Wednesday, October 12, 2016

ബാംഗ്ലൂരിൽ നിന്ന് കോഴിക്കോട്ടേക്ക് വ്യത്യസ്‍തമായ ഒരു യാത്ര

ബാംഗ്ലൂർ - ഓഗസ്റ്റ് 16

കോഴിക്കോട്ടേക്കായാലും കൊച്ചിക്കായാലും നേർവഴിക്ക് തിരിച്ചു പോരില്ല എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. അത് കൊണ്ട് തന്നെ ബാംഗ്ലൂർ - കോയമ്പത്തൂർ - പാലക്കാട് - കൊച്ചി റൂട്ടും ബാംഗ്ലൂർ - സുൽത്താൻ ബത്തേരി - കോഴിക്കോട് റൂട്ടും ആദ്യമേ പടിക്ക് പുറത്തായി. ബാംഗ്ലൂർ ലെ കൂട്ടുകാരന്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോഴും ഏത് വഴി പോകണം എന്ന് തീരുമാനിച്ചില്ലായിരുന്നു. ഇന്ദിരാനഗറിൽ നിന്ന് മെട്രോ ട്രെയിൻ കയറി സാറ്റലൈറ്റ് ബസ് സ്റ്റേഷന്റെ അടുത്ത് ഇറങ്ങി. ചെന്ന് കയറിയ ഉടനെ ദേ കിടക്കുന്നു ബാംഗ്ലൂർ - വിരാജ്‌പേട്ട ബസ്. ആ ബസിൽ കയറി ഗോണിക്കുപ്പ ഇറങ്ങിയാൽ ഇരുപ്പ് - കുട്ട - മാനന്തവാടി വഴി കേരളത്തിലെത്താം. പെട്ടെന്ന് ഒരു കുപ്പി വെള്ളവും കുറച്ചു ബിസ്കറ്റും ഒരു ചോക്ലേറ്റും വാങ്ങി ബസിൽ കയറി. മുൻപൊരിക്കൽ പോയ വഴി ആണെങ്കിലും ആ റൂട്ട് തന്നെ മതി എന്ന് ഉറപ്പിച്ചു ബസിൽ കയറി ഗോണിക്കുപ്പക്ക് ടിക്കറ്റ് എടുത്തു (360 രൂപ - എസി ബസ്).

ബാംഗ്ലൂർ - മാൻഡ്യാ - മൈസൂർ - ഹുൻസൂർ - ഗോണിക്കുപ്പ - വിരാജ്‌പേട്ട; ഇതാണ് ബസിന്റെ റൂട്ട്. മുൻപൊരിക്കൽ പോയ വഴിക്ക് ഒരിക്കൽ കൂടെ പോണോ എന്ന് വീണ്ടും വീണ്ടും മനസ്സിൽ ചോദിച്ചിരുന്നു. അങ്ങനെ കുറച്ചു വഴികളൊക്കെ മാപ്പിൽ തപ്പുകയും അച്ഛനോടും ചില കൂട്ടുകാരോടും അന്വേഷിക്കുകയും ചെയ്തപ്പോൾ ഗോണിക്കുപ്പക്കു മുൻപേ ഹുൻസൂർ ഇറങ്ങിയാൽ നാഗർഹോളെ വനത്തിന്റെ ഉള്ളിലൂടെ കുട്ടയിലെത്തുന്ന ഒരു വീതി കുറഞ്ഞ വഴി ഉണ്ടെന്നറിഞ്ഞു. ഇങ്ങനൊരു വഴി മുൻപ് കേട്ടിരുന്നെങ്കിലും പാടെ മറന്നുപോയിരുന്നു. ഹുൻസൂർ വഴി തന്നെ അല്ലെ ബസ് പോകുക എന്ന് കണ്ടക്ടറോട് ഒരിക്കൽ കൂടെ ചോദിച്ചു. ഏകദേശം 5.30 ആകുമ്പോൾ ഹുൻസൂർ എത്തും, അവിടുന്ന് കുട്ടക്കോ മാനന്തവാടിക്കോ ബസ് കിട്ടിയാൽ അർദ്ധരാത്രിയിൽ കേരളത്തിൽ എത്തും, അതായിരുന്നു പ്ലാൻ. കുട്ട എത്തി കിട്ടിയാൽ ഒന്നുമില്ലെങ്കിലും തോൽപ്പെട്ടി വഴി മാനന്തവാടി വരെ സർവീസ് നടത്തുന്ന ജീപ്പുകൾ എങ്കിലും കിട്ടും, അങ്ങനെ ഓരോന്ന് ഓർത്തങ്ങനെ ബസിൽ ഇരുന്നു.

നോട്ട്: ഗോണിക്കുപ്പ - ഇരുപ്പ് വഴിയും  ഹുൻസൂർ - നാഗർഹോളെ വഴിയും കുട്ടയിൽ ആണ് ഒത്തു ചേരുക.


മൈസൂർ എത്തിയപ്പോൾ ഒരു ധൈര്യത്തിന് പോയി കുട്ടക്ക് അവിടുന്ന് ബസ് ഉണ്ടോ എന്ന് ചോദിച്ചു, അപ്പോൾ ഗോണിക്കുപ്പ വഴി ഉണ്ട് എന്ന് പറഞ്ഞു. നാഗർഹോളെ റൂട്ടിൽ ബസ് ഉണ്ടോ എന്ന് ചോദിച്ചപ്പോൾ അവർക്ക് വലിയ പിടി ഇല്ല.അപ്പോഴേക്കും ബസ് ഹോണടി തുടങ്ങി. കണ്ടക്ടർ എന്നോട് മൈസൂർ ആണോ, ഹുൻസൂർ ആണോ, ഗോണിക്കുപ്പ ആണോ എവിടെ എങ്കിലും ഒന്ന് ഉറപ്പിക്കാൻ പറഞ്ഞു. അവസാനം ഞാൻ ഹുൻസൂർ ഇറങ്ങും എന്ന് പറഞ്ഞു ബസിൽ തിരിച്ചു കയറി. മൈസൂർ - ഹുൻസൂർ റൂട്ട് മനോഹരമാണ്. മൈസൂർ നിന്നും HD കോട്ടെ - ബാവലി വഴി മാനന്തവാടിക്ക് മറ്റൊരു റൂട്ട് ഉണ്ട്. അതും മുൻപൊരിക്കൽ പോയതിനാൽ വേണ്ടെന്നു വെച്ചിരുന്നു. സായാഹ്‌ന സൂര്യന്റെ വെളിച്ചത്തിൽ ഹുൻസൂർ റൂട്ടിന്റെ ഭംഗി ഒക്കെ ആസ്വദിച്ച് അങ്ങനെ പോയി. 5.45 ആയപ്പോൾ ഹുൻസൂർ എത്തി.

ഹുൻസൂർ ബസ് സ്റ്റാൻഡിലെ അന്വേഷണ കൗണ്ടറിൽ ഓടി ചെന്ന് കുട്ടക്കോ മാനന്തവാടിക്കോ നാഗർഹോളെ വഴി ഇനി ബസ് എപ്പഴാ എന്ന് ചോദിച്ചു. ഡെസ്പ് ഉത്തരമാണ് കിട്ടിയത്. ലാസ്റ്റ് ബസ് 4.30 ക്ക് പോയത്രേ; ഇനി അടുത്ത ദിവസം രാവിലെ 7.30 നെ ഉള്ളുവത്രേ. വൈകീട്ട് 6 മുതൽ രാവിലെ 6  വരെ വനപാത അടച്ചിടും, അതാണ് കാര്യം. രാത്രി ഹുൻസൂർ തങ്ങേണ്ടി വരും. ചുറ്റും നോക്കിയപ്പോൾ പൊളിഞ്ഞു വീഴാറായ കുറച്ച് ലോഡ്ജുകൾ കണ്ടു. വിഷമം തീർക്കാൻ ഒരു റെസ്റ്റോറണ്ടിൽ കയറി 3 പൊറോട്ടയും ഒരു പീസ് തണ്ടൂരി ചിക്കനും കട്ടൻ ചായയും ഓർഡർ ചെയ്തു. 80 രൂപക്ക് കാര്യം കഴിഞ്ഞു. അവിടത്തെ കാഷ്യർ ഒരു കൊള്ളാവുന്ന ലോഡ്ജിനെ പറ്റി പറഞ്ഞു. VAM Arcade - സിംഗിൾ റൂമിനു 450 രൂപ. റൂമിൽ കയറിയിട്ടും വിഷമം അങ്ങ് മാറിയില്ല; 4.30 ന്റെ ബസിൽ പോയിരുന്നെങ്കിൽ ഇപ്പൊ നാഗർഹോളെ കാട്ടിലെ മൃഗങ്ങളെ ഒക്കെ കണ്ടു അങ്ങനെ പോകാമായിരുന്നു. നാഗർഹോളെ വനത്തിൽ കടുവ, കരടി, പുലി, കാട്ടുപോത്ത്, ആന, തുടങ്ങി ധാരാളം മൃഗങ്ങൾ ഉണ്ട്. ഒന്ന് കുളിച്ചിട്ട് ഹുൻസൂർ അങ്ങാടി ഒക്കെ ഒന്ന് ചുറ്റി കണ്ടു. ആളുകളൊക്കെ ചെറുതായിട്ട് ശ്രദ്ധിക്കുന്നതായി തോന്നി. ഹുൻസൂരിൽ അങ്ങനെ യാത്രികർ ഒന്നും അധികം ഉണ്ടാവാറില്ല. ലോഡ്ജിൽ മുറിയെടുക്കുന്നവർ തടി കച്ചവടക്കാർ ആയിരിക്കും മിക്കവാറും, എന്റെ അച്ഛന് അങ്ങനെ ആണ് ഈ സ്ഥലം പരിചയം. നാഗർഹോളെ ട്രെക്കിങ്ങിനു പോകുന്നവർ വനത്തിനടുത്ത് റൂം എടുക്കാറാണ് പതിവ്. ഒന്ന് ചുറ്റി വന്നിട്ട് നേരത്തെ തന്നെ കിടന്നുറങ്ങി.

ഹുൻസൂർ  - ഓഗസ്റ്റ് 17

രാവിലെ നേരത്തെ എഴുന്നേറ്റ്‌ റെഡി ആയി ബസ് സ്റ്റാൻഡിലേക്ക് പോയി.
പെട്ടെന്ന് 2  ഇഡ്‌ഡലിയും കട്ടൻ ചായയും കഴിച്ചു. കൃത്യം 7.30 ക്ക് ബസ് എത്തി. ഹുൻസൂരിൽ നിന്ന് നാഗർഹോളെ വനത്തിന്റെ തുടക്കം വരെ ഏകദേശം 20 കി.മി ദൂരമുണ്ട്. യാത്രയുടെ തുടക്കത്തിൽ ആകെ 3 - 4 പേരെ ബസിൽ ഉണ്ടായിരുന്നുള്ളു. ഞാൻ ഡ്രൈവറുടെ തൊട്ടു പിറകിലുള്ള സീറ്റിൽ മുന്നോട്ടേക്കു നന്നായി കാണുന്ന വിധത്തിൽ ഇരുന്നു. ലേഡീസ് സീറ്റ് ആയതിനാൽ ചെലപ്പോ എഴുന്നേൽക്കേണ്ടി വരുമെന്ന് അറിയാമായിരുന്നു. അങ്ങനെ വന്നാൽ മുൻപിൽ ഡോറിന്റെ അടുത്ത് നിൽക്കാം എന്ന് വിചാരിച്ചു. കാണാൻ നല്ല ചന്തമുള്ള ഒരു യുവതിയായിരുന്നു ബസിന്റെ കണ്ടക്ടർ. സ്ഥലങ്ങൾ കാണാൻ വേണ്ടിയാണു ഞാൻ മുന്പിലിരിക്കുന്നത് എന്നും വേണ്ടി വന്നാൽ എഴുന്നേൽക്കാം എന്നും ഞാൻ അവരോട് പറഞ്ഞു. തിരക്ക് ഉണ്ടാവില്ലെന്നും എഴുന്നേൽക്കേണ്ടി വരില്ലെന്നും അവരുടെ മറുപടി. അവരെ പരിചയപ്പെട്ടപ്പോൾ അവർ ഏതാനും മാസങ്ങളായി ഈ റൂട്ടിലെ ബസ് കണ്ടക്ടർ ആണെന്നും, ധാരാളം മൃഗങ്ങളെ അടുത്ത് കണ്ടിട്ടുണ്ടെന്നും പറഞ്ഞു. ശരിക്കും പേടിച്ച നിരവധി അവസരങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇപ്പോൾ ശീലമായി എന്നും അവർ പറഞ്ഞു. ഹുൻസൂർ - നാഗർഹോളെ റൂട്ടിലുള്ള വനാതിർത്തിയിലുള്ള ഒരു ഗ്രാമത്തിൽ ആണ് അവരുടെ വീട്. നല്ല ഉയരം ഉണ്ടായിരുന്ന ആ സ്ത്രീ ശരിക്കും വളരെ സുന്ദരിയായിരുന്നു.

ടിക്കറ്റ് ചാർജ് - 60 രൂപ.

ഹുൻസൂർ നിന്നും നങ്ങ്യ വഴി നല്ലൂർ പാലാ എന്ന സ്ഥലത്തു എത്തി. അവിടുന്ന് ഇടത്തോട്ട് പോയാൽ HD കോട്ടെ, വലത്തോട്ട് പോയാൽ നാഗർഹോളെ (12 കിമി). ഈ സ്ഥലത്തു കുറച്ചു റിസോർട്ടുകൾ ഒക്കെ കണ്ടു. റോഡിലൂടെ കുറെ മയിലുകൾ നടക്കുന്നതും കാണാമായിരുന്നു. വഴിയിൽ നിന്നൊക്കെ കുറച്ചു ആദിവാസികൾ ബസിൽ കയറുന്നുണ്ടായിരുന്നു. മുൻപിൽ തന്നെ ഫോൺ  കാമറ പിടിച്ച് ഒരുത്തൻ ഇരിക്കുന്നതിലെ കൗതുകം അവർ മറച്ചുവെച്ചില്ല. എനിക്ക് അങ്ങനെ നല്ല ഫോട്ടോസ് ഒന്നും കിട്ടിയില്ല എന്നത് വേറെ കാര്യം. ഒരു ബസിനു മാത്രം കടന്നു പോകാൻ വീതിയുള്ള റോഡിലൂടെ ഡ്രൈവർ പറപ്പിച്ചു വിടുകയാണ്. ഒപ്പമോ എതിരെയോ പോകാൻ മറ്റു വാഹനങ്ങൾ ഒന്നും തന്നെ ആ വഴിക്ക് ഇല്ല. കടകളും ഒന്നും കാര്യമായി കണ്ടില്ല. പോകെ പോകെ വഴിയുടെ വന്യതയും സൗന്ദര്യവും കൂടി കൂടി വന്നു. പതിയെ പതിയെ റോഡരികിൽ മാനുകളെ കണ്ടു തുടങ്ങി, ശരിക്കും വല്ല സമ്മേളനവും നടക്കുന്ന പോലെ. വീരനഹോസഹള്ളി ചെക്ക്പോസ്റ്റിനു മുൻപായി ഒരു തട്ടുകട കണ്ടു - ഹോട്ടൽ അജ്‌മീർ. വനത്തിനുള്ളിൽ കയറും മുൻപ് ഭക്ഷണം കഴിക്കണമെങ്കിൽ ഇത് പരിഗണിക്കാവുന്നതാണ്. ഇതേ സമയം ഒരു ജീപ്പ് ഓവർടേക്ക് ചെയ്തു മുൻപിൽ കയറി. ആദിവാസികളായിരുന്നു അതിൽ മുഴുവൻ. ജീപ്പിൽ വിറക് ശേഖരവും അരിച്ചാക്കുകളും വാഴക്കുലകളും ഉണ്ടായിരുന്നു. അല്പദൂരം പിന്നിട്ടപ്പോൾ മൂർക്കൽ എന്ന സ്ഥലത്തു എത്തി. അവിടെ ഒരു ഫോറസ്റ്റ് ഓഫീസ് പോലുള്ള കെട്ടിടം കണ്ടു. അവിടുന്ന് ഇടത്തോട്ട് ഇരുണ്ട ഘോരവനത്തിലേക്കെന്ന പോലെ തോന്നിക്കുന്ന ഒരു വഴി കണ്ടു. കണ്ടക്ടർ ചേച്ചിയോട് ചോദിച്ചപ്പോൾ അവർ പറഞ്ഞതും അത് തന്നെ. അവിടുന്ന് കുറച്ചു സ്കൂൾ കുട്ടികൾ ബസിൽ കയറി. അന്നേരം വരെ ഒഴിഞ്ഞു കിടന്നിരുന്ന എന്റെ സീറ്റിൽ, അവിടുന്ന് കയറിയ ഒരാൾ വന്നു വിൻഡോ സൈഡിൽ ഇരുന്നു. അവിടെയും ഒരു  മാൻകൂട്ടത്തെ കണ്ടു. വീരനഹോസഹള്ളിക്കു ശേഷം, മൂർക്കൽ ഒഴികെ ഉള്ള സ്ഥലങ്ങൾ ഒട്ടുമിക്കതും ഇരുണ്ട, യഥാർഥ വനത്തിന്റെ പ്രതീതി ഉളവാക്കുന്നതായിരുന്നു.

റോഡരികിലെല്ലാം മാനുകളുടെ അയ്യരുകളി ആയിരുന്നു. വൈകാതെ കാട്ടുപോത്തുകളെയും റോഡിൽ നിന്നും അല്പം മാറി കണ്ടു. അകലത്തിൽ ആനകൾ നിൽക്കുന്നത്  കണ്ടെങ്കിലും റോഡിൽ ഒന്നിനെയും കണ്ടില്ല. ഇടക്കൊക്കെ മുൻപിലായി നേരത്തെ പറഞ്ഞ ജീപ്പ് കാണാമായിരുന്നു. അല്പദൂരം കഴിഞ്ഞപ്പോൾ വലത്ത് വശത്തേക്ക് ഒരു റോഡ് കണ്ടു; കുറച്ചു ഇരുട്ട് പിടിച്ചതും കയറ്റം ഉള്ളതുമായ ആ  കാട്ടുപാത കാർമാട് എന്ന സ്ഥലത്തേക്കാണെന്നു മനസ്സിലായി. നേരത്തെ പറഞ്ഞ ജീപ്പ് അങ്ങോട്ട് തിരിഞ്ഞു. നാഷണൽ പാർക്ക് എത്തുന്നതിനു മുൻപായി കുറച്ച് സ്കൂൾ കുട്ടികൾ ബസിൽ കയറി. കൂട്ടത്തിൽ ഏറ്റവും ചെറിയവൻ എൻറ്റടുത്ത് വന്നിരുന്നു. ഫോൺകാമറ കണ്ട ആശാൻ പിന്നെ വിട്ടില്ല. അവസാനം അവനു കുറെ ഫോട്ടോസൊക്കെ കാണിച്ചു കൊടുക്കേണ്ടി വന്നു, അവന്റെ കുറച്ചു ഫോട്ടോസും എടുത്തു. അത് കഴിഞ്ഞപ്പോൾ അടുത്ത ആവശ്യം എത്തി; ഫോണിൽ ഗെയിം കളിക്കണം. എന്റെ ഫോണിൽ ഗെയിം ഇല്ലെന്നു പറഞ്ഞു ഒരുവിധം ഊരി. അവന്റെ കയ്യിലുള്ള ബാഗ് കൊടുക്കാമോന്ന് ചോദിച്ച് കണ്ടക്ടർ ചേച്ചി അവനെ കളിയാക്കുന്നുണ്ടായിരുന്നു. ഇടക്ക് അവൻ ചേച്ചിയെ ഇടിക്കും എന്നൊക്കെ പറഞ്ഞു ഭീഷണിപ്പെടുത്തുന്നത് കണ്ടു. അല്പദൂരം കഴിഞ്ഞു ഒരു ട്രെക്കിങ്ങ് ക്യാമ്പ് കണ്ടു. അവിടെയാണ് കുറെ നേരത്തിനു ശേഷം കുറച്ചു വാഹനങ്ങൾ കണ്ടത്. ബസ് കുറച്ചുനേരം അവിടെ നിർത്തി. അവിടെ ടോയ്‌ലറ്റ് സൗകര്യം ഉണ്ട്. അവിടുന്ന് കുറച്ച മുന്നോട്ടു പോയാൽ പിന്നെ വാഹനങ്ങൾ നിർത്താനോ പുറത്തിറങ്ങാനോ പാടില്ല. ദൂരെ ആനക്കൂട്ടത്തെയും കാട്ടുപോത്തുകളെയും മാനുകളെയും ഒക്കെ കണ്ടു. കടുവകൾക്കു പേരുകേട്ട സ്ഥലമാണെങ്കിലും ഒന്നിനെയും കണ്ടില്ല. നാഷണൽ പാർക്ക് കഴിഞ്ഞു വളരെ കുറച്ചു ദൂരമേ കുട്ടക്ക് ഉള്ളു. യാത്ര തീരാറായതിന്റെ ഒരു വിഷമം തോന്നി. അങ്ങനേ പോയി  ഒരു ഒൻപതര മണിയോടെ ബസ് കുട്ട സ്റ്റാൻഡിൽ എത്തി.കുട്ട കുടക് ജില്ലയിലുള്ള ഒരു അതിർത്തി ഗ്രാമമാണ്. ഒരു കുഞ്ഞു ബസ് സ്റ്റാൻഡും ഒരു സ്കൂളും കുറച്ചു കടകളും അവിടെ ആ കവലയിൽ കണ്ടു. ആ സ്കൂളിലേക്കുണ്ടായിരുന്ന പിള്ളേരെയാണ് ഞാൻ ബസിൽ കണ്ടത്. അവിടെന്നു തോൽപ്പെട്ടി വഴി കേരളത്തിൽ കടക്കാൻ 5 മിനിറ്റ് യാത്രയേ ഉള്ളു. ഞാൻ ബസ്റ്റാൻഡിന്റെ അടുത്തുള്ള കടയിൽ നിന്ന് ഒരു കട്ടൻചായയും സവാളവടയും കഴിച്ചു.

കുട്ട ബസ്റ്റാന്റിൽ നിൽക്കുന്നവരോട് അന്വേഷിച്ചപ്പോൾ മാനന്തവാടിക്കുള്ള ബസ് അല്പം കഴിഞ്ഞേ ഉള്ളുവെന്ന് അറിയാൻ കഴിഞ്ഞു. ഞാൻ അവിടെയൊക്കെയൊന്ന് ചുറ്റിനടന്നു, കുറച്ചു ഫോട്ടോസൊക്കെ എടുത്തു. പെട്ടെന്നാണ് തിരുനെല്ലി എന്ന ആശയം തലയിൽ ഉദിച്ചത്. പെട്ടെന്ന് തന്നെ തിരുന്നെല്ലിക്ക് വല്ല ജീപ്പും ഉണ്ടോയെന്ന് അന്വേഷിച്ചു. ആ സമയത്ത് ജീപ്പൊന്നുമില്ലാന്നും തിരുന്നെല്ലി പോണമെങ്കിൽ മാനന്തവാടി ബസിൽ കയറി തന്നെ പോണമെന്നും അറിയാൻ കഴിഞ്ഞു. 10 മണിയോടെ മാനന്തവാടിക്കുള്ള കേരള സ്റ്റേറ്റ്  ബസ് എത്തി. ഞാൻ അതിൽ കയറി തെറ്റ് റോഡിലേക്കുള്ള ടിക്കറ്റ് എടുത്തു - 18 രൂപ. ബസ് തോൽപ്പെട്ടി എത്തിയപ്പോൾ ഒരു excise ഉദ്യോഗസ്ഥൻ ബസിൽ കയറി ചിലരുടെ സഞ്ചികളൊക്കെ പരിശോധിക്കാൻ തുടങ്ങി. എന്റെ ബാക്ക്പാക്ക് ഗിയർബോക്സിന്റെ അരികിലായിരുന്നു. അതിനടുത്തെത്തിയ ഉദ്യോഗസ്ഥൻ അതാരുടേതാണെന്നു ചോദിച്ചപ്പോൾ ഞാൻ എണീറ്റ് ചെന്നു. ബാഗിൽ തുണികളാണെന്നും ബാംഗ്ലൂർ നിന്നും കൊച്ചിക്ക് പോകുകയാണെന്നും ഞാൻ അയാളോട് പറഞ്ഞു. അയാൾ വീണ്ടും ചോദ്യഭാവത്തിൽ നോക്കിയപ്പോൾ ഞാൻ സ്ഥലങ്ങൾ കണ്ടു പതുക്കെ പോകാൻ വേണ്ടി ഇറങ്ങിയതാണെന്നു പറഞ്ഞു. ഒന്ന് ചിരിച്ചിട്ട് അയാൾ ഇറങ്ങിപ്പോയി. അല്പം കഴിഞ്ഞു ഒരു കൂട്ടം ബസിൽ കയറി. കൂട്ടുകുടുംബം ആണെന്ന് തോന്നുന്നു. കുറെ പെണ്ണുങ്ങളും പാത്രവും ഒച്ചയും ബഹളവും എല്ലാം കൂടി മുഴുവൻ ഓളമായി. ആരാണീ ബസിന്റെ ഉള്ളിൽ കൂളിംഗ് ഗ്ലാസ് ഇട്ടു ഇരിക്കുന്നത് എന്നൊരു കമന്റും കൂട്ടച്ചിരിയും കേട്ടു. അത് എന്നെ തന്നെ ഉദ്ദേശിച്ചാണെന്നു എനിക്ക് മനസ്സിലായി. പിന്നെയും എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നത് കേട്ടു, ഞാൻ ഒന്നും കേൾക്കാത്ത മട്ടിൽ പുറത്തേക്ക് നോക്കി ഇരുന്നു. കുറച്ചു കഴിഞ്ഞു കണ്ടക്ടർ തെറ്റ് റോഡ് എന്ന് വിളിച്ചു പറഞ്ഞപ്പോ ഞാൻ എണീറ്റു. അപ്പോൾ ദേ കൂളിംഗ് ഗ്ലാസ് പോകുവാണല്ലോ എന്നൊക്കെ പറയുന്നത് കേട്ടു. ഞാനൊരു ഇളിഞ്ഞ ചിരിയും ചിരിച്ച് ബസിറങ്ങി.

തെറ്റ്റോഡിലെത്തി ആദ്യം ചെയ്ത കാര്യം ഉണ്ണിയപ്പം കഴിക്കലാണ്. ഉള്ളത് പറയാലോ ഇത്രയും രുചിയുള്ള ഉണ്ണിയപ്പം വേറെ കഴിച്ചിട്ടില്ല. പണ്ടത്തെ അതേ രുചി ഇപ്പോഴും നിലനിൽക്കുന്നു, കൂടിയൊന്നേ സംശയം ഉള്ളു. ഈ ഉണ്ണിയപ്പക്കട വളരെ പ്രസിദ്ധമാണ്. ചൂട് ഉണ്ണിയപ്പങ്ങൾ ഇങ്ങനെ വലിയൊരു കുട്ടകത്തിൽ കൊണ്ട് വന്നിടും. ആവശ്യമുള്ളത് കഴിച്ചു അവിടൊക്കെ ചുറ്റി നടന്നു കണ്ടു, പോകുമ്പോ നമ്മൾ തന്നെ എണ്ണം പറഞ്ഞു കാശ് കൊടുത്താൽ മതി. ഒന്നിന് 6 രൂപയാണ് ഇപ്പോൾ. ഇരുന്നു കഴിക്കാൻ ബെഞ്ചുകളും സിമന്റ് കെട്ടും ഉണ്ട്. ഞാൻ സിമന്റ് കെട്ടിൽ, റോഡിലേക്ക് കാലും നീട്ടിയാണ് ഇരുന്നത്. ഒരു ഉണ്ണിയപ്പം കഴിച്ചോണ്ട് അവിടെയൊക്കെ ഒന്ന് ചുറ്റിനടക്കുകയും ചെയ്തു. അവിടുന്ന് ഒരു വയസ്സായ ഇക്കാക്കയെയും ഒരു സ്വാമിയെയും പരിചയപ്പെട്ടു, കുറച്ചു നേരം സംസാരിച്ചിരുന്നു. അവർ കുട്ടിക്കാലം മുതലേ സുഹൃത്തുക്കൾ ആയിരുന്നത്രേ. അവരുടെ അടുത്ത സുഹൃത്തായിരുന്നത്രെ ഉണ്ണിയപ്പക്കട തുടങ്ങിയ നായര് ചേട്ടൻ. ആ കടയിൽ ടോയ്ലറ്റ് സൗകര്യം ഒക്കെ ഇപ്പോളുണ്ട്. അടുത്തു തന്നെ ഒരു കരകൗശല വസ്തുക്കൾ വിൽക്കുന്ന കടയും ഉണ്ട്. 11 മണിയോടെ തിരുനെല്ലിക്കുള്ള ബസ്സെത്തി. ടിക്കറ്റ് ചാർജ് - 14 രൂപ. ഞാൻ ഏറ്റവും പിറകിലുള്ള സീറ്റിൽ ആയിരുന്നു.

തിരുനെല്ലി പോകുന്ന വഴിക്ക് അപ്പപ്പാറ പരിസരത്ത് കനത്ത ആന ശല്യമാണെന്നു കണ്ടക്ടർ പറഞ്ഞു. ഒരു തകർന്ന ഓല മേഞ്ഞ കെട്ടിടം തെളിവായി നിന്നിരുന്നു. തിരുനെല്ലി എത്തുമ്പോഴേക്കും സാമാന്യം നല്ല മഴ ഉണ്ടായിരുന്നു. ബസ്സിറങ്ങി ക്ഷേത്രത്തിന്റെ വഴിയേ നടന്നു. നടയ്ക്കു മുൻപിൽ നിന്ന് കുറച്ചു നേരം കണ്ണടച്ചു നിന്നു. പിന്നെ പടികളിറങ്ങി പാപനാശിനി വഴിയിലേക്കു  തിരിച്ചു. വലിയ വഴുക്കൊന്നുമില്ലായിരുന്നെങ്കിലും സൂക്ഷിച്ചാണു നടന്നത്. ഭാര്യാഭർത്താക്കന്മാരായും കുടുംബങ്ങളായും കുറെ പേരെ കണ്ടു. മഴ കനത്തു തുടങ്ങിയെങ്കിലും പതിയെ പാറകളൊക്കെ അള്ളിപ്പിടിച്ചു പാപനാശിനിയിലേക്ക് കയറി. അപ്പോൾ മാത്രം ബാക്ക്പാക്കിന്റെ ഭാരം ശരിക്കുമൊരു ഭാരമായി തോന്നി. വലിയ ബാഗും കൊണ്ട്, 4 കാലിൽ, കുടയൊന്നുമില്ലാതെ, പാറപുറത്തൂടെ നടക്കുന്ന എന്നെ നോക്കി ചിലരൊക്കെ ചിരിക്കുന്നുണ്ടായിരുന്നു. ഞാൻ നല്ല ഭംഗിയായിട്ട് നനഞ്ഞു കുതിർന്നു. പാപനാശിനിയിലെ തണുത്ത വെള്ളത്തിൽ മുഖം നന്നായി കഴുകി. പിന്നെ അവിടുന്ന് തിരിച്ചു നടന്നു ഗണ്ഡികാ ശിവ ക്ഷേത്രത്തിലും പോയി. തിരിച്ചു വരുന്ന വഴി പഞ്ചതീർത്ഥത്തിന്റെ അടുത്ത് കുറച്ചു നേരം ഇരുന്നു. ക്ഷേത്രത്തിനു സമീപത്തു നിന്ന് കുറച്ചു ചെമ്പക തൈലവും മുല്ലപ്പൂ തൈലവും വാങ്ങി. ബസ് സ്റ്റോപ്പിലെത്തിയപ്പോഴേക്കും ഒരു മാനന്തവാടി ബസ് കണ്ടു. അതിൽ കയറി ബാക്ക്പാക്ക് അതിൽ വെച്ചു. പുറത്തിറങ്ങി ഒരു കട്ടൻ ചായ കൂടെ കുടിച്ചു. ഒരു 45 മിനിട്ട് യാത്രയിൽ ബസ് മാനന്തവാടി എത്തി. അപ്പോഴേക്കും വിശന്നിട്ട് ഒരു വഴി ആയിരുന്നു. ബിരിയാണി ഒഴികെ മറ്റൊന്നിനും എന്നെ തൃപ്തിപ്പെടുത്താൻ പറ്റില്ല എന്ന് ഉറപ്പായിരുന്നതിനാൽ, നല്ലൊരു ചിക്കൻ ബിരിയാണി തന്നെയങ്ങു കഴിച്ചു. അവിടത്തെ സോഫയിൽ ഇരുന്നു കുറച്ചു നേരം ഞാൻ മയങ്ങി പോയി. എഴുന്നേറ്റപ്പോഴേക്കും ആർത്തലച്ചു പെയ്യുന്ന മഴ. മഴ ഒന്നു കുറയുന്ന വരെ കടകളിലൊക്കെ കയറിനിന്നു സമയം കളഞ്ഞു. പിന്നെയും ഇറങ്ങി നടന്നു.

കോഴിക്കോട്ടേക്ക് ബസ് കയറിയാലോ എന്ന ചിന്തയിൽ നിൽക്കുമ്പോൾ ആണ് പെരിക്കല്ലൂരോ പാടിച്ചിറയോ പോയാലോന്ന് മറ്റൊരു ചിന്ത വന്നത്. പാതിരി കാട് വഴി ഒരു റൂട്ടും കണ്ടു. വൈകുന്നേരം ആവുന്നേയുള്ളു. ഇത്ര നേരത്തെ കോഴിക്കോട്ടേക്ക് പോയിട്ട് വലിയ വിശേഷം ഒന്നുല്ല. പിന്നെ ഒന്നും ആലോചിച്ചില്ല പുൽപ്പള്ളിക്ക് ബസ് കയറി. പാതിരി വഴിയുള്ള യാത്ര അതിമനോഹരമായിരുന്നു. ഏകദേശം ഒരു മണിക്കൂറിലധികമെടുത്തു പുൽപ്പള്ളി എത്താൻ. പുൽപ്പള്ളി എത്തിയ ഉടനെ സീതാമൗണ്ട് എന്ന സ്ഥലത്തേക്ക് പോകുന്ന ബസ് കണ്ടു. പേര് കേട്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു, ഓടി ബസിൽ കയറി. കയറുമ്പോൾ തന്നെ കണ്ടക്ടർ പറഞ്ഞു, തിരിച്ചു പുൽപ്പള്ളിക്ക് വരാനാണെങ്കിൽ ആ ബസിൽ തന്നെ വരേണ്ടി വരുമെന്ന്. എന്തായാലും വഴിയൊക്കെ ഒന്ന് കാണാമെന്നു വെച്ച് ബസിൽ കയറി. ആ റൂട്ടിൽ മുള്ളൻകൊല്ലി വരെ മുൻപൊരിക്കൽ പോയിട്ടുണ്ട്; നല്ല ഭംഗിയുള്ള പാതയാണ്. അവിടെ ശിശുമല എന്ന സ്ഥലത്ത് കുന്നിന്റെ മുകളിൽ ഒരു പള്ളിയുമുണ്ട്. അങ്ങനെ മുള്ളൻകൊല്ലി - പാടിച്ചിറ വഴി സീതാമൗണ്ട് എത്തി. ശരിക്കും വയനാടിന്റെ ഗ്രാമീണത്തനിമ ആസ്വദിക്കാം ആ യാത്രയിൽ. സീതാമൗണ്ടിൽ എത്തിയപ്പോൾ കണ്ടക്ടർ പറഞ്ഞു, 5 - 10 മിനിട്ടുകൾക്കുള്ളിൽ ബസ് തിരിച്ചു പോകുമെന്ന്, അല്ലെങ്കിൽ പിന്നെ പാടിച്ചിറ വരെ ഓട്ടോയിൽ പോയാൽ, അവിടുന്ന് ബസ് കിട്ടുമെന്ന്. ഞാനൊന്നു നടന്നിട്ട് തിരിച്ചുവരാമെന്നു പറഞ്ഞു ബസിറങ്ങി. സീതാമൗണ്ട് കർണാടകയോട് ചേർന്ന് നിൽക്കുന്ന സ്ഥലമാണ്. കവലയിൽ ഒന്ന് ചുറ്റിക്കറങ്ങി നടന്നു, തിരിച്ചു ബസിൽ കയറി.

തിരിച്ചു പുൽപ്പള്ളി എത്തി ബസിറങ്ങിയപ്പോൾ ദേ കിടക്കുന്നു കോട്ടയത്തേക്കുള്ള സൂപ്പർ ഡീലക്സ് ബസ്. പെരിക്കല്ലൂരിൽ നിന്ന് വന്നു പുല്പള്ളിയിൽ നിർത്തിയിട്ടേക്കുന്ന ബസ്സാണ്. ടിക്കറ്റ് ഉണ്ടോന്നു ചോദിച്ചപ്പോ ഇഷ്ടം പോലെ ഉണ്ടെന്നു പറഞ്ഞു.ഒരു വിന്ഡോ സീറ്റിൽ കയറി ബാഗ് വെച്ചിട്ട് പുറത്തിറങ്ങി വെള്ളവും, ഒരു ചോക്കലേറ്റും, കപ്പലണ്ടിയും വാങ്ങി. പുൽപ്പള്ളി യിൽ നിന്ന് സുൽത്താൻ ബത്തേരി, കൽപ്പറ്റ, കോഴിക്കോട് വഴിയാണ് ബസ്. പുൽപ്പള്ളി - ബത്തേരി റൂട്ട് മാരകമാണ്‌. പ്രത്യേകിച്ചും ബത്തേരി എത്താറാകുമ്പോ ഉള്ള കുപ്പാടി (ഒരു തടികൂപ്പ് ഉണ്ടിവിടെ) എന്ന സ്ഥലവും പരിസരവും. അങ്ങനെ വിന്ഡോ സീറ്റിലിരുന്നു, നേരിയ ചാറ്റൽമഴയൊക്കെ കണ്ടു, തണുപ്പൊക്കെ കൊണ്ട് രാത്രിയോടെ കോഴിക്കോടെത്തി. അവിടുന്ന് ചില സുഹൃത്തുക്കളെയൊക്കെ മുഖം കാണിച്ചു അർദ്ധരാത്രിക്കു കൊച്ചിക്കും ബസ് കയറി.

ശുഭം!!!


ഈ യാത്ര പോയപ്പോൾ കണ്ടതും, മുൻപൊരിക്കൽ കണ്ടതും, കേട്ടറിഞ്ഞതുമായ ചില സ്ഥലങ്ങൾ റെക്കമൻഡ് ചെയ്യുന്നു:

കുട്ട പരിസരത്ത് - കുട്ട, ഇരുപ്പു വെള്ളച്ചാട്ടം, തോൽപ്പെട്ടി
മാനന്തവാടി പരിസരത്ത് - കാട്ടിക്കുളം, അപ്പപ്പാറ, തിരുന്നെല്ലി, ബാവലി
പുൽപ്പള്ളി പരിസരത്ത് - മുള്ളൻകൊല്ലി, ശിശുമല, സീതാമൗണ്ട്
ബത്തേരി പരിസരത്ത് - കുപ്പാടി, പിന്നെ ദേവർഷോല (ബത്തേരി - ഗുഡല്ലൂർ റോഡ്)














3 comments:

  1. This is awesome.
    I would recommend you to write in English too. But from what I understand its one hell of a travelogue!.
    My brother sued to say about the waterfalls and places he used to go when he did his university and always wished to do a trip to Tamilnadu and Karnadaka through these kind of route.
    Once again ..Great piece of writing !..Really! Keep Writing.

    ReplyDelete
    Replies
    1. Thank you Stessy. I feel honored with your comment.

      Sorry, I haven't recognized you yet.

      Delete
  2. This is one inspirational travel guide. And I'm really tempted to plan one the same route. Thanks Jesin!

    ReplyDelete