തീരുമാനമായി.
കുമളിയിൽ നിന്ന് കട്ടപ്പന അല്ലെങ്കിൽ വണ്ടൻമേട് പോകുന്നു, അവിടുന്ന് കമ്പംമെട്ട് വഴി തമിഴ്‍നാട്ടിൽ കേറുന്നു, അവിടുന്ന് കമ്പം - ബോഡിനായ്ക്കന്നൂർ പോയി, ബോഡിമെട്ടു വഴി കേരളത്തിൽ കയറി പൂപ്പാറ എത്തുന്നു, പൂപ്പാറയിൽ നിന്നു സുഹൃത്ത് കുമളിക്ക് തിരിച്ചു വരുന്നു, ഞാൻ പൂപ്പാറയിൽ നിന്ന് ഉടുമ്പൻചോല - നെടുങ്കണ്ടം - കട്ടപ്പന - തൊടുപുഴ വഴിയോ, അല്ലെങ്കിൽ  മൂന്നാറോ രാജാക്കാടോ പോയി മലയിറങ്ങി അടിമാലി വഴിയോ, തൃശ്ശൂർക്കോ കൊച്ചിക്കോ പോകുന്നു. ഇതായിരുന്നു പ്ലാൻ.

കുമളിയിൽ നിന്ന് കട്ടപ്പനക്ക് പല വഴികളുണ്ട്; ആനവിലാസം - കാഞ്ചിയാർ വഴി, അണക്കര - പുറ്റടി - വണ്ടൻമേട് വഴി(അതാണ് കുമളി - മൂന്നാർ ഹൈവേ), പിന്നെയും ഒന്നോ രണ്ടോ വഴികൾ വേറെയുമുണ്ട്.  ഞങ്ങൾ രണ്ടും കുമളിയിൽ നിന്നു വണ്ടൻമേട് വഴി കട്ടപ്പനക്കുള്ള പ്രൈവറ്റ് ബസ് കയറി. സുഹൃത്തിനു ഒരു വിന്ഡോ സീറ്റ് തരപ്പെട്ടു. ഞാൻ, ഒരു പയ്യനോട് കെഞ്ചി കെഞ്ചി അവന്റെ വിന്ഡോ സീറ്റ് സംഘടിപ്പിച്ചെടുത്തു, സന്തോഷത്തിനു വേണ്ടി അവനു കുറച്ചു കപ്പലണ്ടിയും കൊടുത്തു. നേരിയ മഴയുണ്ടായിരുന്നത് യാത്രയുടെ മാറ്റു കൂട്ടി. ഈ വഴിക്ക് ഒരു കിടിലൻ പള്ളിയുണ്ട്, സ്ഥലപ്പേര് ഓർക്കുന്നില്ല. തമിഴ്‍നാട്ടിൽ കയറിയും ഇറങ്ങിയുമൊക്കെയാണ് ഈ റൂട്ട് പോകുന്നത് എന്ന് തോന്നുന്നു. കണ്ടക്ടറുമായി സൗഹൃദം സ്ഥാപിച്ചതിലൂടെ, കട്ടപ്പനയോ വണ്ടൻമേടോ പോകേണ്ടതില്ലെന്നും, പുറ്റടി എന്ന സ്ഥലത്ത് ഇറങ്ങിയിട്ട് പിറകെ വരുന്ന നെടുങ്കണ്ടം ബസിൽ കയറിയാൽ കമ്പംമെട്ട് എത്താമെന്നും അറിയാൻ കഴിഞ്ഞു. നെടുങ്കണ്ടം പോകുന്ന ബസ് എന്തിനു കമ്പംമെട്ട് വഴി ചുറ്റി പോകണമെന്ന് ഞാനോർത്തു; എന്തായാലും അങ്ങനൊരു റൂട്ടിൽ ബസ് സർവീസ് ഉണ്ട്. പുറ്റടി ബസ് സ്റ്റോപ്പിൽ ഇറങ്ങി നിവരുമ്പോഴേക്കും നെടുങ്കണ്ടം ബസ്സെത്തി, വലത്തോട്ടുള്ള വഴിയിൽ തിരിച്ചു നിർത്തി. റോഡ് ക്രോസ്സ് ചെയ്തു ഓടിപ്പോയി ബസിൽ കയറി. വിൻഡോ സീറ്റ് കിട്ടിയില്ല. സുഹൃത്തിന്റെ അടുത്തിരുന്ന ചേട്ടൻ അല്പദൂരം കഴിഞ്ഞപ്പോൾ അവനു വിൻഡോ സീറ്റ് ഒഴിഞ്ഞു കൊടുക്കുന്നത് കണ്ടു. പുറ്റടിയിൽ നിന്ന് നെറ്റിത്തൊഴു - തങ്കച്ചൻ കട വഴിയാണ് ബസ്. നല്ല ഉഗ്രൻ മലയാളം - തമിഴ് ചുവയുള്ള ആ റൂട്ട് അതിമനോഹരമായിരുന്നു. കമ്പംമെട്ട് ചെക്ക്പോസ്റ്റിനടുത്ത് ഞങ്ങളെ ഇറക്കി, ബസ് ഇടത്തോട്ട് തിരിഞ്ഞു. നേരെ പോയാൽ ചെക്ക്പോസ്റ് കടന്നു തമിഴ്‌നാട്, ഇടത്തോട്ട് പോയാൽ കൂട്ടാർ - തൂക്കുപാലം വഴി നെടുങ്കണ്ടം. (തൂക്കുപാലം കവല, നമുക്ക് രാമക്കൽമേട്‌ നിന്ന് കട്ടപ്പന പോകുമ്പോ കാണാം. പണ്ടൊരിക്കൽ ആ കവലയിൽ വെച്ച്  ഇടത്തോട്ട് കമ്പംമെട്ട് എന്നും വലത്തോട്ട് കട്ടപ്പന എന്നും ബോർഡ് കണ്ടത് ഓർക്കുന്നു). ചെക്ക്‌പോസ്റ്റിൽ പോലീസുകാരുടെ ചെക്കിങ്ങ് മാമാങ്കം, കമ്പത്തു നിന്ന് ഇടുക്കിക്കും തിരിച്ചും, കഞ്ചാവ് കൊണ്ടുപോകുന്നവരെ പൊക്കാനുള്ള നിൽപ്പാണ്. കമ്പത്തേക്കു അവിടുന്ന് ബസ് സർവീസ് ഇല്ലാന്ന് പറഞ്ഞു കേട്ടു. സർവീസ് ജീപ്പുണ്ട്; കൊള്ളാം, കമ്പംമെട്ട് നിന്ന് ജീപ്പിൽ ചുരമിറങ്ങി കമ്പത്തെത്താം. ജീപ്പിനുള്ളിൽ ഞങ്ങൾ ബാഗ് വെച്ച് പുറത്തിറങ്ങി. ശങ്ക മൂത്തിട്ട്, അവിടെയൊരു കുറ്റിക്കാട്ടിൽ മൂത്രമൊഴിക്കാൻ പോയ എന്നെ ഒരു അമ്മച്ചി ഓടിച്ചു തിരിച്ചു ജീപ്പിൽ കയറ്റി, നല്ല തെറിയുടെ അകമ്പടിയോടെ. പിന്നെ വേറൊരു വഴിക്ക് കുറച്ച് നടന്നു കാര്യം സാധിച്ചൂന്നു വരുത്തി തിരിച്ചു ജീപ്പിൽ കയറി.

ജീപ്പ് പുറപ്പെട്ടു. അതിമാരക റൂട്ട് തന്നെ! ഹെയർപിന്നുകൾ ഇറങ്ങുമ്പോൾ, കമ്പം ടൗണിന്റെ വിദൂര ദൃശ്യങ്ങൾ തെളിഞ്ഞു വരും. അധികം ബഹളമൊന്നുമില്ലാത്ത നല്ല ഭംഗിയുള്ളൊരു ചുരം. ആളൊന്നിന് ഇരുപത് രൂപ, കമ്പം വരെ. അവിടുന്ന് ജീപ്പ് ആളെ കയറ്റി തിരിച്ചു കമ്പംമെട്ട് വരും. ജീപ്പിറങ്ങി നടന്ന് ഒരു ബസ് സ്റ്റോപ്പിലെത്തി. വയറ് കത്തിത്തുടങ്ങിയിരുന്നു. ഏതായാലും ബോഡിനായ്ക്കന്നൂരെത്തിയിട്ട് (ബോഡി എന്നും പറയും) കഴിക്കാമെന്നു വെച്ചു. കമ്പത്തൂന്നു പ്രധാനമായും 2 വഴികളാണ് ബോഡിക്കുള്ളത്. കമ്പം - തേനി റൂട്ടിൽ പോയിട്ട് ഏകദേശം തേനി എത്താൻ നേരം, ഇടത്തോട്ട് തിരിഞ്ഞു, തേനി - മൂന്നാർ റൂട്ടിൽ കയറിയാണ് ഒരു വഴി. ഇതാണെങ്കിൽ ഈ യാത്രയുടെ ഒരു 75 % ഇന്നലെ ഇങ്ങോട്ട് വന്ന വഴി (തേനി - കമ്പം) തന്നെയാകും  പിന്നെയുള്ളത് കമ്പത്തൂന്നു കോമ്പയി - തേവാരം വഴിയുള്ള ഒരുൾനാടൻ റൂട്ട്. ബസ് വന്നപ്പോൾ ഓടിക്കയറി. തേവാരം വഴിയാകണേന്നു ശരിക്കും ആശിച്ചു പോയി. അല്പദൂരം കഴിഞ്ഞു ഉത്തമപാളയം എന്ന ഒരു ചെറുപട്ടണത്തിനു മുൻപായി ഒരു Y കവലയുണ്ട്. അവിടുന്ന് ഇടത്തോട്ട് പോയാൽ തേവാരം, വലത്തോട്ട് പോയാൽ തേനി. മോഹഭംഗം വരുത്തിക്കൊണ്ട് ബസ് വലത്തോട്ട് തിരിഞ്ഞു. ചെറിയൊരു നിരാശ തോന്നിയെങ്കിലും, ഇതൊക്കെ എന്ത്, നമുക്ക് ബോഡി - പൂപ്പാറ ചുരം എന്ന മാസ്മരിക ഐറ്റം വരാനുണ്ടല്ലോ എന്നോർത്ത് ആശ്വസിച്ചു. ഉത്തമപാളയം ബസ് സ്റ്റാൻഡിൽ നിന്ന് ആളെക്കയറ്റിയ ബസ് കമ്പം ദിശയിലേക്ക് തന്നെ തിരിച്ചു പോകുന്നതറിഞ്ഞ നിമിഷം മനസ്സിൽ തണുപ്പടിച്ചു. Y കവലയിലെത്തി ഏകദേശം ഒരു യൂ-ടേൺ എടുക്കുന്ന പോലെ തേവാരം റൂട്ടിലേക്ക് തിരിച്ചു. കോമ്പയി - തേവാരം റൂട്ട് മിക്കയിടത്തും വരണ്ടുണങ്ങിയിട്ടാണ്. അല്പദൂരം അങ്ങനേ പോയാൽ കാറ്റാടി യന്ത്രങ്ങളൊക്കെ കാണാം. വിചാരിച്ചതിനേക്കാൾ നേരത്തെ ബോഡി എത്തി. ബസ് സ്റ്റാൻഡിൽ എത്തിയിട്ട് ആദ്യം ചെയ്ത കാര്യം പൂപ്പാറയ്ക്കു ബസ്സുണ്ടോ എന്ന് അന്വേഷിക്കലായിരുന്നു. സ്റ്റാൻഡിന്റെ ഒരൊഴിഞ്ഞ കോൺ ചൂണ്ടിക്കാണിക്കപ്പെട്ടു. അവിടത്തെ ഏറ്റവും അറ്റത്തെ 2 പ്ലാറ്റ് ഫോമുകളിൽ  ഒന്നിൽ എഴുതിയത് കോട്ടഗുഡി എന്നും മറ്റേതിൽ സൂര്യനെല്ലി എന്നും ആയിരുന്നു. കോട്ടഗുഡി സ്റ്റാൻഡിലാണ് കുരങ്ങിണി, കോട്ടഗുഡി ബസുകൾ വരിക. സൂര്യനെല്ലി സ്റ്റാൻഡിലാകട്ടെ, സൂര്യനെല്ലി, പൂപ്പാറ, മൂന്നാർ  ബസുകളും. തമിഴ് നടി മനോരമയെ അനുസ്മരിപ്പിക്കുന്ന ഒരു അമ്മച്ചി അവിടെ ചായക്കട നടത്തിയിരുന്നു. അവിടുന്ന് എന്തൊക്കെയോ വലിച്ചുവാരി കഴിച്ചു. പുറത്തിറങ്ങി ഊണ് കഴിക്കാൻ തോന്നിയില്ല; ബസ്സെങ്ങാനും പോയാലോന്നു പേടിച്ചിട്ട്. ചോദിച്ചപ്പോഴെല്ലാം ബസ് ഉടനെ വരുമെന്നായിരുന്നു മറുപടി. പൂപ്പാറ എത്തിയിട്ട് വിശദമായിട്ട് കഴിക്കാമെന്നുറപ്പിച്ചു ബസും കാത്തങ്ങനെയിരുന്നു.

ഏകദേശം 1.30 ആയപ്പോഴാണ് ഞങ്ങൾ കാത്തിരിപ്പു തുടങ്ങിയത്. അര മണിക്കൂർ കഴിഞ്ഞു, ഒരു മണിക്കൂർ കഴിഞ്ഞു, ബസ് വന്നില്ല. ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ പറക്കുംതളിക സിനിമയിൽ ചെടിയും മരങ്ങളും കൊണ്ടലങ്കരിച്ച ദിലീപിന്റെ ബസ് കല്യാണവീട്ടിലേക്ക് വന്ന പോലെ, നിറയെ ആളുകളും, കുട്ടയും, വട്ടിയും, ചാക്കുകെട്ടുകളുമൊക്കെയായിട്ട് ഒരു കേരള സ്റ്റേറ്റ് ബസ് വന്നു (തേനി - മൂന്നാർ ബസ്). അതിൽ കേറുന്നത് പോട്ടെ, ഉള്ളോട്ടൊന്നു നോക്കാൻ പോലും പറ്റുമായിരുന്നില്ല. തേനിയിൽ നിന്ന് അവധി കഴിഞ്ഞു വരുന്ന പൂപ്പാറ, മൂന്നാർ ഭാഗങ്ങളിൽ ജീവിക്കുന്ന തമിഴന്മാരായിരുന്നു ബസ് മുഴുവൻ. ഒന്നോ രണ്ടോ പേർ എങ്ങനൊക്കെയോ ആ ബസിൽ തൂങ്ങിപ്പിടിച്ചു പോയി. ഫുൾ ടെൻഷൻ, ഇനിയുള്ള ബസുകൾ അതിനേക്കാൾ ഭീകരമായിരിക്കാനാണ് ചാൻസ്. മൂന്നാറിലേക്കുള്ള ബസ് കയറാൻ കാത്തിരിക്കുന്നവരുടെ എണ്ണമാണെങ്കിൽ മിനിട്ട് വെച്ചു കൂടിക്കൊണ്ടിരിക്കുന്നു. കാത്തിരിപ്പു പിന്നെയും നീണ്ടു. അവസാനം ഒരു അതിബുദ്ധി വരെ ആലോചിച്ചു. തേനിയിൽ പോയി മൂന്നാർ ബസ് കയറുക; അവിടുന്നാണല്ലോ ബസ് എടുക്കുന്നത്, അതുകൊണ്ട് സീറ്റ് കിട്ടാൻ ചാൻസുണ്ട്. അങ്ങനെ ഓർത്തോർത്തിരുന്നപ്പോ ദേ വരുന്നു പൂപ്പാറ വഴിയുള്ള ബസ്. നോക്കിയപ്പോൾ മൂന്നാറിലേക്കല്ല, ഖജനാപ്പാറ എന്ന് ഒരുവിധം വായിച്ചെടുത്തു. ബസിലാണെങ്കിൽ ഒടുക്കത്തെ തിരക്ക്. എങ്ങനെയോ വലിഞ്ഞു കയറി സ്റ്റെപ്പിന്റെ മുകളിൽ നിന്നു. അപ്പോ ഏറ്റവും പിറകിലെ സീറ്റിലിരിക്കുന്ന ഒരമ്മാവൻ (അദ്ദേഹത്തെ പിന്നീട് പരിചയപ്പെട്ടു - റഹീം സർ) അല്പം കഴിഞ്ഞാൽ മൂന്നാർ ബസ് വരുമെന്നും, അതില് ഇത്ര തന്നെ തിരക്കുണ്ടാകില്ലെന്നും പറഞ്ഞു. അതിന്റെ കാരണമെന്താന്നു വെച്ചാൽ, ഈ ബസിൽ യാത്ര ചെയ്യുന്നവർ മിക്കവരും ഖജനാപ്പാറയിലെ ആദിവാസിക്കുടികളിലേക്കുള്ളവരാണ്, എന്ന് അറിയാൻ കഴിഞ്ഞു. എന്നോട് എങ്ങോട്ടാന്നു ചോദിച്ചപ്പോൾ തൃശ്ശൂർക്കാണെന്നു ഞാൻ പറഞ്ഞു. കുമളി - പൊൻകുന്നം വഴി പോകാലോ എന്നദ്ദേഹം ചോദിച്ചപ്പോൾ ഈ വഴി കാണാനുള്ള കൊതി കൊണ്ടു വന്നു പെട്ടതാണെന്ന് പറഞ്ഞു. അങ്ങനെ മനസ്സില്ലാമനസ്സോടെ ആ ബസിറങ്ങി.

ഇതിനിടക്ക് വേറൊരു ചർച്ച പുരോഗമിക്കുന്നുണ്ടായിരുന്നു. പൂപ്പാറ പോയാൽ 6 മണിക്ക് തിരിച്ചു കുമളി എത്തില്ലാന്നു ഏതാണ്ടുറപ്പായിരുന്നു. എങ്കിൽ നമ്മുടെ സുഹൃത്ത് അവിടുന്ന് നേരിട്ട് തേനിക്കു പോയി ചെന്നൈക്കുള്ള രാത്രിവണ്ടി പിടിക്കാമെന്നു പറഞ്ഞു. അവസാനം കുറച്ചു നേരം നോക്കിയിട്ട്, പൂപ്പാറ ബസ് വരുവാണെങ്കിൽ, പൂപ്പാറ ഇറങ്ങിയ ഉടനെ അടുത്ത ബസ് കയറി തിരിച്ചു ബോഡി വഴി തേനിക്കു പോകാമെന്നായി. ടൂർ ഓപ്പറേറ്ററെ വിളിച്ചു, കുമളിയിൽ നിന്നു തേനിക്കുള്ള ബസിൽ, ഡ്രൈവറുടെ അടുത്തുള്ള സീറ്റിൽ ഇരിക്കാൻ താനുണ്ടാകില്ലെന്നും തേനിയിൽ നേരിട്ടു പോയി ചെന്നൈ ബസ് കേറിക്കോളാമെന്നും അവൻ വിളിച്ചു പറഞ്ഞു. അൽപനേരം കഴിഞ്ഞപ്പോൾ മൂന്നാർ ബസെത്തി. ഓടിക്കയറിയെങ്കിലും സീറ്റൊന്നുമില്ലായിരുന്നു. പുറത്തേക്കു കുറച്ചെങ്കിലും കാണാവുന്ന രീതിയിൽ വളഞ്ഞു നിന്നിട്ട് ആ യാത്ര തുടങ്ങി. പശ്ചിമഘട്ടത്തിലെ ഏറ്റവും ഭംഗിയുള്ള ചുരങ്ങളിൽ ഒന്നായ ബോഡി - പൂപ്പാറ ചുരം അങ്ങനെ പശുവിനെ പോലെ നിന്ന് കണ്ടങ്ങനെ പോയി. ഒരൊറ്റ ഫോട്ടോ പോലും എടുക്കാൻ പറ്റിയില്ല. ബസ് വളരെ പതുക്കെയാണ് പോയത്. കേരള അതിർത്തിയോട് അടുക്കുംതോറും കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങൾ മാരക ഫീൽ ആയിരുന്നു. തണുപ്പിങ്ങനെ മൂക്കിലടിച്ചു കയറും. അതിർത്തിയായ ബോഡിമെട്ടിൽ കുറെ നേരം പിടിച്ചിടുമെന്നു പറയുന്നത് കേട്ടതോടെ പ്ലാൻ വീണ്ടും മാറ്റേണ്ടിവരുമെന്നു ബോധ്യമായി. അങ്ങനെ എന്റെ സുഹൃത്ത് ബോഡിമെട്ടിൽ ഇറങ്ങിയിട്ട്, തിരിച്ചു ബസിൽ കയറി ബോഡി വഴി തേനിക്ക് പോകാമെന്നു തീരുമാനമായി. ഞരങ്ങിയും മൂളിയും ബസ് ബോഡിമെട്ടിലെത്തി.

സുഹൃത്തുക്കളെ, ഈ ബോഡിമെട്ട് എന്നു പറഞ്ഞാൽ ഒരു സംഭവം തന്നെയാണ്. അതൊരു മലയുടെ ഉച്ചിയാണ്, അവിടുന്ന് കുറച്ചു ചുരമിറങ്ങിയാൽ മതികെട്ടാൻ ചോല നാഷണൽ പാർക്കിന്റെ ഓരത്തൂടെ പൂപ്പാറ എത്താം. ബോഡിമെട്ടിലിറങ്ങിയ ഞങ്ങൾ ഓരോ ചായ കുടിച്ചു. ഒരു തേനി ബസ് ഏകദേശം പുറപ്പെടാറായി നിൽപ്പുണ്ടായിരുന്നു. അതിൽ സീറ്റുണ്ടെന്നു കണ്ടപ്പോൾ സുഹൃത്ത് അതിൽ തിരിച്ചു പോകാമെന്നു പറഞ്ഞു. ചെക്ക്പോസ്റ്റിനപ്പുറം വരെ നടന്നു കുറച്ചു ഫോട്ടോസൊക്കെ എടുത്തു. യാത്രാമൊഴിയായി ഞാൻ സുഹൃത്തിനോട്, ഫേസ്ബുക്കിൽ കവർ ഫോട്ടോ ആക്കാൻ വേണ്ടി ചാർളി സ്റ്റൈലിൽ ഒരു ഫോട്ടോ എടുത്തുതരാൻ പറഞ്ഞു. ചെക്ക്പോസ്റ്റിനടുത്ത് നിന്ന് കൈയ്യൊക്കെ വിരിച്ചു ഞാൻ പോസ് ചെയ്തു. ചാർളി ആയോ എന്നുള്ളത് വേറെ കാര്യം, ഹുഹുഹു. അങ്ങനെ ആ മലമുകളിൽ വെച്ചു ഞങ്ങൾ വഴിപിരിഞ്ഞു. ബോഡിമെട്ടിൽ നിന്ന് മതികെട്ടാൻ ചോല വഴിയുള്ള യാത്ര പറഞ്ഞറിയിക്കാൻ പറ്റില്ല; നല്ല ഉഗ്രൻ കാലാവസ്ഥയും. സുഹൃത്തിനെ പറഞ്ഞു വിട്ടു കഴിഞ്ഞപ്പോളാണ് ഇനി ഞാനെന്തു ചെയ്യുമെന്ന ചിന്ത വന്നത്. ശരിയാണല്ലോ, പൂപ്പാറ ഇറങ്ങിയിട്ട് അടിമാലിക്കോ കട്ടപ്പനക്കോ ബസ് കിട്ടിയില്ലെങ്കിലോ? 6 മണി ആവാറായ സ്ഥിതിക്ക് കട്ടപ്പനക്ക് ബസ് കിട്ടില്ലെന്ന്‌ എനിക്ക് ബോധ്യമായി. കാരണം, പൂപ്പാറ - കട്ടപ്പന റൂട്ടിലുള്ള ഉടുമ്പന്ചോലയിൽ വെച്ച്, പണ്ടൊരിക്കൽ ഞാൻ 5.30 നുള്ള ലാസ്‌റ് ബസ് മിസ്സായിട്ട് നെടുങ്കണ്ടം വരെ ഓട്ടോയിൽ പോയിട്ടുണ്ട്. നെടുങ്കണ്ടത്തൂന്നാണ് പിന്നെ കട്ടപ്പനക്ക് ബസ് കിട്ടിയത്. (ആ യാത്രയെ പറ്റി എഴുതണമെന്നുണ്ട്, പിന്നീടാവട്ടെ). പൂപ്പാറ ഇറങ്ങാതെ മൂന്നാർക്കു പോയാൽ അവിടുന്ന് ഏതേലും ബസ് കിട്ടാൻ ചാൻസുണ്ട്. പക്ഷെ, ബ്ലോക്കിൽ പെട്ട് ഞാൻ തുലയും. ആരോടേലും ഒന്ന് ചോദിച്ചാലോ എന്നോർത്തു തിരിഞ്ഞു നോക്കിയപ്പോൾ, ദേ നല്ലൊരു പുഞ്ചിരിയുമായി ഒരു ചേട്ടൻ. പരിചയപ്പെട്ടപ്പോൾ, അദ്ദേഹം അടിമാലിക്കടുത്തുള്ള ഏതോ ഉൾഗ്രാമത്തിലെ പള്ളിയിലെ പാസ്റ്ററാണ്, ഇപ്പോൾ തിരുനെൽവേലിയിൽ നിന്ന് വരികയാണെന്ന് പറഞ്ഞു. ഞാനും ഏതാനും ദിവസങ്ങൾക്കു മുൻപ് തിരുനെൽവേലിയിൽ ഉണ്ടായിരുന്നെന്നു ഞാൻ പറഞ്ഞു. അദ്ദേഹത്തോട് ഞാനെന്റെ പ്ലാൻ അവതരിപ്പിച്ചു (ഒന്നുകിൽ പൂപ്പാറ - ഉടുമ്പൻചോല - നെടുങ്കണ്ടം - കട്ടപ്പന - തൊടുപുഴ - പെരുമ്പാവൂർ, അല്ലെങ്കിൽ പൂപ്പാറ - രാജകുമാരി - രാജാക്കാട് - അടിമാലി - പെരുമ്പാവൂർ). രണ്ടായാലും ഇനി ബസുണ്ടാകാൻ ചാൻസില്ലെന്നു അദ്ദേഹം പറഞ്ഞു. പൂപ്പാറയിൽ നിന്ന് രാജാക്കാട് പോകുന്ന വഴിയിൽ കുരുവിള സിറ്റി എന്ന സ്ഥലത്ത് അദ്ദേഹത്തിൻറെ ബൈക്ക് ഉണ്ടെന്നും, പൂപ്പാറയിൽ നിന്ന് കുരുവിള സിറ്റിക്ക് സർവീസ് ജീപ്പ് കാണുമെന്നും ബൈക്കിൽ എന്നെ അടിമാലി ഇറക്കാമെന്നും അദ്ദേഹം പറഞ്ഞു. ആ പ്ലാൻ ഉറപ്പിച്ചിട്ട് ഞാൻ വീണ്ടും കാഴ്ച കാണലിലേക്ക് മടങ്ങി. കൃത്യം ആറുമണിക്ക് പൂപ്പാറയെത്തി.

പൂപ്പാറ ഇറങ്ങിയപ്പോൾ അവിടെയൊരു പ്രൈവറ്റ് ബസ് നിൽക്കുന്നത് കണ്ടു. ഞാനതിന്റെ ബോർഡ് നോക്കാൻ വേണ്ടി മുൻവശത്തേക്ക് നടക്കുമ്പോൾ, മോനേ ഇങ്ങു വാ, ഓടി വാ എന്നൊക്കെ ആരോ ഉറക്കെ വിളിക്കുന്നത് കേട്ടു. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ, ഖജനാപ്പാറ ബസിൽ വെച്ചു കണ്ട ആ അമ്മാവൻ (റഹീം സർ). ആ ബസ് രാജാക്കാടേക്കുള്ള ലാസ്റ്റ് ബസാണെന്നും, 7 മണിക്ക് രാജക്കാടെത്തിയാൽ അവിടുന്ന് അടിമാലിക്കുള്ള ലാസ്റ്റ് ബസ് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. ഞാൻ അതിൽ കയറാൻ വേണ്ടി ഒരുങ്ങിയപ്പോഴാണ് പാസ്റ്ററുടെ കാര്യമോർത്തത്. അദ്ദേഹത്തെ എങ്ങും കാണുന്നില്ല, ജീപ്പ് സ്റ്റാൻഡിൽ നോക്കിയെങ്കിലും ഫലമുണ്ടായില്ല. ഞാൻ ബസിൽ കയറി റഹീം സാറിന്റെ അടുത്തിരുന്നു. ഇതിനിടയിലും ഞാൻ പാസ്‌റ്റർ ചേട്ടനെ നോക്കുകയായിരുന്നു. മുന്നോട്ട് നോക്കിയപ്പോൾ ഒരാൾ ബസിൽ നിന്ന് തല മുഴുവനായി പുറത്തേക്കിട്ട് വെപ്രാളത്തോടെ അങ്ങോട്ടുമിങ്ങോട്ടും നോക്കുന്നത് കണ്ടു, ആരാ, നമ്മുടെ പാസ്റ്റർ! ഞാനദ്ദേഹത്തെ തട്ടിവിളിച്ചു, ഞാൻ കയറിയിട്ടുണ്ടെന്ന്  അറിയിച്ചു. ഞാൻ തിരിച്ചു റഹീം സാറിന്റെ അടുത്ത് വന്നിരുന്നു. അദ്ദേഹവും അടിമാലിക്കായിരുന്നത്രെ. ലാസ്റ്റ് ബസ് കിട്ടിയില്ലെങ്കിൽ രാജാക്കാട് നിന്ന്  നിന്ന് അടിമാലിക്ക് ജീപ്പിൽ പോകാമെന്നും അദ്ദേഹം പറഞ്ഞു. അടിമാലി എത്തിയാൽ 8 മണി കഴിഞ്ഞു ആലുവ വഴി എറണാകുളത്തേക്കുള്ള ഒരു ഓർഡിനറി ബസും പിന്നെ രാത്രി എപ്പോഴോ കോട്ടയം വഴിയുള്ള ഒരു തിരുവനന്തപുരം ബസും (അതിനങ്ങനെ സമയമൊന്നുമില്ല) ആണ് ഓപ്ഷൻസ് എന്നദ്ദേഹം പറഞ്ഞു.  പാസ്റ്ററും റഹീം സാറും; ഏതൊരു യാത്രയുടെയും ഭാഗ്യമാണ് ഇത് പോലുള്ള നല്ല മനുഷ്യർ. പാസ്റ്റർ ചേട്ടൻ എനിക്കും കൂടെ ടിക്കറ്റ് എടുത്തു, കുരുവിള സിറ്റിക്ക്. എനിക്ക് 7 മണിക്കുള്ള രാജാക്കാട് - അടിമാലി ബസ് കിട്ടുമോന്നു നോക്കാമായിരുന്നെങ്കിലും ഞാൻ കുരുവിള സിറ്റിയിലിറങ്ങി പാസ്റ്റർ ചേട്ടൻറെ കൂടെ ബൈക്കിൽ പോകാമെന്നു തീരുമാനിച്ചിരുന്നു. ഞാൻ റഹീം സാറിനോട് എന്തൊക്കെയോ സംസാരിച്ച് അങ്ങനേയിരുന്നു. അദ്ദേഹം പഴയ കാലത്തെ ഉഗ്രൻ സഞ്ചാരിയായിരുന്നു. ഇപ്പോ ബോഡിയിലുള്ള പഴയ ജോലിസ്ഥലം സന്ദർശിച്ചിട്ട് വരുന്ന വഴിയാണ്. ഞാനും തരക്കേടില്ലാത്ത ഒരു യാത്രാപ്രേമിയാണെന്ന് അദ്ദേഹത്തോട് പറഞ്ഞു.  അപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന യാത്രയെ പറ്റിയും കുറച്ചു സംസാരിച്ചു. കുരുവിള സിറ്റി എത്തിയപ്പോൾ ഞാനും പാസ്റ്ററും ഇറങ്ങി. അവിടെ ഇടത്തോട്ട് പോയാൽ രാജാക്കാട്, നേരെ പോയാൽ ഖജനാപ്പാറ എന്ന് ബോർഡ് കണ്ടു. നേരത്തെ പറഞ്ഞ ഖജനാപ്പാറ - തേനി ബസും കൂടെ മുന്നിൽ കണ്ടായിരിക്കണം പാസ്റ്റർ ചേട്ടൻ ബൈക്ക് പൂപ്പാറയിൽ വെക്കുന്നതിനു പകരം കുരുവിള സിറ്റിയിൽ വെച്ചത്. ഒരു പക്ഷേ അദ്ദേഹം തിരുനെൽവേലി പോകുമ്പോ, ആ ബസായിരിക്കണം കയറിയത്. (ഖജനാപ്പാറ എന്ന സ്ഥലം ഞാനെന്റെ ചെക്ക് ലിസ്റ്റിൽ അപ്പോഴേക്കും കയറ്റിയിരുന്നു, എന്തായാലും അടുത്തു തന്നെ പോണംന്നു കരുതുന്നു)  പാസ്റ്റർ ചേട്ടൻ ബൈക്ക് എടുത്തു രാജാക്കാട് ഭാഗത്തേക്ക് തിരിച്ചു. അല്പം കഴിഞ്ഞപ്പോൾ, ഞങ്ങൾ വന്ന രാജാക്കാട് ബസിനെ ഓവർടേക്ക് ചെയ്തു. ഞാൻ റഹീം സാറിനെ കൈവീശി കാണിച്ചു. എന്ത് രസാന്നോ അദ്ദേഹത്തിന്റെ ചിരി കാണാൻ!

ഇരുട്ട് വീണുതുടങ്ങിയിരുന്നു. രാജകുമാരി പള്ളി ഒരു കിടിലം കാഴ്ചയാണ്. ഇറങ്ങാനുള്ള സമയമില്ലാത്തോണ്ട് പള്ളിയെ വെറുതെ വിട്ടു. ഒരു 6.50 ആയപ്പോൾ രാജക്കാടെത്തി. അടിമാലിക്കുള്ള ബസിന്റെ സമയമൊന്നു ചോദിക്കാമെന്ന് ഞങ്ങൾക്ക് 2 പേർക്കും തോന്നി. ചോദിച്ചപ്പോൾ തേനി - മൂന്നാർ ബസ് കാത്താണ് നേരത്തെ പറഞ്ഞ രാജാക്കാട് ബസ്, പൂപ്പാറയിൽ നിൽക്കുന്നതെന്നും, ആ രാജാക്കാട് ബസ് കാത്താണ് അടിമാലിക്കുള്ള ഈ ബസ് നിൽക്കുന്നതെന്നും അറിയാൻ കഴിഞ്ഞു. ആ സെറ്റ് അപ്പ് ശരിക്കും ഉപകാരപ്രദം തന്നെ. അപ്പോൾ റഹീം സർ രക്ഷപ്പെടുമെന്ന് ഉറപ്പായി. ബസുകാർക്ക് നന്ദി പറഞ്ഞു ഞങ്ങൾ യാത്ര തുടർന്നു. പാസ്റ്റർ ചേട്ടൻ അധികം സംസാരിച്ചൊന്നുമില്ല. ഒരുപക്ഷേ ഞാൻ യാത്ര ആസ്വദിച്ചോട്ടെ എന്നു വെച്ചിട്ടാവാം. രാജാക്കാട് - അടിമാലി റൂട്ടിലെ സഞ്ചാരം ഇരുട്ടത്തായിരുന്നെങ്കിലും വലിയ വിഷമം തോന്നിയില്ല. കാരണം വർഷങ്ങൾക്ക് മുൻപ്, ഒരിക്കൽ  മൂന്നാർ - ബൈസൺവാലി - വെള്ളത്തൂവൽ ഒക്കെ കറങ്ങിത്തിരിഞ്ഞു രാജാക്കാടായിരുന്നു എത്തിപ്പെട്ടത്. അവിടുന്ന് അടിമാലിക്കുള്ള റൂട്ടിന്റെ മനോഹാരിത അന്നനുഭവിച്ചതാണ്. കല്ലാറുകുട്ടി ഡാം, പിന്നെയൊരു തൂക്കുപാലം (ചെറിയ വാഹനങ്ങൾക്ക് വേണ്ടി) അങ്ങനെ കുറച്ചു ആകർഷണങ്ങൾ ഉണ്ട് ആ പരിസരത്ത്. ഒരു 8 മണിക്ക് മുൻപ് പാസ്റ്റർ ചേട്ടൻ എന്നെ അടിമാലിയിലെത്തിച്ചു. അദ്ദേഹത്തിന് നന്ദി പറഞ്ഞോണ്ട് ഞാൻ ബസ് സ്റ്റോപ്പിലേക്ക് നടന്നു. ആലുവ - എറണാകുളം ബസ് കിട്ടിയാൽ പെരുമ്പാവൂർ ഇറങ്ങിയിട്ട്, കോട്ടയം ഭാഗത്തൂന്നു വരുന്ന ഏതേലും ബസ് കയറി അങ്കമാലി വഴി തൃശൂർ പോകാം. കോട്ടയം - തിരുവനന്തപുരം ബസ് ആണ് കിട്ടുന്നതെങ്കിൽ കോതമംഗലം വഴി മൂവാറ്റുപുഴ ഇറങ്ങിയാലും കോട്ടയം ഭാഗത്തൂന്നു വരുന്ന ഏതേലും ബസ് കിട്ടും.

<<നോട്ട്: പൂപ്പാറയിൽ നിന്ന് രാജക്കാടേക്കുള്ള ലാസ്റ്റ് ബസ് 6 മണിക്ക്. ആ ബസ് രാജാക്കാട് എത്തിയിട്ടു അതിലെ യാത്രക്കാരെ കയറ്റിയിട്ടേ അടിമാലി ബസ് പോകുള്ളൂ (ഏകദേശം 7 മണിക്ക്)>>

<<നോട്ട്: 8 മണി കഴിഞ്ഞാൽ അടിമാലിയിൽ നിന്ന് രക്ഷപ്പെടാൻ 2 ഓപ്ഷൻസ് ആണുള്ളത്. ആലുവ  - എറണാകുളം ബസ് (ഏകദേശം 8 മണി), അല്ലെങ്കിൽ കോട്ടയം -  തിരുവനന്തപുരം ബസ് (അതിന്റെ സമയം അറിയണമെങ്കിൽ മൂന്നാർ ഡിപ്പോയിൽ വിളിച്ചു ചോദിക്കണം. എന്തായാലും രാത്രി ആ ബസ് പോകുമെന്ന് ഉറപ്പാണ്, എത്ര വൈകിയാലും). കോതമംഗലം എത്തിയിട്ട് പ്രയോജനമില്ല, എങ്ങനെയെങ്കിലും പെരുമ്പാവൂർ, അല്ലെങ്കിൽ മൂവ്വാറ്റുപുഴ എത്തിയാലേ അങ്കമാലി മുതൽ വടക്കോട്ടുള്ള യാത്രക്കാർക്ക് കാര്യമുള്ളൂ>>

അടിമാലി സ്റ്റോപ്പിൽ കുറച്ചുപേർ നില്കുന്നത് കണ്ടു. എന്തോ ഓർത്തങ്ങനെ നിൽക്കുമ്പോൾ ഒരാൾ വന്നു പുറത്തു തട്ടി; ആരാ, റഹീം സർ. അദ്ദേഹം അപ്പൊ വന്നിറങ്ങിയതായിരുന്നു. ഞാൻ എത്തിയിട്ട് അല്പനേരമായെന്നു പറഞ്ഞു. വീണ്ടും കാണാമെന്നു പറഞ്ഞു അദ്ദേഹം എന്നെ അനുഗ്രഹിച്ചു. ഒരുപാട് യാത്രകൾ ചെയ്യാൻ സാധിക്കട്ടെ എന്ന് ആശംസിച്ചു.  അദ്ദേഹം ഒരു ഓട്ടോ വിളിച്ചു വീട്ടിലേക്കു പോയി. അല്പം കഴിഞ്ഞപ്പോൾ അതാ വരുന്നു ആലുവ - എറണാകുളം ബസ്, ഏകദേശം 8.10 നു. അവിടെ മുൻപേ കാത്തിരുന്നവരുടെ ഉള്ളിലൂടെ ഊളിയിട്ടു ഞാൻ ബസിൽ ആദ്യം കയറി സീറ്റ് പിടിച്ചു. അവന്മാര് ശപിച്ചു കാണും. 9 - 10 ദിവസങ്ങൾ നീണ്ടു നിന്ന യാത്ര, തീരാൻ പോകുകയാണെന്ന യാഥാർഥ്യം അംഗീകരിക്കാൻ ശ്രമിച്ചു കൊണ്ട് ചാരിയിരുന്നു. അൽപനേരം കഴിഞ്ഞ് ഉറങ്ങിപ്പോയി, പിന്നെ ഏകദേശം ഓടക്കാലി എത്തിയപ്പോഴാണ് എണീറ്റത്. പെരുമ്പാവൂർ എത്തിയ ഉടനെ തന്നെ തൃശൂർക്കുള്ള ബസ് കിട്ടി. വിശപ്പിന്റെ വിളി ശക്തമായതിനാൽ അങ്കമാലിക്കുള്ള ടിക്കറ്റെടുത്തു, അവിടത്തെ ബസ് സ്റ്റാൻഡിൽ നിന്നു നല്ല ചിക്കൻ നിറച്ച ദോശ കഴിച്ചു. അടുത്ത ബസ് കയറി വീട്ടിലേക്ക് തിരിച്ചു.

ശുഭം


























  

Wednesday, October 12, 2016

ബാംഗ്ലൂരിൽ നിന്ന് കോഴിക്കോട്ടേക്ക് വ്യത്യസ്‍തമായ ഒരു യാത്ര

ബാംഗ്ലൂർ - ഓഗസ്റ്റ് 16

കോഴിക്കോട്ടേക്കായാലും കൊച്ചിക്കായാലും നേർവഴിക്ക് തിരിച്ചു പോരില്ല എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. അത് കൊണ്ട് തന്നെ ബാംഗ്ലൂർ - കോയമ്പത്തൂർ - പാലക്കാട് - കൊച്ചി റൂട്ടും ബാംഗ്ലൂർ - സുൽത്താൻ ബത്തേരി - കോഴിക്കോട് റൂട്ടും ആദ്യമേ പടിക്ക് പുറത്തായി. ബാംഗ്ലൂർ ലെ കൂട്ടുകാരന്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോഴും ഏത് വഴി പോകണം എന്ന് തീരുമാനിച്ചില്ലായിരുന്നു. ഇന്ദിരാനഗറിൽ നിന്ന് മെട്രോ ട്രെയിൻ കയറി സാറ്റലൈറ്റ് ബസ് സ്റ്റേഷന്റെ അടുത്ത് ഇറങ്ങി. ചെന്ന് കയറിയ ഉടനെ ദേ കിടക്കുന്നു ബാംഗ്ലൂർ - വിരാജ്‌പേട്ട ബസ്. ആ ബസിൽ കയറി ഗോണിക്കുപ്പ ഇറങ്ങിയാൽ ഇരുപ്പ് - കുട്ട - മാനന്തവാടി വഴി കേരളത്തിലെത്താം. പെട്ടെന്ന് ഒരു കുപ്പി വെള്ളവും കുറച്ചു ബിസ്കറ്റും ഒരു ചോക്ലേറ്റും വാങ്ങി ബസിൽ കയറി. മുൻപൊരിക്കൽ പോയ വഴി ആണെങ്കിലും ആ റൂട്ട് തന്നെ മതി എന്ന് ഉറപ്പിച്ചു ബസിൽ കയറി ഗോണിക്കുപ്പക്ക് ടിക്കറ്റ് എടുത്തു (360 രൂപ - എസി ബസ്).

ബാംഗ്ലൂർ - മാൻഡ്യാ - മൈസൂർ - ഹുൻസൂർ - ഗോണിക്കുപ്പ - വിരാജ്‌പേട്ട; ഇതാണ് ബസിന്റെ റൂട്ട്. മുൻപൊരിക്കൽ പോയ വഴിക്ക് ഒരിക്കൽ കൂടെ പോണോ എന്ന് വീണ്ടും വീണ്ടും മനസ്സിൽ ചോദിച്ചിരുന്നു. അങ്ങനെ കുറച്ചു വഴികളൊക്കെ മാപ്പിൽ തപ്പുകയും അച്ഛനോടും ചില കൂട്ടുകാരോടും അന്വേഷിക്കുകയും ചെയ്തപ്പോൾ ഗോണിക്കുപ്പക്കു മുൻപേ ഹുൻസൂർ ഇറങ്ങിയാൽ നാഗർഹോളെ വനത്തിന്റെ ഉള്ളിലൂടെ കുട്ടയിലെത്തുന്ന ഒരു വീതി കുറഞ്ഞ വഴി ഉണ്ടെന്നറിഞ്ഞു. ഇങ്ങനൊരു വഴി മുൻപ് കേട്ടിരുന്നെങ്കിലും പാടെ മറന്നുപോയിരുന്നു. ഹുൻസൂർ വഴി തന്നെ അല്ലെ ബസ് പോകുക എന്ന് കണ്ടക്ടറോട് ഒരിക്കൽ കൂടെ ചോദിച്ചു. ഏകദേശം 5.30 ആകുമ്പോൾ ഹുൻസൂർ എത്തും, അവിടുന്ന് കുട്ടക്കോ മാനന്തവാടിക്കോ ബസ് കിട്ടിയാൽ അർദ്ധരാത്രിയിൽ കേരളത്തിൽ എത്തും, അതായിരുന്നു പ്ലാൻ. കുട്ട എത്തി കിട്ടിയാൽ ഒന്നുമില്ലെങ്കിലും തോൽപ്പെട്ടി വഴി മാനന്തവാടി വരെ സർവീസ് നടത്തുന്ന ജീപ്പുകൾ എങ്കിലും കിട്ടും, അങ്ങനെ ഓരോന്ന് ഓർത്തങ്ങനെ ബസിൽ ഇരുന്നു.

നോട്ട്: ഗോണിക്കുപ്പ - ഇരുപ്പ് വഴിയും  ഹുൻസൂർ - നാഗർഹോളെ വഴിയും കുട്ടയിൽ ആണ് ഒത്തു ചേരുക.


മൈസൂർ എത്തിയപ്പോൾ ഒരു ധൈര്യത്തിന് പോയി കുട്ടക്ക് അവിടുന്ന് ബസ് ഉണ്ടോ എന്ന് ചോദിച്ചു, അപ്പോൾ ഗോണിക്കുപ്പ വഴി ഉണ്ട് എന്ന് പറഞ്ഞു. നാഗർഹോളെ റൂട്ടിൽ ബസ് ഉണ്ടോ എന്ന് ചോദിച്ചപ്പോൾ അവർക്ക് വലിയ പിടി ഇല്ല.അപ്പോഴേക്കും ബസ് ഹോണടി തുടങ്ങി. കണ്ടക്ടർ എന്നോട് മൈസൂർ ആണോ, ഹുൻസൂർ ആണോ, ഗോണിക്കുപ്പ ആണോ എവിടെ എങ്കിലും ഒന്ന് ഉറപ്പിക്കാൻ പറഞ്ഞു. അവസാനം ഞാൻ ഹുൻസൂർ ഇറങ്ങും എന്ന് പറഞ്ഞു ബസിൽ തിരിച്ചു കയറി. മൈസൂർ - ഹുൻസൂർ റൂട്ട് മനോഹരമാണ്. മൈസൂർ നിന്നും HD കോട്ടെ - ബാവലി വഴി മാനന്തവാടിക്ക് മറ്റൊരു റൂട്ട് ഉണ്ട്. അതും മുൻപൊരിക്കൽ പോയതിനാൽ വേണ്ടെന്നു വെച്ചിരുന്നു. സായാഹ്‌ന സൂര്യന്റെ വെളിച്ചത്തിൽ ഹുൻസൂർ റൂട്ടിന്റെ ഭംഗി ഒക്കെ ആസ്വദിച്ച് അങ്ങനെ പോയി. 5.45 ആയപ്പോൾ ഹുൻസൂർ എത്തി.

ഹുൻസൂർ ബസ് സ്റ്റാൻഡിലെ അന്വേഷണ കൗണ്ടറിൽ ഓടി ചെന്ന് കുട്ടക്കോ മാനന്തവാടിക്കോ നാഗർഹോളെ വഴി ഇനി ബസ് എപ്പഴാ എന്ന് ചോദിച്ചു. ഡെസ്പ് ഉത്തരമാണ് കിട്ടിയത്. ലാസ്റ്റ് ബസ് 4.30 ക്ക് പോയത്രേ; ഇനി അടുത്ത ദിവസം രാവിലെ 7.30 നെ ഉള്ളുവത്രേ. വൈകീട്ട് 6 മുതൽ രാവിലെ 6  വരെ വനപാത അടച്ചിടും, അതാണ് കാര്യം. രാത്രി ഹുൻസൂർ തങ്ങേണ്ടി വരും. ചുറ്റും നോക്കിയപ്പോൾ പൊളിഞ്ഞു വീഴാറായ കുറച്ച് ലോഡ്ജുകൾ കണ്ടു. വിഷമം തീർക്കാൻ ഒരു റെസ്റ്റോറണ്ടിൽ കയറി 3 പൊറോട്ടയും ഒരു പീസ് തണ്ടൂരി ചിക്കനും കട്ടൻ ചായയും ഓർഡർ ചെയ്തു. 80 രൂപക്ക് കാര്യം കഴിഞ്ഞു. അവിടത്തെ കാഷ്യർ ഒരു കൊള്ളാവുന്ന ലോഡ്ജിനെ പറ്റി പറഞ്ഞു. VAM Arcade - സിംഗിൾ റൂമിനു 450 രൂപ. റൂമിൽ കയറിയിട്ടും വിഷമം അങ്ങ് മാറിയില്ല; 4.30 ന്റെ ബസിൽ പോയിരുന്നെങ്കിൽ ഇപ്പൊ നാഗർഹോളെ കാട്ടിലെ മൃഗങ്ങളെ ഒക്കെ കണ്ടു അങ്ങനെ പോകാമായിരുന്നു. നാഗർഹോളെ വനത്തിൽ കടുവ, കരടി, പുലി, കാട്ടുപോത്ത്, ആന, തുടങ്ങി ധാരാളം മൃഗങ്ങൾ ഉണ്ട്. ഒന്ന് കുളിച്ചിട്ട് ഹുൻസൂർ അങ്ങാടി ഒക്കെ ഒന്ന് ചുറ്റി കണ്ടു. ആളുകളൊക്കെ ചെറുതായിട്ട് ശ്രദ്ധിക്കുന്നതായി തോന്നി. ഹുൻസൂരിൽ അങ്ങനെ യാത്രികർ ഒന്നും അധികം ഉണ്ടാവാറില്ല. ലോഡ്ജിൽ മുറിയെടുക്കുന്നവർ തടി കച്ചവടക്കാർ ആയിരിക്കും മിക്കവാറും, എന്റെ അച്ഛന് അങ്ങനെ ആണ് ഈ സ്ഥലം പരിചയം. നാഗർഹോളെ ട്രെക്കിങ്ങിനു പോകുന്നവർ വനത്തിനടുത്ത് റൂം എടുക്കാറാണ് പതിവ്. ഒന്ന് ചുറ്റി വന്നിട്ട് നേരത്തെ തന്നെ കിടന്നുറങ്ങി.

ഹുൻസൂർ  - ഓഗസ്റ്റ് 17

രാവിലെ നേരത്തെ എഴുന്നേറ്റ്‌ റെഡി ആയി ബസ് സ്റ്റാൻഡിലേക്ക് പോയി.
പെട്ടെന്ന് 2  ഇഡ്‌ഡലിയും കട്ടൻ ചായയും കഴിച്ചു. കൃത്യം 7.30 ക്ക് ബസ് എത്തി. ഹുൻസൂരിൽ നിന്ന് നാഗർഹോളെ വനത്തിന്റെ തുടക്കം വരെ ഏകദേശം 20 കി.മി ദൂരമുണ്ട്. യാത്രയുടെ തുടക്കത്തിൽ ആകെ 3 - 4 പേരെ ബസിൽ ഉണ്ടായിരുന്നുള്ളു. ഞാൻ ഡ്രൈവറുടെ തൊട്ടു പിറകിലുള്ള സീറ്റിൽ മുന്നോട്ടേക്കു നന്നായി കാണുന്ന വിധത്തിൽ ഇരുന്നു. ലേഡീസ് സീറ്റ് ആയതിനാൽ ചെലപ്പോ എഴുന്നേൽക്കേണ്ടി വരുമെന്ന് അറിയാമായിരുന്നു. അങ്ങനെ വന്നാൽ മുൻപിൽ ഡോറിന്റെ അടുത്ത് നിൽക്കാം എന്ന് വിചാരിച്ചു. കാണാൻ നല്ല ചന്തമുള്ള ഒരു യുവതിയായിരുന്നു ബസിന്റെ കണ്ടക്ടർ. സ്ഥലങ്ങൾ കാണാൻ വേണ്ടിയാണു ഞാൻ മുന്പിലിരിക്കുന്നത് എന്നും വേണ്ടി വന്നാൽ എഴുന്നേൽക്കാം എന്നും ഞാൻ അവരോട് പറഞ്ഞു. തിരക്ക് ഉണ്ടാവില്ലെന്നും എഴുന്നേൽക്കേണ്ടി വരില്ലെന്നും അവരുടെ മറുപടി. അവരെ പരിചയപ്പെട്ടപ്പോൾ അവർ ഏതാനും മാസങ്ങളായി ഈ റൂട്ടിലെ ബസ് കണ്ടക്ടർ ആണെന്നും, ധാരാളം മൃഗങ്ങളെ അടുത്ത് കണ്ടിട്ടുണ്ടെന്നും പറഞ്ഞു. ശരിക്കും പേടിച്ച നിരവധി അവസരങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇപ്പോൾ ശീലമായി എന്നും അവർ പറഞ്ഞു. ഹുൻസൂർ - നാഗർഹോളെ റൂട്ടിലുള്ള വനാതിർത്തിയിലുള്ള ഒരു ഗ്രാമത്തിൽ ആണ് അവരുടെ വീട്. നല്ല ഉയരം ഉണ്ടായിരുന്ന ആ സ്ത്രീ ശരിക്കും വളരെ സുന്ദരിയായിരുന്നു.

ടിക്കറ്റ് ചാർജ് - 60 രൂപ.

ഹുൻസൂർ നിന്നും നങ്ങ്യ വഴി നല്ലൂർ പാലാ എന്ന സ്ഥലത്തു എത്തി. അവിടുന്ന് ഇടത്തോട്ട് പോയാൽ HD കോട്ടെ, വലത്തോട്ട് പോയാൽ നാഗർഹോളെ (12 കിമി). ഈ സ്ഥലത്തു കുറച്ചു റിസോർട്ടുകൾ ഒക്കെ കണ്ടു. റോഡിലൂടെ കുറെ മയിലുകൾ നടക്കുന്നതും കാണാമായിരുന്നു. വഴിയിൽ നിന്നൊക്കെ കുറച്ചു ആദിവാസികൾ ബസിൽ കയറുന്നുണ്ടായിരുന്നു. മുൻപിൽ തന്നെ ഫോൺ  കാമറ പിടിച്ച് ഒരുത്തൻ ഇരിക്കുന്നതിലെ കൗതുകം അവർ മറച്ചുവെച്ചില്ല. എനിക്ക് അങ്ങനെ നല്ല ഫോട്ടോസ് ഒന്നും കിട്ടിയില്ല എന്നത് വേറെ കാര്യം. ഒരു ബസിനു മാത്രം കടന്നു പോകാൻ വീതിയുള്ള റോഡിലൂടെ ഡ്രൈവർ പറപ്പിച്ചു വിടുകയാണ്. ഒപ്പമോ എതിരെയോ പോകാൻ മറ്റു വാഹനങ്ങൾ ഒന്നും തന്നെ ആ വഴിക്ക് ഇല്ല. കടകളും ഒന്നും കാര്യമായി കണ്ടില്ല. പോകെ പോകെ വഴിയുടെ വന്യതയും സൗന്ദര്യവും കൂടി കൂടി വന്നു. പതിയെ പതിയെ റോഡരികിൽ മാനുകളെ കണ്ടു തുടങ്ങി, ശരിക്കും വല്ല സമ്മേളനവും നടക്കുന്ന പോലെ. വീരനഹോസഹള്ളി ചെക്ക്പോസ്റ്റിനു മുൻപായി ഒരു തട്ടുകട കണ്ടു - ഹോട്ടൽ അജ്‌മീർ. വനത്തിനുള്ളിൽ കയറും മുൻപ് ഭക്ഷണം കഴിക്കണമെങ്കിൽ ഇത് പരിഗണിക്കാവുന്നതാണ്. ഇതേ സമയം ഒരു ജീപ്പ് ഓവർടേക്ക് ചെയ്തു മുൻപിൽ കയറി. ആദിവാസികളായിരുന്നു അതിൽ മുഴുവൻ. ജീപ്പിൽ വിറക് ശേഖരവും അരിച്ചാക്കുകളും വാഴക്കുലകളും ഉണ്ടായിരുന്നു. അല്പദൂരം പിന്നിട്ടപ്പോൾ മൂർക്കൽ എന്ന സ്ഥലത്തു എത്തി. അവിടെ ഒരു ഫോറസ്റ്റ് ഓഫീസ് പോലുള്ള കെട്ടിടം കണ്ടു. അവിടുന്ന് ഇടത്തോട്ട് ഇരുണ്ട ഘോരവനത്തിലേക്കെന്ന പോലെ തോന്നിക്കുന്ന ഒരു വഴി കണ്ടു. കണ്ടക്ടർ ചേച്ചിയോട് ചോദിച്ചപ്പോൾ അവർ പറഞ്ഞതും അത് തന്നെ. അവിടുന്ന് കുറച്ചു സ്കൂൾ കുട്ടികൾ ബസിൽ കയറി. അന്നേരം വരെ ഒഴിഞ്ഞു കിടന്നിരുന്ന എന്റെ സീറ്റിൽ, അവിടുന്ന് കയറിയ ഒരാൾ വന്നു വിൻഡോ സൈഡിൽ ഇരുന്നു. അവിടെയും ഒരു  മാൻകൂട്ടത്തെ കണ്ടു. വീരനഹോസഹള്ളിക്കു ശേഷം, മൂർക്കൽ ഒഴികെ ഉള്ള സ്ഥലങ്ങൾ ഒട്ടുമിക്കതും ഇരുണ്ട, യഥാർഥ വനത്തിന്റെ പ്രതീതി ഉളവാക്കുന്നതായിരുന്നു.

റോഡരികിലെല്ലാം മാനുകളുടെ അയ്യരുകളി ആയിരുന്നു. വൈകാതെ കാട്ടുപോത്തുകളെയും റോഡിൽ നിന്നും അല്പം മാറി കണ്ടു. അകലത്തിൽ ആനകൾ നിൽക്കുന്നത്  കണ്ടെങ്കിലും റോഡിൽ ഒന്നിനെയും കണ്ടില്ല. ഇടക്കൊക്കെ മുൻപിലായി നേരത്തെ പറഞ്ഞ ജീപ്പ് കാണാമായിരുന്നു. അല്പദൂരം കഴിഞ്ഞപ്പോൾ വലത്ത് വശത്തേക്ക് ഒരു റോഡ് കണ്ടു; കുറച്ചു ഇരുട്ട് പിടിച്ചതും കയറ്റം ഉള്ളതുമായ ആ  കാട്ടുപാത കാർമാട് എന്ന സ്ഥലത്തേക്കാണെന്നു മനസ്സിലായി. നേരത്തെ പറഞ്ഞ ജീപ്പ് അങ്ങോട്ട് തിരിഞ്ഞു. നാഷണൽ പാർക്ക് എത്തുന്നതിനു മുൻപായി കുറച്ച് സ്കൂൾ കുട്ടികൾ ബസിൽ കയറി. കൂട്ടത്തിൽ ഏറ്റവും ചെറിയവൻ എൻറ്റടുത്ത് വന്നിരുന്നു. ഫോൺകാമറ കണ്ട ആശാൻ പിന്നെ വിട്ടില്ല. അവസാനം അവനു കുറെ ഫോട്ടോസൊക്കെ കാണിച്ചു കൊടുക്കേണ്ടി വന്നു, അവന്റെ കുറച്ചു ഫോട്ടോസും എടുത്തു. അത് കഴിഞ്ഞപ്പോൾ അടുത്ത ആവശ്യം എത്തി; ഫോണിൽ ഗെയിം കളിക്കണം. എന്റെ ഫോണിൽ ഗെയിം ഇല്ലെന്നു പറഞ്ഞു ഒരുവിധം ഊരി. അവന്റെ കയ്യിലുള്ള ബാഗ് കൊടുക്കാമോന്ന് ചോദിച്ച് കണ്ടക്ടർ ചേച്ചി അവനെ കളിയാക്കുന്നുണ്ടായിരുന്നു. ഇടക്ക് അവൻ ചേച്ചിയെ ഇടിക്കും എന്നൊക്കെ പറഞ്ഞു ഭീഷണിപ്പെടുത്തുന്നത് കണ്ടു. അല്പദൂരം കഴിഞ്ഞു ഒരു ട്രെക്കിങ്ങ് ക്യാമ്പ് കണ്ടു. അവിടെയാണ് കുറെ നേരത്തിനു ശേഷം കുറച്ചു വാഹനങ്ങൾ കണ്ടത്. ബസ് കുറച്ചുനേരം അവിടെ നിർത്തി. അവിടെ ടോയ്‌ലറ്റ് സൗകര്യം ഉണ്ട്. അവിടുന്ന് കുറച്ച മുന്നോട്ടു പോയാൽ പിന്നെ വാഹനങ്ങൾ നിർത്താനോ പുറത്തിറങ്ങാനോ പാടില്ല. ദൂരെ ആനക്കൂട്ടത്തെയും കാട്ടുപോത്തുകളെയും മാനുകളെയും ഒക്കെ കണ്ടു. കടുവകൾക്കു പേരുകേട്ട സ്ഥലമാണെങ്കിലും ഒന്നിനെയും കണ്ടില്ല. നാഷണൽ പാർക്ക് കഴിഞ്ഞു വളരെ കുറച്ചു ദൂരമേ കുട്ടക്ക് ഉള്ളു. യാത്ര തീരാറായതിന്റെ ഒരു വിഷമം തോന്നി. അങ്ങനേ പോയി  ഒരു ഒൻപതര മണിയോടെ ബസ് കുട്ട സ്റ്റാൻഡിൽ എത്തി.കുട്ട കുടക് ജില്ലയിലുള്ള ഒരു അതിർത്തി ഗ്രാമമാണ്. ഒരു കുഞ്ഞു ബസ് സ്റ്റാൻഡും ഒരു സ്കൂളും കുറച്ചു കടകളും അവിടെ ആ കവലയിൽ കണ്ടു. ആ സ്കൂളിലേക്കുണ്ടായിരുന്ന പിള്ളേരെയാണ് ഞാൻ ബസിൽ കണ്ടത്. അവിടെന്നു തോൽപ്പെട്ടി വഴി കേരളത്തിൽ കടക്കാൻ 5 മിനിറ്റ് യാത്രയേ ഉള്ളു. ഞാൻ ബസ്റ്റാൻഡിന്റെ അടുത്തുള്ള കടയിൽ നിന്ന് ഒരു കട്ടൻചായയും സവാളവടയും കഴിച്ചു.

കുട്ട ബസ്റ്റാന്റിൽ നിൽക്കുന്നവരോട് അന്വേഷിച്ചപ്പോൾ മാനന്തവാടിക്കുള്ള ബസ് അല്പം കഴിഞ്ഞേ ഉള്ളുവെന്ന് അറിയാൻ കഴിഞ്ഞു. ഞാൻ അവിടെയൊക്കെയൊന്ന് ചുറ്റിനടന്നു, കുറച്ചു ഫോട്ടോസൊക്കെ എടുത്തു. പെട്ടെന്നാണ് തിരുനെല്ലി എന്ന ആശയം തലയിൽ ഉദിച്ചത്. പെട്ടെന്ന് തന്നെ തിരുന്നെല്ലിക്ക് വല്ല ജീപ്പും ഉണ്ടോയെന്ന് അന്വേഷിച്ചു. ആ സമയത്ത് ജീപ്പൊന്നുമില്ലാന്നും തിരുന്നെല്ലി പോണമെങ്കിൽ മാനന്തവാടി ബസിൽ കയറി തന്നെ പോണമെന്നും അറിയാൻ കഴിഞ്ഞു. 10 മണിയോടെ മാനന്തവാടിക്കുള്ള കേരള സ്റ്റേറ്റ്  ബസ് എത്തി. ഞാൻ അതിൽ കയറി തെറ്റ് റോഡിലേക്കുള്ള ടിക്കറ്റ് എടുത്തു - 18 രൂപ. ബസ് തോൽപ്പെട്ടി എത്തിയപ്പോൾ ഒരു excise ഉദ്യോഗസ്ഥൻ ബസിൽ കയറി ചിലരുടെ സഞ്ചികളൊക്കെ പരിശോധിക്കാൻ തുടങ്ങി. എന്റെ ബാക്ക്പാക്ക് ഗിയർബോക്സിന്റെ അരികിലായിരുന്നു. അതിനടുത്തെത്തിയ ഉദ്യോഗസ്ഥൻ അതാരുടേതാണെന്നു ചോദിച്ചപ്പോൾ ഞാൻ എണീറ്റ് ചെന്നു. ബാഗിൽ തുണികളാണെന്നും ബാംഗ്ലൂർ നിന്നും കൊച്ചിക്ക് പോകുകയാണെന്നും ഞാൻ അയാളോട് പറഞ്ഞു. അയാൾ വീണ്ടും ചോദ്യഭാവത്തിൽ നോക്കിയപ്പോൾ ഞാൻ സ്ഥലങ്ങൾ കണ്ടു പതുക്കെ പോകാൻ വേണ്ടി ഇറങ്ങിയതാണെന്നു പറഞ്ഞു. ഒന്ന് ചിരിച്ചിട്ട് അയാൾ ഇറങ്ങിപ്പോയി. അല്പം കഴിഞ്ഞു ഒരു കൂട്ടം ബസിൽ കയറി. കൂട്ടുകുടുംബം ആണെന്ന് തോന്നുന്നു. കുറെ പെണ്ണുങ്ങളും പാത്രവും ഒച്ചയും ബഹളവും എല്ലാം കൂടി മുഴുവൻ ഓളമായി. ആരാണീ ബസിന്റെ ഉള്ളിൽ കൂളിംഗ് ഗ്ലാസ് ഇട്ടു ഇരിക്കുന്നത് എന്നൊരു കമന്റും കൂട്ടച്ചിരിയും കേട്ടു. അത് എന്നെ തന്നെ ഉദ്ദേശിച്ചാണെന്നു എനിക്ക് മനസ്സിലായി. പിന്നെയും എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നത് കേട്ടു, ഞാൻ ഒന്നും കേൾക്കാത്ത മട്ടിൽ പുറത്തേക്ക് നോക്കി ഇരുന്നു. കുറച്ചു കഴിഞ്ഞു കണ്ടക്ടർ തെറ്റ് റോഡ് എന്ന് വിളിച്ചു പറഞ്ഞപ്പോ ഞാൻ എണീറ്റു. അപ്പോൾ ദേ കൂളിംഗ് ഗ്ലാസ് പോകുവാണല്ലോ എന്നൊക്കെ പറയുന്നത് കേട്ടു. ഞാനൊരു ഇളിഞ്ഞ ചിരിയും ചിരിച്ച് ബസിറങ്ങി.

തെറ്റ്റോഡിലെത്തി ആദ്യം ചെയ്ത കാര്യം ഉണ്ണിയപ്പം കഴിക്കലാണ്. ഉള്ളത് പറയാലോ ഇത്രയും രുചിയുള്ള ഉണ്ണിയപ്പം വേറെ കഴിച്ചിട്ടില്ല. പണ്ടത്തെ അതേ രുചി ഇപ്പോഴും നിലനിൽക്കുന്നു, കൂടിയൊന്നേ സംശയം ഉള്ളു. ഈ ഉണ്ണിയപ്പക്കട വളരെ പ്രസിദ്ധമാണ്. ചൂട് ഉണ്ണിയപ്പങ്ങൾ ഇങ്ങനെ വലിയൊരു കുട്ടകത്തിൽ കൊണ്ട് വന്നിടും. ആവശ്യമുള്ളത് കഴിച്ചു അവിടൊക്കെ ചുറ്റി നടന്നു കണ്ടു, പോകുമ്പോ നമ്മൾ തന്നെ എണ്ണം പറഞ്ഞു കാശ് കൊടുത്താൽ മതി. ഒന്നിന് 6 രൂപയാണ് ഇപ്പോൾ. ഇരുന്നു കഴിക്കാൻ ബെഞ്ചുകളും സിമന്റ് കെട്ടും ഉണ്ട്. ഞാൻ സിമന്റ് കെട്ടിൽ, റോഡിലേക്ക് കാലും നീട്ടിയാണ് ഇരുന്നത്. ഒരു ഉണ്ണിയപ്പം കഴിച്ചോണ്ട് അവിടെയൊക്കെ ഒന്ന് ചുറ്റിനടക്കുകയും ചെയ്തു. അവിടുന്ന് ഒരു വയസ്സായ ഇക്കാക്കയെയും ഒരു സ്വാമിയെയും പരിചയപ്പെട്ടു, കുറച്ചു നേരം സംസാരിച്ചിരുന്നു. അവർ കുട്ടിക്കാലം മുതലേ സുഹൃത്തുക്കൾ ആയിരുന്നത്രേ. അവരുടെ അടുത്ത സുഹൃത്തായിരുന്നത്രെ ഉണ്ണിയപ്പക്കട തുടങ്ങിയ നായര് ചേട്ടൻ. ആ കടയിൽ ടോയ്ലറ്റ് സൗകര്യം ഒക്കെ ഇപ്പോളുണ്ട്. അടുത്തു തന്നെ ഒരു കരകൗശല വസ്തുക്കൾ വിൽക്കുന്ന കടയും ഉണ്ട്. 11 മണിയോടെ തിരുനെല്ലിക്കുള്ള ബസ്സെത്തി. ടിക്കറ്റ് ചാർജ് - 14 രൂപ. ഞാൻ ഏറ്റവും പിറകിലുള്ള സീറ്റിൽ ആയിരുന്നു.

തിരുനെല്ലി പോകുന്ന വഴിക്ക് അപ്പപ്പാറ പരിസരത്ത് കനത്ത ആന ശല്യമാണെന്നു കണ്ടക്ടർ പറഞ്ഞു. ഒരു തകർന്ന ഓല മേഞ്ഞ കെട്ടിടം തെളിവായി നിന്നിരുന്നു. തിരുനെല്ലി എത്തുമ്പോഴേക്കും സാമാന്യം നല്ല മഴ ഉണ്ടായിരുന്നു. ബസ്സിറങ്ങി ക്ഷേത്രത്തിന്റെ വഴിയേ നടന്നു. നടയ്ക്കു മുൻപിൽ നിന്ന് കുറച്ചു നേരം കണ്ണടച്ചു നിന്നു. പിന്നെ പടികളിറങ്ങി പാപനാശിനി വഴിയിലേക്കു  തിരിച്ചു. വലിയ വഴുക്കൊന്നുമില്ലായിരുന്നെങ്കിലും സൂക്ഷിച്ചാണു നടന്നത്. ഭാര്യാഭർത്താക്കന്മാരായും കുടുംബങ്ങളായും കുറെ പേരെ കണ്ടു. മഴ കനത്തു തുടങ്ങിയെങ്കിലും പതിയെ പാറകളൊക്കെ അള്ളിപ്പിടിച്ചു പാപനാശിനിയിലേക്ക് കയറി. അപ്പോൾ മാത്രം ബാക്ക്പാക്കിന്റെ ഭാരം ശരിക്കുമൊരു ഭാരമായി തോന്നി. വലിയ ബാഗും കൊണ്ട്, 4 കാലിൽ, കുടയൊന്നുമില്ലാതെ, പാറപുറത്തൂടെ നടക്കുന്ന എന്നെ നോക്കി ചിലരൊക്കെ ചിരിക്കുന്നുണ്ടായിരുന്നു. ഞാൻ നല്ല ഭംഗിയായിട്ട് നനഞ്ഞു കുതിർന്നു. പാപനാശിനിയിലെ തണുത്ത വെള്ളത്തിൽ മുഖം നന്നായി കഴുകി. പിന്നെ അവിടുന്ന് തിരിച്ചു നടന്നു ഗണ്ഡികാ ശിവ ക്ഷേത്രത്തിലും പോയി. തിരിച്ചു വരുന്ന വഴി പഞ്ചതീർത്ഥത്തിന്റെ അടുത്ത് കുറച്ചു നേരം ഇരുന്നു. ക്ഷേത്രത്തിനു സമീപത്തു നിന്ന് കുറച്ചു ചെമ്പക തൈലവും മുല്ലപ്പൂ തൈലവും വാങ്ങി. ബസ് സ്റ്റോപ്പിലെത്തിയപ്പോഴേക്കും ഒരു മാനന്തവാടി ബസ് കണ്ടു. അതിൽ കയറി ബാക്ക്പാക്ക് അതിൽ വെച്ചു. പുറത്തിറങ്ങി ഒരു കട്ടൻ ചായ കൂടെ കുടിച്ചു. ഒരു 45 മിനിട്ട് യാത്രയിൽ ബസ് മാനന്തവാടി എത്തി. അപ്പോഴേക്കും വിശന്നിട്ട് ഒരു വഴി ആയിരുന്നു. ബിരിയാണി ഒഴികെ മറ്റൊന്നിനും എന്നെ തൃപ്തിപ്പെടുത്താൻ പറ്റില്ല എന്ന് ഉറപ്പായിരുന്നതിനാൽ, നല്ലൊരു ചിക്കൻ ബിരിയാണി തന്നെയങ്ങു കഴിച്ചു. അവിടത്തെ സോഫയിൽ ഇരുന്നു കുറച്ചു നേരം ഞാൻ മയങ്ങി പോയി. എഴുന്നേറ്റപ്പോഴേക്കും ആർത്തലച്ചു പെയ്യുന്ന മഴ. മഴ ഒന്നു കുറയുന്ന വരെ കടകളിലൊക്കെ കയറിനിന്നു സമയം കളഞ്ഞു. പിന്നെയും ഇറങ്ങി നടന്നു.

കോഴിക്കോട്ടേക്ക് ബസ് കയറിയാലോ എന്ന ചിന്തയിൽ നിൽക്കുമ്പോൾ ആണ് പെരിക്കല്ലൂരോ പാടിച്ചിറയോ പോയാലോന്ന് മറ്റൊരു ചിന്ത വന്നത്. പാതിരി കാട് വഴി ഒരു റൂട്ടും കണ്ടു. വൈകുന്നേരം ആവുന്നേയുള്ളു. ഇത്ര നേരത്തെ കോഴിക്കോട്ടേക്ക് പോയിട്ട് വലിയ വിശേഷം ഒന്നുല്ല. പിന്നെ ഒന്നും ആലോചിച്ചില്ല പുൽപ്പള്ളിക്ക് ബസ് കയറി. പാതിരി വഴിയുള്ള യാത്ര അതിമനോഹരമായിരുന്നു. ഏകദേശം ഒരു മണിക്കൂറിലധികമെടുത്തു പുൽപ്പള്ളി എത്താൻ. പുൽപ്പള്ളി എത്തിയ ഉടനെ സീതാമൗണ്ട് എന്ന സ്ഥലത്തേക്ക് പോകുന്ന ബസ് കണ്ടു. പേര് കേട്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു, ഓടി ബസിൽ കയറി. കയറുമ്പോൾ തന്നെ കണ്ടക്ടർ പറഞ്ഞു, തിരിച്ചു പുൽപ്പള്ളിക്ക് വരാനാണെങ്കിൽ ആ ബസിൽ തന്നെ വരേണ്ടി വരുമെന്ന്. എന്തായാലും വഴിയൊക്കെ ഒന്ന് കാണാമെന്നു വെച്ച് ബസിൽ കയറി. ആ റൂട്ടിൽ മുള്ളൻകൊല്ലി വരെ മുൻപൊരിക്കൽ പോയിട്ടുണ്ട്; നല്ല ഭംഗിയുള്ള പാതയാണ്. അവിടെ ശിശുമല എന്ന സ്ഥലത്ത് കുന്നിന്റെ മുകളിൽ ഒരു പള്ളിയുമുണ്ട്. അങ്ങനെ മുള്ളൻകൊല്ലി - പാടിച്ചിറ വഴി സീതാമൗണ്ട് എത്തി. ശരിക്കും വയനാടിന്റെ ഗ്രാമീണത്തനിമ ആസ്വദിക്കാം ആ യാത്രയിൽ. സീതാമൗണ്ടിൽ എത്തിയപ്പോൾ കണ്ടക്ടർ പറഞ്ഞു, 5 - 10 മിനിട്ടുകൾക്കുള്ളിൽ ബസ് തിരിച്ചു പോകുമെന്ന്, അല്ലെങ്കിൽ പിന്നെ പാടിച്ചിറ വരെ ഓട്ടോയിൽ പോയാൽ, അവിടുന്ന് ബസ് കിട്ടുമെന്ന്. ഞാനൊന്നു നടന്നിട്ട് തിരിച്ചുവരാമെന്നു പറഞ്ഞു ബസിറങ്ങി. സീതാമൗണ്ട് കർണാടകയോട് ചേർന്ന് നിൽക്കുന്ന സ്ഥലമാണ്. കവലയിൽ ഒന്ന് ചുറ്റിക്കറങ്ങി നടന്നു, തിരിച്ചു ബസിൽ കയറി.

തിരിച്ചു പുൽപ്പള്ളി എത്തി ബസിറങ്ങിയപ്പോൾ ദേ കിടക്കുന്നു കോട്ടയത്തേക്കുള്ള സൂപ്പർ ഡീലക്സ് ബസ്. പെരിക്കല്ലൂരിൽ നിന്ന് വന്നു പുല്പള്ളിയിൽ നിർത്തിയിട്ടേക്കുന്ന ബസ്സാണ്. ടിക്കറ്റ് ഉണ്ടോന്നു ചോദിച്ചപ്പോ ഇഷ്ടം പോലെ ഉണ്ടെന്നു പറഞ്ഞു.ഒരു വിന്ഡോ സീറ്റിൽ കയറി ബാഗ് വെച്ചിട്ട് പുറത്തിറങ്ങി വെള്ളവും, ഒരു ചോക്കലേറ്റും, കപ്പലണ്ടിയും വാങ്ങി. പുൽപ്പള്ളി യിൽ നിന്ന് സുൽത്താൻ ബത്തേരി, കൽപ്പറ്റ, കോഴിക്കോട് വഴിയാണ് ബസ്. പുൽപ്പള്ളി - ബത്തേരി റൂട്ട് മാരകമാണ്‌. പ്രത്യേകിച്ചും ബത്തേരി എത്താറാകുമ്പോ ഉള്ള കുപ്പാടി (ഒരു തടികൂപ്പ് ഉണ്ടിവിടെ) എന്ന സ്ഥലവും പരിസരവും. അങ്ങനെ വിന്ഡോ സീറ്റിലിരുന്നു, നേരിയ ചാറ്റൽമഴയൊക്കെ കണ്ടു, തണുപ്പൊക്കെ കൊണ്ട് രാത്രിയോടെ കോഴിക്കോടെത്തി. അവിടുന്ന് ചില സുഹൃത്തുക്കളെയൊക്കെ മുഖം കാണിച്ചു അർദ്ധരാത്രിക്കു കൊച്ചിക്കും ബസ് കയറി.

ശുഭം!!!


ഈ യാത്ര പോയപ്പോൾ കണ്ടതും, മുൻപൊരിക്കൽ കണ്ടതും, കേട്ടറിഞ്ഞതുമായ ചില സ്ഥലങ്ങൾ റെക്കമൻഡ് ചെയ്യുന്നു:

കുട്ട പരിസരത്ത് - കുട്ട, ഇരുപ്പു വെള്ളച്ചാട്ടം, തോൽപ്പെട്ടി
മാനന്തവാടി പരിസരത്ത് - കാട്ടിക്കുളം, അപ്പപ്പാറ, തിരുന്നെല്ലി, ബാവലി
പുൽപ്പള്ളി പരിസരത്ത് - മുള്ളൻകൊല്ലി, ശിശുമല, സീതാമൗണ്ട്
ബത്തേരി പരിസരത്ത് - കുപ്പാടി, പിന്നെ ദേവർഷോല (ബത്തേരി - ഗുഡല്ലൂർ റോഡ്)