Tuesday, March 12, 2013

തുടര്‍ക്കഥ

(2010 ലെ കോളേജ്  മാഗസിനില്‍ പ്രസിദ്ധീകരിച്ച എന്റെ ചെറുകഥ, പുതിയ കൂട്ടുകാര്‍ക്ക് വേണ്ടി ഞാന്‍ ഈ ബ്ലോഗില്‍  പകര്‍ത്തിയെഴുതുന്നു.)  
                                                    

നാല് വര്‍ഷങ്ങള്‍ക്കു മുന്‍പ് കോഴിക്കോട് നിന്നും അനന്തപുരിയിലേക്ക്‌ ഞാന്‍ വിരുന്നു വന്നു. എനിക്കെല്ലാം അജ്ഞാതമായിരുന്നു; പുതിയ സ്ഥലം, ചുറ്റും കുറെ അപരിചിതര്‍, എല്ലാം കൂടെ വീര്‍പ്പുമുട്ടുന്ന ഒരു അവസ്ഥ. അന്നൊരു തിങ്കളാഴ്ച ആയിരുന്നു. അന്നത്തെ ആ നനുത്ത പ്രഭാതത്തില്‍ ഞാന്‍ അവളെ ആദ്യമായി കണ്ടുമുട്ടി. അവളെന്നെ നോക്കി, എനിക്കൊരു ചെറു പുഞ്ചിരി സമ്മാനിച്ചു. പക്ഷെ ഞാന്‍ അവളെ കണ്ട ഭാവം നടിച്ചില്ല. തിരിച്ചൊന്നു ചിരിക്കാന്‍ പോലും ഞാന്‍ മടിച്ചു. എനിക്ക് എല്ലാവരോടും വെറുപ്പായിരുന്നു. സ്വന്തം നാടിനെ പിരിഞ്ഞു നില്‍ക്കുന്നതിലുള്ള ദുഃഖം, നിരാശ, അരക്ഷിതത്വം അങ്ങനെ എല്ലാം കൂടെ ചേര്‍ന്നൊരു മാനസികാവസ്ഥയ്ക്ക് ഞാന്‍ അടിപ്പെട്ടിരുന്നു. അത് കൊണ്ടായിരിക്കാം അതി സുന്ദരിയായ അവളുടെ പുഞ്ചിരി എന്നില്‍ ഒരു വികാരവും സൃഷ്ടിക്കാതെ കടന്നു പോയത്. എനിക്കിവിടെ ബന്ധുക്കളില്ല, കൂട്ടുകാരില്ല, ആരുമില്ല; എനിക്ക് എന്നെ തന്നെ നഷ്ടപെടുകയാണോ എന്ന് ഞാന്‍ സംശയിച്ചു. ഒരു തരം ഒറ്റപെടല്‍.......

ദിവസങ്ങള്‍ കടന്നു പോയി. എന്നും അവളെന്നെ നോക്കി പുഞ്ചിരി തൂകും. പക്ഷെ ഒരു 
തരം നിസ്സംഗത ആയിരുന്നു എന്റെ മനസ്സില്‍. ഒരു ദിവസം അവളെന്നോട് വന്നു സംസാരിച്ചു. അന്ന് ഞാന്‍ മനസ്സിലാക്കി, അവള്‍ സുന്ദരി മാത്രമല്ല, മാധുര്യമാര്‍ന്ന സ്വരത്തിന് കൂടെ ഉടമ ആണെന്ന്. പക്ഷെ ഞാന്‍ ആ തോന്നല്‍ പുറത്തു കാണിച്ചില്ല. അവളെന്നോട് വാ തോരാതെ എന്തൊക്കെയോ സംസാരിച്ചു. ഞാന്‍ എല്ലാം  കേട്ടിരുന്നു, ചിലപ്പോഴൊക്കെ അലസമായി ഒന്ന് മൂളി. ഞാനും അവളും തമ്മിലുള്ള കൂടിക്കാഴ്ചകള്‍ ആവര്‍ത്തനങ്ങളായി, തുടര്‍ക്കഥയായി. ഞാനും അവളും കൂടുതല്‍ കൂടുതല്‍ അടുക്കുകയായിരുന്നു. എനിക്ക് ഒഴിഞ്ഞു മാറണമെന്ന് തോന്നി. എനിക്ക് ആരെയും സ്നേഹിക്കാന്‍ വയ്യായിരുന്നു. 


നേര്‍ത്ത ചാറ്റല്‍ മഴയുള്ളൊരു ദിവസം. ഞാന്‍ ആ മഴ മുഴുവനായി ഏറ്റു വാങ്ങി നടക്കുകയാണ്. നനഞ്ഞു കുതിര്‍ന്ന എന്റെ അടുത്തേക്ക് ഒരു കുടയുമായി അവള്‍ ഓടി വന്നു. അവള്‍ നനയുന്നുണ്ടെങ്കിലും, കൂടുതല്‍ നനയാതെ അവള്‍ എന്നെ കാത്തു. ചാറ്റല്‍ മഴയും, കുളിര്‍ക്കാറ്റും, ഇളം തണുപ്പും സമ്മേളിച്ച അതിമനോഹരമായ ആ അന്തരീക്ഷത്തെ സാക്ഷിയാക്കി, പറഞ്ഞറിയിക്കാനാവാത്ത ഭാവഹാവാധികളോടെ അവള്‍, തന്റെ പ്രണയം എന്നെ അറിയിച്ചു. എനിക്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു. എന്റെ മനസ്സില്‍ പതഞ്ഞു വന്ന വികാരങ്ങള്‍ക്ക്, സ്നേഹ വായ്പ്പുകള്‍ക്ക് കടിഞ്ഞാണിട്ടു കൊണ്ടു ഞാന്‍ പറഞ്ഞു "ഇല്ല, എനിക്ക് നിന്നെ സ്നേഹിക്കാനാവില്ല, എന്റെ മനസ്സില്‍ കയറിപ്പറ്റാന്‍ നിനക്ക് ഒരിക്കലും സാധിക്കില്ല". അവളില്‍ ഒരു നടുക്കം ഞാന്‍ കണ്ടു. പക്ഷെ ആത്മവിശ്വാസം സ്ഫുരിക്കുന്ന വാക്കുകളില്‍ അവള്‍ പറഞ്ഞു, "നീ എന്നെ സ്നേഹിക്കും, തമ്മില്‍ പിരിയാനാവാത്ത വിധം നമ്മള്‍ തമ്മില്‍ അടുക്കും." ഇത്രയും പറഞ്ഞു അവള്‍ ആ മഴയത്തു ഇറങ്ങി നടന്നു. 
തളം കെട്ടി കിടന്ന മഴ വെള്ളം അവളുടെ കാലുകളില്‍ തട്ടി ചിതറി തെറിച്ചു. 


ദിവസങ്ങള്‍ കടന്നു പോയി. അവളെന്നെ കൂടുതല്‍ കൂടുതല്‍ സ്നേഹിച്ചു കൊണ്ടേയിരുന്നു. അവളുടെ ഒരുപാട് നല്ല സുഹൃത്തുക്കളെ എനിക്ക് പരിചയപെടുത്തി തന്നു. ആ സുഹൃത്തുക്കള്‍  പില്‍ക്കാലത്ത് എന്റെ ജീവിതത്തിന്റെ ഭാഗമായി തീര്‍ന്നു. എന്റെ വീഴ്ചകളില്‍ നിന്ന് അവള്‍ എന്നെ കൈപിടിച്ചുയര്‍ത്തി. എല്ലാ കാര്യങ്ങളിലും മുന്‍കൈ എടുക്കാന്‍ അവളെന്നെ പ്രേരിപിച്ചു. എനിക്ക് ഒരു ശക്തമായ മേല്‍വിലാസം അവളിലൂടെ രൂപപ്പെടുകയായിരുന്നു. ഞാന്‍ പക്വത കൈവരിച്ചതും, ഞാനെന്ന വ്യക്തിത്വം വികസിച്ചതും, ഞാന്‍ ഈ ലോകത്തെ കൂടുതല്‍ അറിഞ്ഞതും അവളിലൂടെയയിരുന്നു. എന്നിലുണ്ടാവുന്ന മാറ്റങ്ങള്‍ അത്ഭുതത്തോടെ ഞാന്‍  നോക്കിക്കണ്ടു. അവളുടെ നോട്ടവും, സംസാരവും, പെരുമാറ്റവുമെല്ലാം എന്നിലേക്ക്‌ പ്രവഹിക്കുന്ന കാന്തിക തരംഗങ്ങള്‍ ആണെന്ന് എനിക്ക് തോന്നി. അവധി ദിവസങ്ങള്‍ കിട്ടുമ്പോള്‍ 
നാട്ടിലേക്കൊടിയിരുന്ന  എന്റെ മനസ്സ് ഇവിടെ ഉടക്കി നില്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. ഈ നാടിനെ ഞാന്‍ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു. ഞാനും അവളും ഞങ്ങളുടെ സുഹൃത്തുക്കളും ചേര്‍ന്ന്  ജീവിതം മതിമറന്നു ആഘോഷിക്കാന്‍  തുടങ്ങിയിരിക്കുന്നു. എന്റെ ജീവിതത്തില്‍  പരിണാമങ്ങള്‍  സംഭവിച്ചു കൊണ്ടിരിക്കുന്നു, ഞാന്‍ വളര്‍ന്നു കൊണ്ടിരിക്കുന്നു. ഈ സൗഭാഗ്യങ്ങളെല്ലാം  എനിക്ക് സമ്മാനിച്ചവള്  തന്റെ സ്വതസിദ്ധമായ പുഞ്ചിരിയുമായി എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. അപ്പോഴൊക്കെ എനിക്ക്  അവളോട്‌  തോന്നിയ വികാരം എന്തായിരുന്നു? അത് വെറും സ്നേഹമോ, ബഹുമാനമോ മാത്രം ആയിരുന്നില്ല, പിന്നെ? സംശയങ്ങള്‍ എന്നില്‍ ഉടലെടുത്തു. ഞാന്‍ എന്നോട് തന്നെ ചോദിച്ചു; ഇതല്ലേ  പ്രണയം? അതെ, പ്രണയം തന്നെ, ഞാന്‍ അവളെ ഗാഢമായി  പ്രണയിക്കാന്‍ തുടങ്ങിയിരിക്കുന്നു.


ഞാന്‍ എന്റെ പ്രണയം അവളെ അറിയിച്ചപ്പോള്‍ ഒരു വിജയിയുടെ ഭാവമായിരുന്നു അവളുടെ മുഖത്ത്. അങ്ങേയറ്റം ചമ്മലോടെയാണ് അവള്‍  കാത്തിരുന്ന ആ മറുപടി ഞാന്‍ കൊടുത്തത്. അത് തിരിച്ചറിഞ്ഞിട്ടെന്ന വണ്ണം അവളെന്നെ നോക്കി ചിരിച്ചു. വീണ്ടും, അവളുടേത്‌  മാത്രമായ, നയന മനോഹരമായ ആ ചിരി. ഞങ്ങളുടെ പ്രണയം സുഹൃത്തുക്കള്‍ക്ക് എല്ലാം ഒരു ആഘോഷമായിരുന്നു. കാരണം ഞാനും അവളും എല്ലാവര്ക്കും പ്രിയങ്കരരായിരുന്നു. ഞാന്‍ എന്റെ നാടിനെ മറന്നു, എന്നെ തന്നെ മറന്നു. എന്റെ മനസ്സ് മുഴുവന്‍ അവളായിരുന്നു. പരസ്പരം മാല്സര്യത്തോടെ ഞങ്ങള്‍ സ്നേഹിച്ചു. നാട്ടിലേക്കുള്ള എന്റെ യാത്രകള്‍ കുറഞ്ഞു, കാരണം അവള്‍ ഇവിടെയാണ്‌. അവധി ദിവസങ്ങളെ ഞാന്‍ വെറുത്തു, കാരണം അവളുടെ അസ്സാനിധ്യം എനിക്ക് സഹിക്കാന്‍ കഴിയുമായിരുന്നില്ല. ഞങ്ങള്‍ അറിഞ്ഞു, പ്രണയം ജ്വലിക്കുകയാണ്, തീവ്രതയോടെ... അതിന്റെ താപത്തില്‍, തേജസ്സില്‍ ഞങ്ങള്‍ ഉരുകുകയാണ്. ഇപ്പോള്‍ ഞാനും അവളും ഇല്ല, ഞങ്ങള്‍ മാത്രമേയുള്ളൂ. എന്റെ അസ്ഥിത്വം അവളിലുടെയാണ് പൂര്‍ണ്ണത പ്രാപിക്കുന്നത്.


കാലം കടന്നു പോയി. അതില്‍  വേലിയേറ്റങ്ങളും  വേലിയിറക്കങ്ങളും ഉണ്ടായിരുന്നു. പലപ്പോഴും അവളുടെ പെരുമാറ്റം എന്നില്‍  സംശയങ്ങളുണര്‍ത്തി. എന്നോട് എന്തോ അവള്‍ക്കു ഒരു അകല്‍ച്ച പോലെ, എന്നോട് മാത്രമല്ല ഞങ്ങളുടെ സുഹൃത്തക്കളോടും. ഞങ്ങളുടെ ഇടയിലെ സംസാരം കുറഞ്ഞു, കൂടിക്കാഴ്ചകള്‍ നാമമാത്രമായി. അവള്‍ എന്നെ കാണുമ്പോഴെല്ലാം ഒഴിഞ്ഞു മാറാന്‍ തുടങ്ങി. അവളോട്‌ സംസാരിക്കാന്‍ ഞാനും കൂട്ടുകാരും പല തവണ ശ്രമിച്ചെങ്കിലും അവള്‍ കൂട്ടാക്കിയില്ല. ഞങ്ങളുടെ ഇടയില്‍ കാര്‍മേഘങ്ങള്‍ വന്നു നിറഞ്ഞു. മ്ലാനത ഞങ്ങളെ കീഴ്പെടുത്തുകയാണ്. അവളുടെ പുഞ്ചിരിക്കു ഇപ്പോള്‍ പഴയ തിളക്കം ഇല്ല. എന്നെ വേര്പിരിയുന്നതിലുള്ള ദുഃഖം അവളുടെ കണ്ണുകളില്‍ തളം കെട്ടി കിടന്നിരുന്നു. തെറ്റ് പറ്റിയത് എനിക്കാണ്; ഞാന്‍ നേരത്തെ മനസ്സിലാക്കേണ്ടതായിരുന്നു, അവളെ സ്നേഹിക്കാനേ  എനിക്ക്  കഴിയു , സ്വന്തമാക്കാന് കഴിയില്ല എന്നു. ഞാനും അവളും വേര്‍പിരിയേണ്ടത്  കാലത്തിന്റെ അനിവാര്യതയാണ്. വിരുന്നുകാരനായി വന്ന ഞാന്‍ തിരിച്ചു പോകേണ്ടവനാണ്‌. ഞാന്‍ തിരിഞ്ഞു  നടക്കുകയാണ്, അവളെ വിട്ട് , എന്റെ സുഹൃത്തുക്കളെ വിട്ട് , എന്നെ ഞാനാക്കിയ ഈ നാടിനെ വിട്ട്, ഞാന്‍ പോകുകയാണ്. കാലത്തിന്റെ കുത്തൊഴുക്കില്‍ എന്റെ പേര് വിസ്മൃതിയിലാണ്ടു പോയേക്കാം. അവളുടെ മനസ്സില്‍ ഇപ്പോള്‍ എന്റെ ചിത്രം ഉണ്ടോ എന്നെനിക്കറിയില്ല. തിരിഞ്ഞു നടക്കുമ്പോഴും ഞാന്‍ അവളുടെ മധുരതരമായ പിന്‍വിളിക്കായി  കാതോര്‍ത്തു. അവള്‍ വിളിക്കില്ല എന്നുറപ്പായിരുന്നുവെങ്കിലും വെറുതെ ഒരു മോഹം. 


വിധിയുടെ നിഴല്ക്കൂത്തില്‍ എന്റെ പ്രണയം പൊലിഞ്ഞു പോയി. എങ്കിലും എനിക്കിന്നും കാണാം, എക്കാലവും കാണാം, തേജോമയിയായി, സ്നേഹത്തിന്റെ നിറകുടമായി, വിദ്യാദീപമായി അവള്‍ കൂടുതല്‍ രൂപസൗകുമാര്യത്തോടെ പ്രശോഭിക്കുന്നു. 
അനര്‌ഘ  സൗന്ദര്യമേ..... ഞാന്‍ പ്രണയിച്ച എന്‍ പ്രിയ കലാലയമേ......... നിനക്ക് സായാഹ്ന വന്ദനം.







പിന്കുറിപ്പ് : പഠിച്ച കലാലയവുമായി ആഴത്തില്‍ ഹൃദയബന്ധം കാത്തുസൂക്ഷിച്ച് , ഒരുനാള്‍ ഭാരിച്ച മനസ്സുമായി പടിയിറങ്ങേണ്ടി വരുന്ന ഒരുപാട്  വിദ്യാര്‍ഥികളെ  എല്ലാ കലാലയ വര്‍ഷവും  കാണാം. അങ്ങനെ ഉള്ളവര്‍ക്കായി, എന്നെ പോലുള്ളവര്‍ക്കായി ഞാന്‍ ഈ ചെറുകഥ സമര്‍പ്പിക്കുന്നു. 
             
                                                റോള് നം :20, മെക്കാനിക്കല്‍  2010,
                                                മാര്‍ ബസേലിയോസ്  
                                                തിരുവനന്തപുരം