Saturday, November 26, 2016

ഓണബിരിയാണി




'ഓണബിരിയാണി' എന്ന പേരിൽ അല്പം വൈചിത്ര്യം ഉണ്ടെന്നറിയാം. പക്ഷെ ഇതിന്റെ സാരാംശം ലളിതമാണ്. ചെറുപ്പത്തിൽ വളരെയധികം ആസ്വദിച്ചിരുന്നതും ആഘോഷിച്ചിരുന്നതുമായ ചില വിശേഷ ദിവസങ്ങളുടെ ഒരു ഓർമ്മക്കുറിപ്പ്.
അന്ന് ഞാനൊരു തരക്കേടില്ലാത്ത മുസ്ലീമായിരുന്നു. ഒരുവിധം യാഥാസ്ഥിതികമായ വിശ്വാസങ്ങൾ വെച്ച് പുലർത്തിയിരുന്ന ഒരു വലിയ കുടുംബത്തിന്റെ ഒരു ഇളമുറക്കണ്ണി. പക്ഷെ ഇഷ്ടമുള്ള രീതിയിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യം ചെറുപ്പം മുതലേ വീട്ടിൽ നിന്ന് ലഭിച്ചിരുന്നതിനാൽ ജാതിമത യാഥാസ്ഥിതികതയുടെ വലിയ ദോഷങ്ങളൊന്നും എന്നിൽ വന്നുചേർന്നില്ല. അതിന് അച്ഛനോടും അമ്മയോടും നന്ദി രേഖപ്പെടുത്തുന്നു. (ഏത് ജാതിയായാലും മതമായാലും വിശ്വാസം അമിതമായാൽ വിഷം തന്നെയാണ്, അതിപ്പോ ഇന്ന മതമെന്നൊന്നുമില്ല.)
ഓണം കേരളത്തിന്റെ ജാതിമത വേർതിരിവുകളില്ലാത്ത ദേശീയ ആഘോഷം എന്നാണ് വെപ്പ്. ഞാൻ അക്കാലത്ത് ജീവിച്ചിരുന്ന ആ ഗ്രാമത്തിൽ, ഹിന്ദു കുടുംബളിലൊഴികെയുള്ള ഇതര വിഭാഗങ്ങളിലൊന്നും, ഓണത്തിന് ടിവിയിൽ വരുന്ന പുതിയ സിനിമകൾ കാണുക എന്നതിനപ്പുറം വലിയ ആഘോഷങ്ങളൊന്നും കണ്ടിരുന്നില്ല. അപ്പുറത്തെയും ഇപ്പുറത്തെയും വീടുകളിൽ പൂക്കളങ്ങൾ കാണാം, കസവു മുണ്ടുകളും, ധാവണികളും മുല്ലപ്പൂവുകളും കാണാം, ഇടവഴികളിൽ നിന്ന് എന്റെ അടുക്കളവാതിൽ വഴി കയറിവരുന്ന പാലട പായസം നിറച്ച പാത്രങ്ങൾ കാണാം. എന്റെ വീട്ടിൽ സ്ഥിരമായി ഉണ്ടാക്കിക്കൊണ്ടിരുന്നത് സേമിയ പായസമായതിനാൽ, ഇടയ്ക്കു വന്നു കേറുന്ന പാലട ശരിക്കുമൊരു താരമായിരുന്നു. ഇത് കൂടാതെ, എന്റെ രുചികൾ അറിയാമായിരുന്ന അടുത്ത വീട്ടിലെ ചില അമ്മമാർ, ചെറിയ പാത്രങ്ങളിൽ പുളിയിഞ്ചി നിറച്ച് എന്റമ്മയെ ഏൽപ്പിക്കുമായിരുന്നു. സദ്യ കഴിക്കാൻ പലപ്പോഴും ക്ഷണങ്ങൾ ലഭിച്ചിരുന്നെങ്കിലും, അന്നൊന്നും സദ്യയോട് വലിയ താൽപര്യമുണ്ടായിരുന്നില്ല. അന്നൊക്കെ ഏതെങ്കിലും ഹിന്ദുകല്യാണങ്ങൾക്ക് പോയാൽ തന്നെ, കുറച്ച് ചോറിൽ കുറെ പുളിയിഞ്ചിയും, മൂന്നാലു പപ്പടവും, പൈനാപ്പിൾ കറിയും കുഴച്ച് ഒരടിയാണ്. ബാക്കിയുള്ള കറികളൊക്കെ വിളമ്പിയ പോലെ തന്നെ കിടക്കും. എല്ലാം കഴിഞ്ഞു രണ്ടോ മൂന്നോ ഗ്ലാസ് പായസവും.
ആ ഗ്രാമത്തിൽ ക്രിക്കറ്റും ഫുട്‍ബോളും ഒക്കെ കളിക്കാൻ പറ്റിയ കുറെ പാടങ്ങളുണ്ടായിരുന്നു. ഒരു സെപ്റ്റംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ അവിടെയൊക്കെ എപ്പോഴും ഒരുത്സവത്തിനുള്ള കൂട്ടമുണ്ടാകും. ശരിക്കും ആ സമയത്തൊക്കെ പലപ്പോഴും മഴക്കാലങ്ങളെ വെറുത്തിരുന്നു. വിഷുവിനു പെയ്യുന്ന പുതുമഴ പലപ്പോഴും ഏപ്രിൽ മാസങ്ങളിലെ ക്രിക്കറ്റ് കളി മൊത്തം നശിപ്പിച്ചിരുന്നു. ക്രിക്കറ്റും ഫുട്‍ബോളും ആയിരുന്നു പ്രധാനികളെങ്കിലും, ഉണ്ട ഏറ്, ചട്ടി ഏറ്, കബഡി തുടങ്ങിയ നാടൻ വെറൈറ്റികളും ഉണ്ടായിരുന്നു. ആ ഗ്രാമത്തിലെ വിവിധ കോണുകളിൽ താമസിക്കുന്നവർക്കായി ഓരോരോ പാടങ്ങൾ അലിഖിതമായി പതിച്ചു കിട്ടിയ പോലെയായിരുന്നു. ഒരു കോണിൽ താമസിച്ചിരുന്ന കുട്ടികൾ അവർക്കായി പറഞ്ഞു വെച്ച പാടങ്ങളിലെ കളിക്കുമായിരുന്നുള്ളു. അങ്ങനെയിരിക്കെ, പുതിയൊരു വിദ്ധ്വാൻ ഒരു വൈകുന്നേരം ഞങ്ങളുടെ പാടത്തെത്തി. ചീകിയൊതുക്കാൻ ശ്രമിച്ച മുള്ളൻ മുടിയും നെറ്റിയിൽ ചന്ദനക്കുറിയും പ്രസന്നതയാർന്ന മുഖവും. പരിചയപ്പെട്ടപ്പോൾ, അവന്റെ വീട് അല്പം മാറിയിട്ടാണെന്നും, പാടത്തിന്റെ തൊട്ടടുത്തുള്ള ഒരു തറവാട്ടിലെ അംഗമാണെന്നും മനസ്സിലായി. കടുകുമണി പോലുള്ള ഞങ്ങൾ ചെറിയ റാഗ്ഗിങ്ങൊക്കെ നടത്തിയ ശേഷം അവനെയും കളിക്കാൻ കൂട്ടി. വളരെ സ്‌നേഹപൂർണമായ പെരുമാറ്റവും, കളിക്കളത്തിലെ ആത്മാർത്ഥതയും (എന്ന് വെച്ചാൽ ക്രിക്കറ്റ് പന്ത് പിടിക്കാൻ വേണ്ടി ഓടിപ്പോയി വീഴലും, ചളിയിൽ കിടന്നുരുണ്ടുള്ള ഫുട്ബോൾ കളിയും അങ്ങനൊക്കെ) അവനെ ഞങ്ങളിലേക്ക് പെട്ടെന്ന് അടുപ്പിച്ചു. ഞാനും അപ്പോഴത്തെ എന്റെ വളരെയടുത്ത രണ്ടു കൂട്ടുകാരും (രണ്ടു പേരും മുസ്ലീങ്ങളായിരുന്നു) പിന്നെ ഇവനും പെട്ടെന്ന് തന്നെ ഒരു കെട്ടു പോലെയായി. അവധിദിവസങ്ങളിൽ രാവിലെ തന്നെ അവൻ ബസ് പിടിച്ചിട്ടോ നടന്നിട്ടോ ഞങ്ങളുടെ സ്ഥലത്തു വരും, കളി തുടങ്ങും. പലപ്പോഴും ഞങ്ങൾ, ഞങ്ങളുടെ കുട്ടി സൈക്കിളുകളും കൊണ്ട് അവനെ കൂട്ടികൊണ്ടു വരാനും പോകുമായിരുന്നു. വേനൽക്കാലങ്ങളിൽ പാടത്തും, അല്ലാത്തപ്പോ തെങ്ങിൻ തോപ്പിലും, ഇടവഴികളിലും, കുളക്കരകളിലും, കനാൽവരമ്പുകളിലും, ചാമ്പ്യൻസ് ലീഗും, ഐപിഎല്ലും, ലോകകപ്പുകളും മാറി മാറി അരങ്ങേറി. മഴയത്തു പുറത്തിറങ്ങാൻ പറ്റാത്ത ദിവസങ്ങളിൽ, തീപ്പെട്ടി പിക്ച്ചറും, ലേബിൽ കളിയും പോലുള്ള ഇൻഡോർ ഗെയിംസ്, കടത്തിണ്ണകളിലും, വീടുകളുടെ വരാന്തകളിലും, തകൃതിയായി നടന്നു.
അങ്ങനെയിരിക്കെ ഒരോണക്കാലം വന്നു. അത്തം മുതൽ പല വീടുകളിലും പൂക്കളങ്ങൾ ഒരുങ്ങിത്തുടങ്ങി. ഞങ്ങളുടെ പുതിയ സുഹൃത്ത് മുസ്ലീങ്ങളായ ഞങ്ങൾ മൂന്നെണ്ണത്തിനെയും ഓണത്തിനേക്ക് അവന്റെ വീട്ടിലേക്ക് ക്ഷണിച്ചു. ചെറിയ വീടാണെന്നും, ഉള്ള സ്ഥലത്തു നമുക്ക് അടിച്ചു പൊളിക്കാമെന്നും അവൻ പറഞ്ഞു. തിരുവോണത്തിന് കുറച്ചു ദിവസം മുൻപേ, വാശിപിടിച്ചും ബഹളം വെച്ചും ഒരു മുണ്ട് സംഘടിപ്പിച്ചു. അങ്ങനെ ആ സുദിനം വന്നെത്തി. മുണ്ടുടുത്തിട്ട് ചവിട്ടാൻ വയ്യാത്തോണ്ട്, സൈക്കിൾ വഴിയിൽ വെച്ചിട്ട് നടന്നു പോകേണ്ടി വന്നു. അത്രയും മോശം അവസ്ഥയിൽ ഉള്ള സൈക്കിൾ ആയോണ്ടും, അല്പം കുപ്രസിദ്ധി ഉള്ള ആ സൈക്കിൾ എന്റേതാണെന്നു അവിടെയുള്ള കടക്കാർക്കൊക്കെ അറിയുന്നത് കൊണ്ടും (എന്റെ അച്ഛൻ പലപ്പോഴും ആ സൈക്കിളും തോളത്ത് എടുത്തോണ്ട് സൈക്കിൾ റിപ്പയർ കടയിൽ പോകുന്നത്, ആ നാട്ടിലെ ഒരുവിധം എല്ലാരും കണ്ടുകാണും), ആരും എടുത്തോണ്ട് പോകും എന്ന പേടിയില്ലായിരുന്നു. വഴിയിൽ വെച്ച് സുഹൃത്തുക്കളെ കണ്ട്, അതിലൊരുത്തന്റെ സൈക്കിളിന്റെ പിറകിൽ കയറി യാത്ര തുടർന്നു. ആ ചെറിയ യാത്രയിൽ എത്ര തവണ മുണ്ടഴിഞ്ഞു വീണെന്ന് ഒരൂഹവുമില്ല. ആദ്യായിട്ടാണ് ഒരു വീട്ടിൽ ഓണാഘോഷത്തിനു പങ്കെടുക്കാൻ പോകുന്നത്. എന്താ നടക്കാൻ പോകുന്നതെന്ന് വലിയ പിടിയൊന്നുമില്ല. പൂക്കളൊന്നും വാങ്ങാൻ കാശില്ലാത്തതിനാൽ, വഴിയിൽ കണ്ട ചില ചാവാലി പൂക്കളും, ഇലകളും, കായകളും ഒക്കെ പറിച്ചോണ്ടാണ് ഈ പോക്ക്.
അവൻ അടയാളമായി പറഞ്ഞിരുന്ന ബസ് സ്റ്റോപ്പ് എത്താറായി. സുസ്മേരവദനനായി, റോഡരികിൽ തന്നെ അവൻ കാത്തുനിൽപ്പുണ്ടായിരുന്നു. വിശാലമായ പാടങ്ങൾ കീറിമുറിച്ചോണ്ട് പോകുന്ന ടാറിട്ട വഴിയിൽ നിന്നിറങ്ങി, അല്പം മുകളിലേക്ക് കയറിപ്പോകുന്ന വളഞ്ഞുപുളഞ്ഞൊരു ഇടവഴിയുടെ അറ്റത്തായിരുന്നു അവന്റെ വീട്. ആ വീടിനപ്പുറം താഴെയായി ഒരു കനാലും, അതിനും അപ്പുറത്തൊരു കുളവും ഉണ്ടായിരുന്നു. പെട്ടെന്ന് വാ എന്ന് പറഞ്ഞോണ്ട് ആ ഇടവഴിയിലെ കയറ്റം അവൻ ഓടിക്കയറി, പിന്നാലെ ഞങ്ങളും. വീടിന്റെ മുറ്റത്തെത്തിയപ്പോൾ, അവന്റെ അച്ഛനും അമ്മയും നിൽക്കുന്നത് കണ്ടു. പൂക്കളം ഇടാനായി ഞങ്ങളെ കാത്തിരിക്കുകയാണെന്ന് അവർ പറഞ്ഞു. ചെറിയൊരു വട്ടത്തിൽ പൂക്കളും, അതിന്റെ നടുക്കായി ഒരു റോസാപ്പൂവും കാണാൻ കഴിഞ്ഞു. ചേമ്പിന്റെ ഇലകൾ വെട്ടിത്തന്നു ഞങ്ങൾക്ക് ഇരിക്കാൻ. അച്ഛനും അമ്മയും ഞങ്ങൾ 4 കുട്ടികളും അങ്ങനെ പൂക്കളം ഒരുക്കാൻ തുടങ്ങി. അവർ, ഞങ്ങൾ കൊണ്ടുപോയ ഇലകളും പൂക്കളും അവിടെയും ഇവിടെയുമൊക്കെയായി കൊള്ളിച്ചു; ഞങ്ങളുടെ ഒരു സമാധാനത്തിന്. പിന്നെ ലുഡോ ബോർഡ് കളി തുടങ്ങി. അന്നത്തെ ദിവസത്തേക്ക് വേണ്ടി വാങ്ങിയതെന്ന് തോന്നിപ്പിക്കുന്ന ഒരു പുത്തൻ ലുഡോ ബോർഡ്. കളിക്കിടയിൽ ചായയും, ജാഗിരിയും (ഒരു തരം ജിലേബി), പായസവുമൊക്കെ വന്നുകൊണ്ടിരുന്നു. എനിക്ക് ജാഗിരി ഇഷ്ടമാണെന്നു എപ്പോഴോ അവനോട് പറഞ്ഞത് എനിക്കോർമ്മ വന്നു. ഭക്ഷണം പാകം ചെയ്യുന്ന മണമടിച്ചപ്പോൾ അത് ചിരപരിചിതമായ എന്തിന്റെയോ ആണല്ലോ എന്നെനിക്ക് തോന്നാതിരുന്നില്ല. അല്പം കഴിഞ്ഞപ്പോൾ അച്ഛനോടും മക്കളോടും വാഴയില വെട്ടിക്കൊണ്ടുവരാൻ അമ്മ വന്നു പറഞ്ഞു. അച്ഛൻ മുൻപേയും ഞങ്ങൾ പിറകിലുമായി പോയിട്ട് വാഴയിലകൾ വെട്ടിക്കൊണ്ടു വന്നു. ഞങ്ങളോടു പോയി കളിച്ചോളാനും, ഭക്ഷണം തയ്യാറാക്കിയിട്ട് അച്ഛനും അമ്മയും വരാമെന്നും പറഞ്ഞു. അവിടെ അടുത്തുള്ള പറമ്പിലൂടെയൊക്കെ ചുറ്റി നടന്ന്, കാണുന്നവർക്കെല്ലാം അവൻ അതീവ സന്തോഷത്തോടെ ഞങ്ങളെ പരിചയപ്പെടുത്തിക്കൊടുക്കുന്നുണ്ടായിരുന്നു. മക്കളേ എന്ന ഉറക്കെയുള്ള വിളികേട്ട്, ചോറായി എന്ന് പറഞ്ഞോണ്ട് അവൻ വീട്ടിലേക്കോടി, പിറകെ ഞങ്ങളും. ചെറിയ ആ നടുമുറിയിൽ തറയിലായി 4 ഇലകൾ ഇട്ടിരുന്നു. ഞങ്ങൾ കഴിച്ചതിനു ശേഷം അച്ഛനും അമ്മയും കഴിച്ചോളാമെന്ന് പറഞ്ഞു. ഞങ്ങളെല്ലാരും നിർബന്ധിച്ചപ്പോൾ ഒടുവിൽ അച്ഛൻ കൂടെയിരുന്നു.
ഇലകളിൽ കണ്ണും നട്ടിരുന്ന ഞങ്ങൾക്ക് മുൻപിലേക്ക് ആദ്യം വന്നു വീണത് വലിയുള്ളി (സവാള) ചേർത്ത തൈരായിരുന്നു. അതിനു പിന്നാലെ മാങ്ങാച്ചാറും, ചമ്മന്തിയും. എന്റെയും കൂടെ വന്നവരുടെയും മുഖത്തു ഒരു ചെറുചിരി വന്നു തുടങ്ങിയിരുന്നു. തലയുയർത്തി അവനെ നോക്കിയപ്പോൾ എങ്ങനുണ്ടെടാ എന്റെ സെറ്റപ്പ് എന്നൊരു ഭാവം അവന്റെ മുഖത്തും. വലിയൊരു പാത്രത്തിൽ ആവിപറക്കുന്ന ബിരിയാണിയുമായി, അമ്മ വീണ്ടും രംഗപ്രവേശം ചെയ്തു. ഞങ്ങളുടെയെല്ലാം മുഖത്ത് ബൾബ് കത്തിയ ഭാവം. മസാലകളും, കയമ അരിയും, കോഴിക്കഷണങ്ങളും ചേർന്ന് അവിടെയാകെ സുഗന്ധം പരത്തി; അതിൽ മയങ്ങി നിൽക്കുന്ന ഞാനുൾപ്പെടെയുള്ള കുറച്ചാത്മാക്കളും. വലിയ തവികളിൽ ബിരിയാണിയും വാത്സല്യവും ചേർത്ത്, ആ അമ്മ വിളമ്പി. ഏറ്റവും കൃത്യമായി വെന്ത അരിമണികളും, ഏറ്റവും നന്നായി യോജിപ്പിച്ച മസാലകളും, ഞങ്ങൾക്ക് സമ്മാനിച്ചത് അന്നോളം കഴിച്ചതിൽ വെച്ച് ഏറ്റവും നല്ല ബിരിയാണിയായിരുന്നു. അതിന്റെ രുചിയിൽ സന്തോഷം കൊണ്ട് കരഞ്ഞു പോകുമോ എന്ന് പോലും എനിക്ക് തോന്നിയിരുന്നു. കൂടെയുള്ളവരുടെ അവസ്ഥയും വ്യത്യസ്ഥമായിരുന്നില്ല. ഞങ്ങൾ ആർത്തിയോടെ കഴിക്കുന്നത് വാത്സല്യം നിറഞ്ഞ കണ്ണുകളോടെ ആ അച്ഛനും അമ്മയും നോക്കുന്നുണ്ടായിരുന്നു. വയറു നിറയെ ബിരിയാണി കഴിച്ച് ഞങ്ങൾ എഴുന്നേറ്റു. കൈകഴുകി വന്ന ഉടനെ, പുറത്തെ ബെഞ്ചിലും, അകത്തു വിരിച്ചിരുന്ന പായിലുമൊക്കെയായി കിടന്ന് ഞങ്ങൾ 4 പേരും ഉറക്കം പിടിച്ചു. വൈകുന്നേരം എണീറ്റപ്പോൾ അമ്മ നല്ല കട്ടൻ ചായ ഉണ്ടാക്കി തന്നു. അത് കുടിച്ചോണ്ടിരിക്കുമ്പോൾ അമ്മ പറഞ്ഞു, ഞങ്ങളെല്ലാരും ബിരിയാണി ഇഷ്ടപെടുന്ന ആൾക്കാരാണെന്നു അറിയാവുന്നതു കൊണ്ടാണ് അന്ന് ബിരിയാണി തന്നെ വച്ചതെന്ന്. ബിരിയാണി ഇഷ്ടപ്പെട്ടോ എന്ന ചോദ്യത്തിന് എങ്ങനെ മറുപടി പറയണം എന്നെനിക്ക് അറിയില്ലായിരുന്നു. ഞങ്ങളുടെ ആളുകൾ (മുസ്ലീങ്ങൾ) വെക്കുന്ന പോലെ ആയിട്ടുണ്ടാവില്ലെന്നും, എന്നാലും അമ്മയൊന്നു ശ്രമിച്ചു നോക്കിയതാണെന്നും പറഞ്ഞപ്പോൾ, ഇനിയും വന്നാൽ ഇത് പോലത്തെ ബിരിയാണി ഉണ്ടാക്കിതരണമെന്ന് ഞങ്ങൾ പറഞ്ഞു. ശരിക്കും, കോഴിക്കോട്ടെ തലമൂത്ത, എണ്ണം പറഞ്ഞ വെപ്പുകാർ ഉണ്ടാക്കുന്ന ബിരിയാണിയോട് കിടപിടിക്കുന്നതായിരുന്നു അന്ന് അമ്മ ഉണ്ടാക്കിയ ബിരിയാണി എന്ന കാര്യത്തിൽ എനിക്കിപ്പോഴും ഒരു സംശയവുമില്ല.
ആ അച്ഛന്റെയും അമ്മയുടെയും ഏകമകന്റെ, അക്കാലത്തെ ചുരുക്കം സുഹൃത്തുക്കളിൽ ഒരാളായിരിക്കാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്. ഞങ്ങളോട് അവർ എത്രത്തോളം സ്നേഹം കാണിച്ചു എന്നതിന്, ഞങ്ങളെ കാത്തിരുന്നു ഞങ്ങളോടൊപ്പം ഒരുക്കിയ പൂക്കളവും, അന്നേക്ക് വേണ്ടി വാങ്ങിയ ലുഡോ ബോർഡും, എനിക്കായി കരുതിയ ജാഗിരിയും, പിന്നെ അമ്മ ഞങ്ങൾക്കായി മാറ്റിവെച്ച ബിരിയാണി കൈപ്പുണ്യവും, മാത്രം മതി തെളിവായിട്ട്. ആ ബിരിയാണി, സദ്യയെന്ന യാഥാസ്ഥിതികതക്കു മേലെ ആ വീട്ടുകാർ ഞങ്ങളോടുള്ള സ്നേഹത്തിനും ഞങ്ങളുടെ രുചികൾക്കും എത്രത്തോളം പ്രാധാന്യം നൽകി എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു.
ഒരുപാട് വർഷങ്ങൾ ഓണത്തിനും വിഷുവിനും ഒക്കെയായി വീണ്ടും ഞങ്ങളവിടെ ഒത്തുകൂടി. ആഘോഷങ്ങളുടെ പേര് മാറിയെങ്കിലും, പൂക്കളത്തിനു പകരം മാലപ്പടക്കങ്ങൾ വന്നെങ്കിലും, ഒരു കാര്യത്തിന് മാത്രം മാറ്റമുണ്ടായിരുന്നില്ല; ഇലയിൽ സദ്യക്ക് പകരം ആ അമ്മ സ്നേഹത്തോടെ വിളമ്പുന്ന ബിരിയാണിക്കും, അതിന്റെ രുചിക്കും.
വാൽക്കഷ്ണം: ഇത് പോലുള്ള ബിരിയാണികൾ തിന്നു വളർന്ന ഞാൻ, മലബാറിനു താഴേക്കുള്ള പ്രദേശങ്ങളിലെ പല കടകളിലും പോയി, പൈൻ ആപ്പിളും, എസ്സെൻസും ഒക്കെയിട്ട് മധുരിപ്പിച്ച ബിരിയാണി കഴിച്ച്, ഇത് ബിരിയാണിയല്ല എന്ന് പറഞ്ഞു വഴക്കുണ്ടാക്കിയിട്ടുണ്ടെങ്കിൽ അതില് വലിയ അത്ഭുതമൊന്നുമില്ല. തീറ്റദോഷം കൊണ്ടാണെന്നു കരുതി ക്ഷമിച്ചേരെ.
അടിക്കുറിപ്പ്: ചെറുപ്പത്തിൽ ഞാനൊരു ബിരിയാണി ആയിരുന്നെങ്കിലും, ഇപ്പൊ ഞാൻ ബിരിയാണിയുമല്ല, വട്ടയപ്പവുമല്ല, സദ്യയുമല്ല. പണ്ട് പച്ച നിറത്തോട് ചെറിയ ചായ്‌വുണ്ടായിരുന്നെങ്കിലും, ഇപ്പൊ പച്ചയോ, ചുമപ്പൊ, കാവിയോ താൽപര്യമില്ല; പ്രത്യേക മമതയോ പുച്ഛമോ ഇല്ല. മിട്ടായി തെരുവും, സ്വരാജ് റൗണ്ടും, മട്ടാഞ്ചേരിയും, മുല്ലക്കലും, ചാല മാർക്കറ്റും ഒരു പോലെ പ്രിയങ്കരം; അത് പോലെ തന്നെ നരസിംഹ മന്നാടിയാരും, മംഗലശ്ശേരി നീലകണ്ഠനും.
യാഥാസ്ഥിതികതകളില്ലാത്ത, മുൻവിധികളില്ലാത്ത അഭിവാദ്യങ്ങൾ...





























പാണിയേലി പോര് - തൊമ്മൻകുത്ത് - കാൽവരി മൗണ്ട് - അഞ്ചുരുളി - ഒക്ടോബർ 2016

പാണിയേലി പോര് - തൊമ്മൻകുത്ത് - കാൽവരി മൗണ്ട് - അഞ്ചുരുളി 

അന്നൊരു ബുധനാഴ്ച. ഓഫീസിലെ ജോലിയൊക്കെ കഴിഞ്ഞു ഹോസ്റ്റൽ റൂമിലെത്തി ചുമ്മാ ഇരിക്കുമ്പോ ഒരു നേരംപോക്ക് തോന്നി, കേരളത്തിലെ, ഞാനിതു വരെ പോകാത്ത സ്ഥലങ്ങളുടെ ഒരു ലിസ്റ്റുണ്ടാക്കുക. അങ്ങനെ സഞ്ചാരി ഗ്രൂപ്പിൽ നിന്നും, പിന്നെ എന്റെ ഓർമയിൽ നിന്നുമൊക്കെ സ്ഥലങ്ങളെടുത്ത് ലിസ്റ്റിൽ ഇടാൻ തുടങ്ങി. ആലോചിക്കുന്തോറും ലിസ്റ്റിന്റെ നീളം കൂടിക്കൂടി വന്നപ്പോ തൽക്കാലത്തേക്ക് അതവിടെ നിർത്തി.

വെള്ളിയാഴ്ച വൈകുന്നേരം. വീക്കെന്ഡിലേക്ക് പ്ലാനൊന്നും ഇട്ടിട്ടില്ല. ചുമ്മാ സ്ഥലങ്ങളുടെ ലിസ്റ്റെടുത്തു നോക്കി. ഒരു യാത്രയ്ക്ക് കവർ ചെയ്യാവുന്ന ഒരു 3 - 4 സ്ഥലങ്ങൾ മാർക്ക് ചെയ്തു. ബസിൽ പോകാനായിരുന്നു പ്ലാൻ. ശനിയാഴ്ച രാവിലെ സ്ഥലം വിടാമെന്നു വിചാരിച്ചു. ആ പ്ലാനും ഉറപ്പിച്ചു മനക്കോട്ട കെട്ടിക്കൊണ്ട് ഉറങ്ങാൻ കിടന്നു.

രാവിലെ എണീറ്റപ്പോ കുറച്ചു മിസ്സ്ഡ് കോൾസ് കണ്ടു. നോക്കുമ്പോ യാത്ര പ്രിയനായ ഒരു സുഹൃത്താണ്. വിളിച്ചപ്പോൾ, താങ്കൾ സ്ഥലത്തുണ്ടെന്ന് അറിഞ്ഞെന്നും അപ്പോൾ എന്തായാലും യാത്ര കാണുമല്ലോയെന്നും, അവൻ പറഞ്ഞു. ഞാനവനോട് യാത്രയുണ്ടെന്നു പറയുകയും, എന്റെ പ്ലാൻ അവതരിപ്പിക്കുകയും ചെയ്തു. കേട്ടപ്പോൾ അവനും ഇഷ്ടപ്പെട്ടു. അങ്ങനാണേൽ അവന്റെ കാറിൽ പോകാമെന്നായി. അത് കേട്ടപ്പോൾ ഞാൻ പ്ലാനിലേക്ക് 2 സ്ഥലങ്ങൾ കൂടെ കൂട്ടിച്ചേർത്തു. നിന്നും ഇരുന്നും തിരിഞ്ഞും ഉച്ചയായി. അവൻ വീണ്ടും വിളിച്ചപ്പോൾ, പ്ലാൻ കുറച്ചൂടെ വലുതായൊന്നും 2 പേരും കൂടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു രംഗത്തെത്തിയിട്ടുണ്ടെന്നും പറഞ്ഞു. അങ്ങനെ പ്ലാൻ തയ്യാറായി: 1 കാറ് - 4 പേര് - റൂട്ട്: പാണിയേലി പോര് - തൊമ്മൻകുത്ത് - കാൽവരി മൗണ്ട് - അഞ്ചുരുളി - തങ്ങൾപ്പാറ - ഇല്ലിക്കൽകല്ല്.

ഉച്ചതിരിഞ്ഞ് ഇറങ്ങുമ്പോഴേക്കും നല്ല മഴയുണ്ടായിരുന്നു. ആദ്യത്തെ യാത്ര അങ്കമാലി - പെരുമ്പാവൂർ - കുറുപ്പംപടി/ഓടക്കാലി വഴി പാണിയേലി പോര് ആണ്. അങ്കമാലി കഴിഞ്ഞു കാലടിയിൽ നിന്ന് ഇടത്തോട്ട് കോടനാടേക്കുള്ള ഒരു വഴിയുണ്ട്. മാപ്പ് നോക്കിയപ്പോൾ ആ റൂട്ടിലെ കുറെ ഉൾവഴികളിലൂടെ പോയാൽ പാണിയേലി പോര് എത്തിച്ചേരാമെന്നു മനസ്സിലായി. അങ്ങനെ കാലടിയിൽ നിന്നു ഞങ്ങൾ ഇടത്തോട്ടു തിരിഞ്ഞു. കാലടിയിൽ നിന്ന് കോടനാടിന്നടുത്തൂടെ, മലയാറ്റൂർ - ചെട്ടിനട - ക്രാരിയേലി (ഓരോരോ പേരുകളേയ്) റൂട്ടിലൂടെ ഞങ്ങൾ ചോദിച്ചു ചോദിച്ചു പോയി. ഈ വഴിയിലെ ചെറു കവലകളും, കലുങ്കുകളും, മലയാറ്റൂര് കഴിഞ്ഞുള്ള പാലവുമെല്ലാം നല്ല കാഴ്ചകളാണ്. കോടനാടിന്റെ സാമീപ്യമുള്ളത് കൊണ്ട്, അതിന്റെയൊരു ഇരുട്ടും തണുപ്പും അത് വേറെ. പാണിയേലി കവല കാണാൻ ഒരു പ്രത്യേക ചന്തമാണ്‌. ആളുകൾക്ക് സൊറ പറഞ്ഞിരിക്കാനുള്ള കുറച്ചു കൽകെട്ടുകളും നല്ല 2 ചായക്കടകളും ഉണ്ടവിടെ. ആ കവലയിൽ നിന്നു നേരെ പോയാൽ പാണിയേലി പോര്, വലത്തോട്ടു പോയാൽ ഓടക്കാലി. തിരിച്ച് അങ്കമാലി പോകുന്നവർക്ക്, ഈ വഴി പോയി അല്പം കഴിഞ്ഞു കുറുപ്പംപടി ഭാഗത്തേക്കു തിരിയുന്നതായിരിക്കും നല്ലത്. പാണിയേലി കവലയിൽ നിന്ന് ഏകദേശം 2 കിമി കാണും പോരിലേക്ക്. ഒരു Y കവല കാണാം. അവിടുന്ന് താഴേക്ക് മണ്ണിട്ട റോഡിലൂടെ ഇറങ്ങി വേണം പോരിലേക്ക് പോകാൻ. വലതുഭാഗത്ത് മുകളിലേക്കുള്ള റോഡ് മലയാറ്റൂർ വനം ഡിവിഷൻറെ ഉൾപ്രദേശങ്ങളിലേക്കാണ്. ആ പരിസരം ആകെമൊത്തത്തിൽ വളരെ മനോഹരമാണ്. കാട്ടിനുള്ളിലേക്കുള്ള വഴികൾ ഇടയ്ക്കിടെ കാണാം, എന്ന് വെച്ച് കേറിച്ചെല്ലാൻ നിൽക്കരുത്. പോരിലേക്കുള്ള പ്രവേശന ഫീസ് ആളൊന്നിന് 10 രൂപയാണ്. ഏകദേശം 4.30 വരെ പ്രവേശനം അനുവദിക്കും. പോരിലെ പോരാട്ടമൊക്കെ കഴിഞ്ഞപ്പോഴേക്കും ചെറിയ വിശപ്പൊക്കെ തോന്നിത്തുടങ്ങിയിരുന്നു. രാവിലെ കഴിച്ച മസാലദോശയും ഉഴുന്നുവടയും ഡ്യൂട്ടി കഴിഞ്ഞു പോയിരുന്നു. പാണിയേലി കവലയിൽ തിരിച്ചെത്തി ചായയും പഴംപൊരിയും കഴിച്ചു. അപ്പപ്പോൾ ഉണ്ടാക്കിക്കിട്ടിയ ചൂടു പഴംപൊരികൾ ഏകദേശം 15 എണ്ണം ഞങ്ങൾ 4 പേരുംകൂടെ കഴിച്ചു. മാവ് തീർന്നൂന്ന് ഉറപ്പാക്കിയിട്ടാണ് ഞങ്ങൾ അവിടം വിട്ടത്. നേരെ ഓടക്കാലിക്ക്.

അന്ന് ഇടുക്കി ജില്ലയിൽ ഹർത്താലായിരുന്നു. പക്ഷേ ഞങ്ങൾ ഇടുക്കി ജില്ലയിൽ പ്രവേശിക്കുമ്പോഴേക്കും ഹർത്താൽ സമയം കഴിഞ്ഞിരുന്നു. തൊമ്മൻകുത്തിലേക്ക് അന്നേ ദിവസം ഇനി പോകാൻ പറ്റില്ല, അപ്പോ ഇനി അന്ന് രാത്രി തങ്ങാനുള്ള സെറ്റപ്പ് നോക്കാമെന്നു തീരുമാനിച്ചു. തൊമ്മന്കുത്തിനു ഏറ്റവും അടുത്തുള്ള പ്രധാന പട്ടണം തൊടുപുഴയാണ്, ഏകദേശം 20 കിമി. ഫാമിലി ഒക്കെ ആയിട്ട് പോകുമ്പോൾ തൊടുപുഴയായിരിക്കും നല്ല ഓപ്ഷൻ. ആദ്യം ഞങ്ങളുടെ പ്ലാൻ ഓടക്കാലി - കോതമംഗലം വഴി തൊടുപുഴ പോകാനായിരുന്നു. പിന്നെയോർത്തു, തൊമ്മൻകുത്തിനു ഏറ്റവും അടുത്തുള്ള ഏതെങ്കിലും സ്ഥലത്ത് ചെറിയ സെറ്റപ്പിൽ വല്ലോം തങ്ങാമെന്ന്. അങ്ങനെ കോതമംഗലത്തു നിന്നു, തൊടുപുഴ വഴിക്ക് പോകാതെ, കാളിയാർ റൂട്ടിലേക്ക് വണ്ടി തിരിച്ചു. പോകുന്ന വഴിക്കൊന്നും ലോഡ്‌ജുകളുടെ ലക്ഷണമൊന്നും കണ്ടില്ല. അഥവാ ഒന്നും കിട്ടിയില്ലെങ്കിൽ തൊടുപുഴക്ക് പോകാം എന്നുള്ളത് കൊണ്ട് പ്രശ്നമില്ലായിരുന്നു. പോത്താനിക്കാട് തീരെ ചെറുതല്ലാത്തൊരു അങ്ങാടിയാണ്. അവിടെ ചോദിച്ചപ്പോൾ കുറച്ചു മുന്നോട്ട് പോയാൽ പൈങ്ങോട്ടൂർ എന്ന സ്ഥലത്ത് നല്ലൊരു ഹോട്ടൽ ഉണ്ടെന്നു പറഞ്ഞു. പൈങ്ങോട്ടൂര് ഒരു കവലയുണ്ട്, നേരെ പോയാൽ കാളിയാർ/തൊമ്മൻകുത്ത്, വലത്തോട്ട് പോയാൽ തൊടുപുഴ, ഇടത്തോട്ട് പോയാൽ തലക്കോട്/അടിമാലി/മൂന്നാർ. അവസാനം പറഞ്ഞ മൂന്നാർ റൂട്ടിൽ നല്ലൊരു ഹോട്ടൽ (കാഴ്ച്ചയിൽ മാത്രം) കണ്ടു. കയറിച്ചെന്നു ചോദിച്ചപ്പോൾ റൂമൊന്നിനു 3000 രൂപ. അതിൽ പരമാവധി മൂന്നു പേരെയേ കയറ്റു, അപ്പോൾ ബാക്കിയുള്ളവനെ എന്തു ചെയ്യുമെന്നു ചോദിച്ചപ്പോൾ മറ്റൊരു റൂം കൂടി എടുക്കണമെന്നായി. അപ്പോൾ ആകെമൊത്തം 6000 രൂപ, അതും രാവിലെ നേരത്തെ എണീറ്റ് പോകാനുള്ള ഞങ്ങളോട്. റൂം കാണിച്ചു തരാൻ പറഞ്ഞപ്പോൾ, അയാൾ പ്രാർത്ഥിച്ചു കഴിയുന്നവരെ കാത്തിരിക്കണമത്രേ. അതും കഴിഞ്ഞു വീണ്ടും അര മണിക്കൂർ കാത്തിരിക്കണമത്രേ റൂം വൃത്തിയാക്കി കിട്ടാൻ. അവിടെ ഒരൊറ്റ അതിഥികളും ഇല്ലാത്തതിന്റെ കാര്യം മനസ്സിലായി. വില്ലേജ് ഓഫീസിലൊക്കെ പോയി അപേക്ഷയൊക്കെ കൊടുത്തിട്ട്, കുറെ കാലം കഴിഞ്ഞൊക്കെ കാര്യം സാധിച്ചു കിട്ടില്ലേ? ആ ഒരു രീതിയാണ്, ഈ സ്വർണത്തിൽ പണിഞ്ഞ രാജകൊട്ടാരത്തിനും, അവിടിരിക്കുന്ന മഹാമന്ത്രിക്കും (രാജാവ് സ്ഥലത്തില്ല). സലാം പറഞ്ഞ് അവിടുന്നിറങ്ങി. 

പിന്നെയും മുന്നോട്ട് പോകാൻ തന്നെ തീരുമാനിച്ചു. അങ്ങനെ വണ്ണപുറം എന്ന സ്ഥലത്തെത്തി. അവിടെ അന്വേഷിച്ചപ്പോൾ ഒരു അരിക്കട നടത്തുന്ന ഇക്കാക്കയുടെ അടുത്തേക്ക് വിട്ടു. അങ്ങേരോട് റൂമുണ്ടോന്നു ചോദിച്ചു മുഴുമിപ്പിക്കേണ്ടി വന്നില്ല, അപ്പോഴേക്കും തൊട്ടടുത്ത കെട്ടിടത്തിന്റെ മുകളിലേക്ക് കൊണ്ടുപോയി. ഇടനാഴിയിലൂടെ നടന്നു റൂമിന്റെ മുൻപിലെത്തി. പുറത്തേക്ക് നോക്കിയപ്പോൾ ഒരമ്പലവും, പാടവും പിന്നെ ഒരു മലയുടെ നല്ല ഉഗ്രൻ വ്യൂ ഉം. റൂമിൽ 2 ഡബിൾകോട്ടു ബെഡ്, വാഷ് ബേസിൻ, വർക്ക് ഏരിയ, ഷെൽഫ്, ബാത്ത്റൂം, പിന്നെയും കുറെ സ്ഥലം ബാക്കി. എത്രയാ വാടകയെന്നു ചോദിച്ചപ്പോൾ 500 രൂപ എന്ന് പറഞ്ഞു. കേട്ടത് 500 എന്ന് തന്നെയാണെന്ന് ഉറപ്പിക്കാൻ ഒന്നൂടെ ചോദിച്ചു. അപ്പോൾ തൊട്ടടുത്ത റൂമാണെങ്കിൽ 300 മതി എന്നായി. അത് കുറച്ചൂടെ ചെറുതായിരുന്നു. അങ്ങനെ 500 ൻറെ റൂം ഉറപ്പിച്ചു. ഒരാൾക്ക് ചിലവ് വെറും 125 രൂപ, അതൊരു ലോട്ടറി തന്നെയായിരുന്നു. ഇനി അടുത്ത ചടങ്ങിലേക്ക്; രാത്രിഭക്ഷണം. ചുറ്റുമുള്ള ചെറിയ തട്ടുകടകളിലൊന്നും കാര്യമായിട്ട് ഒന്നുമില്ല. ഒരു സ്ഥലത്തു പൊറോട്ടയും സാമ്പാറും, വേറൊരു സ്ഥലത്തു കപ്പ മാത്രം, കറിയൊന്നുമില്ല, അങ്ങനെ അങ്ങനെ. കാര്യമെന്താന്നു ചോദിച്ചാൽ ഒന്നുമില്ല, ഹർത്താൽ തന്നെ. അങ്ങനെ വന്നവഴിക്ക് കുറച്ചു പോയി നോക്കിയപ്പോൾ ഒരു തട്ടുകട കണ്ടു. ചോദിച്ചപ്പോൾ നല്ല ചൂട് ദോശയും, പോത്തിറച്ചിയും ഉണ്ടെന്നു പറഞ്ഞു. 4 പ്ലേറ്റ് ഇറച്ചി നിരനിരയായിട്ട് വന്നുപോയി. കട അടക്കാറായോണ്ട് ബാക്കി വന്ന അര പ്ലേറ്റ് ഇറച്ചി സൗജന്യമായും തന്നു. അതും പോരാഞ്ഞു ഓംലെറ്റും ബുൾസൈയും ചായയും വാങ്ങിത്തകർത്തു, ആകെമൊത്തം ബഹളം. വളരെ നിസ്സാര തുകയെ ബില്ലായുള്ളു. ആ സ്ഥലത്തങ്ങു കൂടിയാലോന്നു ആലോചിച്ചുപോയി. തിരിച്ചു പോകുന്ന വഴിക്ക്, പഴയ സിനിമ ടാക്കീസുകളെ അനുസ്മരിപ്പിക്കുന്ന ഒരു ബിയർ പാർലർ കണ്ടു, അവിടെയും കേറി (അല്ലാ, ചുമ്മാ ആ വഴി പോയപ്പോ... ഇങ്ങനെ) തിരിച്ചു റൂമിൽ വന്നു, കുറച്ചു നേരം സംസാരിച്ചിരുന്നു, 12 മണിയോടെ എല്ലാരും ഉറങ്ങി.

രാവിലെ എണീറ്റു തൊട്ടടുത്തുള്ള (തലേന്ന് അടച്ചിട്ടിരുന്ന) ഒരു കടയിൽ കേറി ഭക്ഷണം കഴിച്ചു. നല്ല വൃത്തിയുള്ള സ്ഥലവും, രുചികരമായ ഭക്ഷണവും, ഉഗ്രൻ സർവീസും. 4 പേരും കൂടെ കഴിച്ചിട്ടും 200 രൂപയിൽ താഴെയേ ആയുള്ളൂ. അവിടുന്ന് അല്പം മുന്നോട്ട് പോയാൽ കാളിയാറിലേക്കും, മുള്ളരിങ്ങാടേക്കും, തൊമ്മൻകുത്തിലേക്കുമുള്ള വഴികൾ കാണാം. ഏകദേശം 15 മിനിട്ടുകൾ കൊണ്ട് ഞങ്ങൾ തൊമ്മൻകുത്തിന്റെ കവാടത്തിലെത്തി. കവാടത്തിനരികെ തന്നെ കാണുന്ന വെള്ളച്ചാട്ടമാണ് തൊമ്മൻകുത്ത്. അതിന്റെ മുകളിലേക്കുള്ള മറ്റു കുത്തുകൾ (വെള്ളച്ചാട്ടങ്ങൾ) കാണാൻ വനംവകുപ്പിന്റെ പാസ്സ് എടുക്കണം; ഒരാൾക്ക് 20 രൂപ. നല്ല ഇരുട്ടു വീണു കിടക്കുന്ന ഒരുഗ്രൻ നടപ്പാതയാണ് അവിടെ നമ്മളെ കാത്തിരിക്കുന്നത്. ആ വഴി, മലയാറ്റൂർ ഡിവിഷനിലെ ഉൾക്കാട്ടിലുള്ള ഉറവകളിൽ നിന്ന് രൂപം കൊണ്ട പുഴയുടെ തീരത്തൂടെയാണ്. പുഴ ഒഴുകി മൂവാറ്റുപുഴയിൽ ചേരുകയും, പിന്നെ തൊടുപുഴയോടൊപ്പം പെരിയാറിൽ ചെന്നുചേരുകയും ചെയ്യുമെന്ന് അറിയാൻ കഴിഞ്ഞു. ഈ പുഴയിൽ തൊമ്മന്കുത്ത് കൂടാതെ, 9 വെള്ളച്ചാട്ടങ്ങൾ കൂടെയുണ്ട്. അവയിൽ 2 എണ്ണം വരെയേ നമുക്ക് സാധാരണ ഗതിയിൽ പ്രവേശനമുള്ളൂ. കൂടുതൽ മുകളിലേക്ക് പോകണമെങ്കിൽ ട്രെക്കിങ്ങ് പാക്കേജ് എടുക്കണം. ആ യാത്രയിൽ ധാരാളം മൃഗങ്ങളെ കാണാമെന്നു അവിടെയുള്ള ഗാർഡ് പറഞ്ഞു. ഒരിടത്തു പോലും പുഴയിലേക്കിറങ്ങാൻ അനുവാദമില്ല (30 ഓളം പേർ മരിച്ചിട്ടുണ്ട് ഇവിടെ). വേനൽക്കാലമൊഴികെയുള്ള സമയങ്ങളിൽ പുഴത്തീരത്ത് ഭക്ഷണം പാകം ചെയ്തു കഴിക്കാവുന്നതാണ്.  വഴിയിലുടനീളം അതിമനോഹരങ്ങളായ തീരങ്ങൾ കാണാം, അവിടെയൊക്കെ പോയിരിക്കാൻ നല്ല രസമാണ്. ആ വഴിയിലെ ആദ്യത്തെ കുത്തായ ഏഴുനിലക്കുത്ത് എത്തുന്നതിനു മുൻപായി വനംവകുപ്പിന്റെ ഒരു ഏറുമാടം ഉണ്ട്. അതിൽ നമുക്ക് കയറിയിരിക്കാം (ഒരു സമയത്തു പരമാവധി 3 പേർ).  ഏഴുനിലക്കുത്തിൽ വെള്ളം ഏഴുനിലകളായിട്ടാണ് ചാടുന്നത്. നിലകൾ തീരെ ചെറുതായതിനാൽ, ഏഴെണ്ണമുണ്ടെന്നു കണ്ടാൽ മനസ്സിലാവില്ല. ഒരകലത്തിൽ നിന്ന് കാഴ്ച കാണാം, കമ്പിവേലിക്കുള്ളിലൂടെ കയറാൻ നോക്കിയാൽ ഗാർഡുമാർ വെടിവെച്ചിടും (ചുമ്മാ, പക്ഷെ നല്ല പോലെ പോയി വന്നാൽ, അതല്ലേ നല്ലത്. വെള്ളത്തിൽ പലയിടത്തും കണ്ണിൽപ്പെടാത്ത ആഴമുള്ള കുഴികളുണ്ട്.) പ്രവേശനകവാടത്തൂന്ന്, ഒരു കിമി ഇൽ താഴെ ദൂരമേ ഈ കുത്തു വരെയുള്ളൂ. അടുത്ത കുത്തായ തേൻകുഴിക്കുത്തിലേക്ക് ഏകദേശം ഒരു കിമി കൂടെ. ആ കുത്തിലേക്ക് നടന്നു പോകവേ ഒരു ഗാർഡിനെ പരിചയപ്പെട്ടു. അദ്ദേഹം ഞങ്ങളെ സാധാരണ വഴിയിൽ നിന്ന് താഴേക്കിറക്കി പുഴയുടെ തൊട്ടടുത്തുള്ള പാറകളിലൂടെ കൊണ്ടുപോയി. അത് നല്ലൊരു അനുഭവമായിരുന്നു (വഴുക്കൽ ശ്രദ്ധിക്കണം; ഞാൻ 2 വട്ടം വീണു). നമ്മൾ അവിടുന്ന് കയറിയെത്തുക തേൻകുഴിക്കുത്തിനു തൊട്ടടുത്താണ്. അവിടുന്ന് കാഴ്ച കണ്ടിട്ട് പിന്നെ തിരിച്ചിറങ്ങണം. അവിടുന്ന് അപ്പുറത്തേക്ക് പ്രവേശനമില്ല (ട്രക്കിങ്ങുകാർ ഒഴികെയുള്ളവർക്ക്). വഴി അടച്ചിട്ടിരിക്കുന്നയിടം വരെ ഒന്ന് പോയി കണ്ടു. പിന്നെയങ്ങോട്ട് ശരിക്കുള്ള വഴിയൊന്നുമില്ല. ആനകൾ ആ അടച്ചിരിക്കുന്ന ഭാഗം വരെയൊക്കെ വരാറുണ്ടെന്ന് പറഞ്ഞു. പണ്ടൊരിക്കൽ വന്നിട്ട് നേരത്തെ പറഞ്ഞ ഏറുമാടം വരെയെത്തുകയും, അത് അടിച്ചുപൊളിക്കുകയും ചെയ്തുവത്രേ. ഞങ്ങൾ തിരിച്ചിറങ്ങി, ഒരു കാപ്പിയും കുടിച്ചോണ്ട് റോഡിലൂടെ നടന്നു തൊമ്മന്കുത്ത് വെള്ളച്ചാട്ടം കുറച്ചു നേരം കണ്ടിരുന്നു. അവിടുന്ന് അടുത്ത ലക്ഷ്യമായ കാൽവരിമൗണ്ടിലേക്ക് തിരിച്ചു.

തൊടുപുഴ - ചെറുതോണി വഴി പോയാൽ മതി ശരിക്കും. പോകാത്ത റൂട്ടിൽ യാത്ര ചെയ്യണമെന്ന ആഗ്രഹമുള്ളോണ്ട് മറ്റൊരു വഴി തപ്പിപ്പിടിച്ചു. ആ വഴിയെ കുറിച്ച് അവിടെയുള്ളൊരു ചേട്ടനോട് ചോദിച്ചപ്പോൾ പറഞ്ഞത് വളരെ സമയലാഭം ഉണ്ടാകുമെന്നായിരുന്നു. അങ്ങനെ തൊമ്മൻകുത്ത് നിന്ന് വെണ്മണി - കഞ്ഞിക്കുഴി - ചേലച്ചുവട് റൂട്ട് ഞങ്ങൾ ഫിക്സ് ചെയ്തു. ആ വഴിയെ പറ്റി ഇപ്പൊ എന്താ പറയുക; പ്ലാനിങ്ങിൽ ഒരു 7 - 8 ഹെയർപിൻ ഉണ്ടായിരുന്നത്, സമയവും പണവും ലാഭിക്കാൻ വേണ്ടി നേരെ കുത്തനെ ആക്കിയാൽ എങ്ങനെയിരിക്കും, ആ അത് തന്നെ. പക്ഷെ, ജനവാസം കുറവുള്ള ആ മേഖലയിലൂടെയുള്ള ഡ്രൈവ് രസകരമായിരുന്നു. പണ്ടൊരിക്കൽ മൂന്നാർ പോകവെ, നേർവഴി പോകാതെ മുള്ളരിങ്ങാട്ടേക്ക് തിരിഞ്ഞു കയറി ഈ റൂട്ടിലെ വെണ്മണിയിലെങ്ങാനും എത്തിയിരുന്നതായി ഓർക്കുന്നു. ചേലച്ചുവടും ചെറുതോണിയും കടന്നു കട്ടപ്പന പോകുന്ന വഴിയിൽ, കുറച്ച് ഹട്ടുകൾ ഒക്കെയുള്ള നല്ലൊരു കടയിൽ നിന്ന് ഊണ് കഴിച്ചു. ചോറും മോരുകറിയും പോത്തിറച്ചിയും മീൻ പൊരിച്ചതും എല്ലാം ഉഷാറായിരുന്നു. അവിടുന്ന് കുറച്ചു ദൂരം കൂടെ പിന്നിട്ടു ഞങ്ങൾ കാൽവരി മൗണ്ടിലെത്തി. (ഒരാൾക്ക് ടിക്കറ്റിനു 20 രൂപ, പാർക്കിംഗ് ഫീസ് 20 രൂപ.) നല്ല ചുട്ട വെയിലത്തായിരുന്നു ഞങ്ങളവിടെ എത്തിയത്. അവിടെ 3 ദിശകളിലും കാഴ്ചകളുണ്ട്. നേരെ പോയാൽ ഇടുക്കി ഡാമിന്റെ സംഭരണിയുടെ നല്ല ഉഗ്രൻ വ്യൂ കിട്ടും. അവിടെ കുന്നിന്റെ ചെരുവിലൂടെ കുറച്ചു ദൂരം ഇറങ്ങി തിരികെ കയറിയപ്പോഴേക്കും ക്ഷീണിച്ച് ഒരു വഴിയായിരുന്നു. പിന്നെ  ഇടത്തോട്ട് കുരിശുമല ഭാഗത്തേക്ക് നടന്നു. ആ വഴിക്ക് കുന്നിന്റെ ഏറ്റവും മുകളിലായി കുരിശുകൾ കാണാം. കുറെ ദൂരം കയറിയിട്ട് തിരിച്ചിറങ്ങി. അവിടെ വലതുഭാഗത്തേക്ക് നടന്നാൽ കോട്ടേജുകൾ ഒക്കെ കാണാം. വെയിലാറിയപ്പോൾ കോട്ടേജുകൾക്കടുത്തുള്ള പാറപ്പുറത്ത് കിടന്നു കുറച്ചു നേരം ഉറങ്ങി. പിന്നെ വീണ്ടും സംഭരണിയുടെ സൈഡിലേക്ക് നടന്നു. അവിടെ പുൽത്തകിടികൾക്കിടയിലുള്ള നടപ്പാതയിൽ കുറെ മഞ്ഞ ബെഞ്ചുകൾ ഇട്ടിട്ടുണ്ട്. നല്ല കാറ്റത്ത് അതിൽ കിടന്നു ഞാൻ കുറച്ചു നേരം മയങ്ങി. അങ്ങനെയൊരു 4 മണിയോടെ കാൽവരി മൗണ്ടിൽ നിന്ന് ഇറങ്ങി. അവിടുന്ന് കട്ടപ്പന പരിസരത്ത് പോകാതെ അഞ്ചുരുളിക്ക് ഒരു കുറുക്കുവഴിയുണ്ട്. ചോദിച്ചു ചോദിച്ചു പോണം.

സായാഹ്നത്തിലെ, നല്ല താഴ്ന്നു തുടങ്ങിയ വെയിലിൽ ഞങ്ങൾ അഞ്ചുരുളിയിൽ എത്തി. കാഞ്ചിയാർ സംഭരണിയുടെ കാഴ്ച്ച അതിമനോഹരമാണ് (കാൽവരി മൗണ്ടിൽ നിന്ന് വിദൂരതയിൽ കണ്ട സംഭരണിയുടെ ഒരു ഭാഗം). അതിവിശാലമായ ആ സംഭരണിയിൽ ആകെ ഒരേയൊരു വഞ്ചിയും അതിൽ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന പ്രായമായ ഒരു മനുഷ്യനെയും കണ്ടു. അവിടുന്ന് വലത്തോട്ട് പോയാൽ അഞ്ചുരുളിയിലെ പ്രശസ്തമായ ആ ടണൽ കാണാം. ഇടുക്കി ഡാമിലേക്ക് വെള്ളമെത്തിക്കുന്ന സ്രോതസ്സുകളിൽ ഒന്ന് ഇവനാണ്. ടണലിലൂടെ വരുന്ന വെള്ളം ഒരു വെള്ളച്ചാട്ടത്തിലൂടെ സംഭരണിയിലെത്തുന്നു. ദയവായി ഇവിടെ പോകുന്നവർ വളരെയധികം ശ്രദ്ധിക്കുക; ടണൽ കാണുന്നതിനു വേണ്ടി കയറി നിൽക്കാൻ ആകെയൊരു ചെറിയ പാറയെ ഉള്ളൂ. അവിടുന്ന് തെല്ലൊന്നനങ്ങിയാൽ വെള്ളച്ചാട്ടത്തിലേക്ക് വീണേക്കാം. യാതൊരു ശ്രദ്ധയും ഇല്ലാതെ ആളുകൾ ഓടിക്കേറി പാറയിലേക്ക് ചാടുന്നത് കാണാം, ചിലർ കൊച്ചുകുഞ്ഞുങ്ങളെയൊക്കെ പിടിച്ചോണ്ട്. അതിനടുത്തായി സൂചനാ ബോർഡുകളോ, സുരക്ഷാ സംവിധാനങ്ങളോ ഒന്നുമില്ല. കുറെ പേര് ഇവിടെ വീണു മരിച്ചിട്ടുമുണ്ട്. അവിടുത്തെ കാഴ്ചകളൊക്കെ കണ്ടു കഴിഞ്ഞപ്പോഴേക്കും ഏകദേശം ഇരുട്ട് വീണു തുടങ്ങിയിരുന്നു. കൊച്ചിക്ക് ഏതു വഴി തിരിച്ചിറങ്ങുമെന്നുള്ള ചർച്ച തുടങ്ങി (തങ്ങൾപാറ - ഇല്ലിക്കൽ കല്ല് പ്ലാൻ ഇതിനിടെ ഉപേക്ഷിച്ചിരുന്നു). അങ്ങനെ നേരെ വിട്ടു, കുട്ടിക്കാനം റോഡിന് . കാഞ്ചിയാറൊക്കെ പിന്നിട്ട് അല്പദൂരം കഴിഞ്ഞു ഉപ്പുതറ എന്ന സ്ഥലത്തെത്തി വഴി ചോദിച്ചു, അവിടുന്നൊരു കുറുക്കുവഴിയും കിട്ടി, എങ്ങോട്ടാ, വാഗമൺ തന്നെ. വഴി അല്പം മോശമായിരുന്നു, പോരാത്തതിനു പെരും മഴയും. ഏത് നേരത്താണെലും വാഗമണിലെ വിശാലവും വിജനവുമായ റോഡുകളിൽ ചുമ്മാ നില്ക്കാൻ ഒരു രസം തന്നെയാ. വാഗമൺ പരിസരത്തൂന്ന് ചായയും കുടിച്ചു ഞങ്ങൾ ടീക്കോയ് - ഈരാറ്റുപേട്ട റൂട്ട് പിടിച്ചു. ഈരാറ്റുപേട്ട - പാലാ - കൂത്താട്ടുകുളം - മൂവാറ്റുപുഴ ആയിരുന്നു റൂട്ട്. പാലായിൽ എത്തിയപ്പോൾ നല്ല വിശപ്പായിരുന്നു. അവിടെ രാജധാനിയിൽ കയറി, നല്ല പൊറോട്ടയും, പോർക്കും, ബീഫും അടിച്ചു ഞങ്ങൾ വെച്ച് പിടിച്ചു, കൂരക്ക് ചേരാൻ.

ശുഭം!