ജോണിവാക്കർ (1992)
തിരക്കഥ: രഞ്ജിത്ത്, സംവിധാനം: ജയരാജ്
കാസ്റ്റ്: മമ്മൂട്ടി (ജോണി വർഗ്ഗീസ്), നീലകണ്ഠൻ നടരാജൻ (കുട്ടപ്പായി), ജീത്ത് ഉപേന്ദ്ര (ബോബി), രഞ്ജിനി (മൃദുല), റാണി (ചാന്ദ്നി), കമൽ ഘോർ (സ്വാമി), ഗോപാൽ പൂജാരി (ഡീഡി)
ഏറ്റവും ഇഷ്ടപ്പെട്ട മലയാള സിനിമ ഏതാണെന്ന ചോദ്യം പലപ്പോഴും കേട്ടിട്ടുണ്ട്. ഫേവറിറ്റുകൾ നിരവധിയുണ്ട്. പക്ഷേ, ഇത്രയും ഇമോഷണലി കണക്റ്റ് ആയ, രസിപ്പിച്ച, നൊമ്പരപ്പെടുത്തിയ, റിപ്പീറ്റ് വാച്ച് ചെയ്ത മറ്റൊരു സിനിമയില്ല. കുറെ ചിരിപ്പിച്ച്, നല്ല ഉഗ്രൻ പാട്ടുകൾ കൊണ്ട് രസിപ്പിച്ച്, മലയോരത്തെ ബംഗ്ലാവിലെയും, ബാംഗ്ലൂരിലെയും ലൈഫ് സ്റ്റൈലുകൾ കാണിച്ച് കൊതിപ്പിച്ച്, അന്ന് വരെ കാണാത്ത തരം വില്ലന്മാരെ കൊണ്ട് വന്ന് പേടിപ്പിച്ച്, അവസാനം ഒരുപാട് വേദനിപ്പിച്ച് കൊണ്ട് തീരുന്ന അതിഗംഭീര സിനിമയാണ് എനിക്കിത്. മറ്റൊരു കണക്ഷനുമുണ്ട്. ബന്ധുക്കളും, ഫാമിലി ഫ്രണ്ട്സുമൊക്കെ വീട്ടിൽ വരുമ്പോൾ, ഇതിലെ "ശാന്തമീ രാത്രിയിൽ" എന്ന പാട്ടിനാണ് എന്റെ വീട്ടുകാർ 4 വയസ്സുകാരനായ എന്നെക്കൊണ്ട് സ്ഥിരം ഡാൻസ് കളിപ്പിച്ച്, വിരുന്നുകാരെ എന്റർടെയിൻ ചെയ്യിച്ചിരുന്നത്. ഞാൻ ആ കാലത്തെ കുടുംബത്തിലെ പ്രധാന ഐറ്റം ഡാൻസർ ആയിരുന്നു.
മലയാളസിനിമയിൽ അന്നോളം കണ്ടിട്ടില്ലാത്ത മേക്കിങ് സ്റ്റൈൽ തന്നെയായിരുന്നു ആ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. ലൊക്കേഷൻ എസ്റ്റാബ്ലിഷിംഗും, സിനിമാറ്റോഗ്രഫിയും, കളർടോണും, മ്യൂസിക്കും, എഡിറ്റിങ്ങും എല്ലാം ഉഗ്രനാണ്. ആകെ മൊത്തത്തിൽ അത് വരെ കണ്ടിട്ടില്ലാത്ത തരം, വല്ലാത്തൊരു സ്റ്റൈലും മൂഡുമാണ് ഈ സിനിമക്ക്.
മമ്മൂട്ടി സർ ജോണി വർഗീസ് ആയിട്ട് അങ്ങ് തകർത്തു കളഞ്ഞു. പുള്ളിയുടെ ലുക്ക്‌സും കോസ്റ്റ്യൂംസും എനർജിയും പെർഫോമൻസും എല്ലാം വേറെ ലെവൽ ആയിരുന്നു. അദ്ദേഹത്തെ ഏറ്റവും സുന്ദരനായി കണ്ട സിനിമകളിൽ ഒന്നുമാണ് ഇത്. അനിയനും കൂട്ടുകാർക്കും ഒപ്പമുള്ള കാമ്പസ് സീനുകൾ ഒക്കെ നല്ല ഓളം ആയിരുന്നു. ഇമോഷണൽ സീൻസ് ഒക്കെ കിടു. പുള്ളിയുടെ ഫൈറ്റുകളും, ലൈറ്റ് ഡാൻസ് സ്‌റ്റെപ്സും എല്ലാം നല്ലതായിട്ട് വന്നു ഇതിൽ.
പേഴ്സണലി, മ്യൂസിക് കൊണ്ട് ഇത്രയും അടുപ്പം തോന്നിയ വേറൊരു മൂവി ഇല്ല. ഏത് പാട്ടാണ് ഏറ്റവും മികച്ചതെന്ന് പറയാൻ ബുദ്ധിമുട്ടാണ്. "ചാഞ്ചക്കം തെന്നിയും" എന്ന പാട്ട് ബിജിഎം ആയിട്ട് പല സീനുകളിലും സ്ലോ ആയിട്ട് പ്ലേ ചെയ്യുന്നത് ഒക്കെ വല്ലാത്തൊരു ഫീൽ ആയിരുന്നു. ആ കാലത്ത് ഏറ്റവും ഇഷ്ടം തോന്നിയത് "ശാന്തമീ രാത്രിയിൽ" എന്ന പാട്ടിനോടായിരുന്നു. ഇപ്പോ കൂടുതൽ ഇഷ്ടം തോന്നുന്നത്, "മിന്നും പളുങ്കുകൾ" എന്ന പാട്ടിനോടാണ്. ബോബി, ചാന്ദ്നിയോട് പ്രൊപ്പോസ് ചെയ്യുന്ന രംഗത്തിലെ ലൊക്കേഷനും, മേക്കിങ്ങും ബിജിഎമ്മും ഒക്കെ വേറെ ലെവലാണ്.
ജോണിയുടെ, നാട്ടിലെ നിത്യജീവിതത്തിൽ നടക്കുന്ന സംഭവങ്ങളും, ബോബിയും കൂട്ടരുമായിട്ടുള്ള കോളേജ് സീനുകളും, കറക്കവും, ഇടയ്ക്ക് വന്ന് പോകുന്ന HC പൈലോ (ജഗതി), പിന്നെ ചൊറിയൻ ലെക്ച്ചറർ ആയ മണിയൻ പിള്ള രാജുവിന്റെ കഥാപാത്രം തുടങ്ങിയവരുടെ രംഗങ്ങളും ഒക്കെ രസമാണ്. റൊമാൻസ് പോർഷൻസും നന്നായി എടുത്തു. എടുത്തു പറയേണ്ടത് കുട്ടപ്പായി എന്ന, ജോണിയുടെ ജോലിക്കാരന്റെ കഥാപാത്രമാണ്. അപാര ബോണ്ടിങ് ആണ് അവർക്കിടയിൽ. കുട്ടപ്പായിയുടെ ലോയാലിറ്റിയും കെയറും നമുക്ക് ശരിക്കും ഉള്ളിൽ തട്ടും.
സിനിമയുടെ ലൊക്കേഷൻ, ഒരു സിനിമയുടെ സ്വഭാവവുമായി എത്രത്തോളം ചേർന്നു നിൽക്കും എന്നതിന്റെ നല്ലൊരു ഉദാഹരണമാണ് ജോണിവാക്കർ. ജോണി താമസിക്കുന്ന മലയോരത്തെ ബംഗ്ലാവും (തിരുനെൽവേലി ആണെന്ന് തോന്നുന്നു ലൊക്കേഷൻ), അവിടത്തെ പുള്ളിയുടെ ലൈഫ് സ്റ്റൈലും തരുന്നൊരു ഫീലുണ്ട്, കൊതിച്ചു പോകും. പിന്നെ, 1990 കളിലെ ബാംഗ്ലൂർ. ആ സിറ്റിയോട് ഒരു പേടി കലർന്ന ആരാധനയാണ് ആ സിനിമ കണ്ടപ്പോൾ തോന്നിയത്. പബ്ബുകളും, നൈറ്റ് ക്ലബ്ബുകളും, ഡ്രഗ്ഗ് പെഡലിംഗും, ഷേഡി ആയിട്ടുള്ള നഗരപ്രദേശങ്ങളും ഒക്കെ മലയാളസിനിമയിൽ ആദ്യമായിട്ട് വൃത്തിയായിട്ട് അങ്ങ് കാണിച്ചു. ഇപ്പോൾ ഏറ്റവും പ്രിയപ്പെട്ടതും ഒരുവിധം നല്ല പരിചയമായതുമായ നഗരങ്ങളിലൊന്നാണ് ബാംഗ്ലൂർ. ഇപ്പോഴും അവിടെ പോകുമ്പോൾ, ജോണിവാക്കറിൽ കണ്ട സ്ഥലങ്ങളും, വഴികളും, കെട്ടിടങ്ങളുമൊക്കെ ഒരു നൊസ്റ്റാൾജിയ പോലെ മനസ്സിലേക്ക് കടന്നു വരാറുണ്ട്.
വില്ലൻ കാരക്ടേഴ്‌സ് - ഡീഡി (ഗോപാൽ പൂജാരി) & സ്വാമി (കമൽ ഘോർ) സിനിമയെ ഒരുപാട് എലിവേറ്റ് ചെയ്തു. വില്ലത്തരങ്ങൾക്ക് ഒക്കെ പുതിയ ഒരു മാനം തരുന്നുണ്ട്, ആ സിനിമ. വില്ലന്മാരുടെ പല ചെയ്തികളും വളരെ ഡിസ്റ്റർബിങ് & സ്‌കേറി ആയിരുന്നു. പിന്നെ പലരും ധരിച്ചു വെച്ചിരിക്കുന്നത് പോലെ, ആ സ്‌കേറി ബിജിഎം സ്വാമിയുടേതല്ല, ഡീഡിയുടേതാണ്, പ്രത്യേകിച്ചും കുരിശു വെച്ച ആ ബ്ലാക്ക് കാറിൽ വരുമ്പോൾ. സ്വാമിക്ക് വേറൊരു ബിജിഎം ആണ്.
സെമിത്തേരിയുടെ അടിയിൽ താവളം ഒരുക്കിയ വില്ലൻ ഒക്കെ അപാര വെറൈറ്റി ആയിരുന്നു. അത് പോലെ, ചെലപ്പോൾ അധികം ആരും ശ്രദ്ധിച്ചിട്ടില്ലാത്ത ഒരു വസ്തുത ഉണ്ട്. കോളേജിൽ ഒക്കെ ഭീതി സൃഷ്ടിച്ചു വിലസി നടക്കുന്ന വില്ലൻ കഥാപാത്രം സ്വാമിക്ക്, മെയിൻ വില്ലനായ ഡീഡിയുടെ സങ്കേതത്തിന്റെ അകത്തേക്ക് പ്രവേശനം പോലുമില്ല. ഡീഡിയുടെ അനുയായികളിൽ ഒരാൾ ചെന്ന് സ്വാമി പറയുന്നത് കേട്ട്, ഡീഡിക്ക് പറഞ്ഞു കൊടുക്കുകയാണ് ചെയ്യുന്നത്. ആൻറ്റഗോണിസ്റ്റ് ഹൈറാർക്കി ഒക്കെ ചുമ്മാ നൈസ് ആയിട്ട് അങ്ങ് വർക്ക് ചെയ്തു അവിടെ.
സെക്കൻഡ് ഹാഫിന്റെ പകുതി മുതൽ പിന്നീട് ദുരന്തപ്പെരുമഴ ആണ് സിനിമയിൽ. ജോണിയുടെ മാറാരോഗവും, അനിയന്റെ തെറ്റിദ്ധാരണമൂലമുണ്ടാകുന്ന പ്രശ്നങ്ങളും, പിന്നീട് പ്രതിനായക കഥാപാത്രങ്ങളുടെ തുടരെ തുടരെയുള്ള ആക്രമണങ്ങളുടെ ബാക്കിപത്രങ്ങളുമൊക്കെ ഹൈലി ഇമോഷണൽ ആണ്. കണ്ട് ഇഷ്ടപ്പെട്ട് ഒരുപാട് അടുത്തുപോയ എന്തോ ഒന്ന്, ഓരോ ഓരോ അടരുകളും കൊഴിഞ്ഞു പോയി ഒന്നുമല്ലാതാകുന്ന ഫീലാണ് നമുക്ക് കിട്ടുക. ക്ലൈമാക്സ് ഭയങ്കര ട്രാജിക്ക് ആണ്, പെയിൻഫുൾ ആണ്. എല്ലാം എരിഞ്ഞൊടുങ്ങിക്കഴിഞ്ഞ ശേഷം, അവസാനം വീണ്ടും ഒരു ദൈന്യത നിറഞ്ഞ കാഴ്ച്ചയുണ്ട്. കണ്ട് തന്നെ ഫീൽ ചെയ്യണം. ക്ലൈമാക്സിലെ ഹെവി ഇമോഷണൽ എലമെന്റിനെ കുറിച്ച് കേട്ടിട്ട് പലരും ആ കാലത്ത് സിനിമ കാണാൻ പോയില്ലാ എന്നും, കണ്ടവർ റിപ്പീറ്റ് ചെയ്തില്ലാ എന്നും വായിച്ചറിവുണ്ട്.
ട്രിവിയ: സിനിമയുടെ ബാക്കി എല്ലാം സെറ്റ് ആയ ശേഷവും, സ്വാമി എന്ന കാരക്റ്റർ മാത്രം ഫൈനലൈസ് ആകാതെ ഇരുന്നപ്പോൾ, ബാംഗളൂരിലെ ഒരു പബ്ബിൽ വെച്ച്, രഞ്ജിത്ത് സാറും ജയരാജ് സാറും, ഏകദേശം സിനിമയിൽ കാണുന്ന അതേ കോലത്തിൽ തന്നെ കമൽ ഘോറിനെ കണ്ടെന്നും, അവർ അപ്പോൾ തന്നെ പോയി സംസാരിച്ച് അദ്ദേഹത്തെ സ്വാമി ആയിട്ട് കാസ്റ്റ് ചെയ്‌തെന്നും, ഒരു ആർട്ടിക്കിളിൽ വായിച്ചിട്ടുണ്ട്. ജയരാജ് സാറിന്റെ അടുത്ത സിനിമയായ ഹൈവേയിലും, അദ്ദേഹത്തിന് ഒരു വേഷം നൽകുകയുണ്ടായി.
അടിക്കുറിപ്പ്: ജയരാജ് ഒരു ജിന്നാണ്. ലെജിറ്റിമേറ്റ് ജീനിയസ് ഡയറക്റ്റർ. വെർസാറ്റിലിറ്റി ആണ് അദ്ദേഹത്തിന്റെ മെയിൻ. ഏത് ജോണർ ആണ് പുള്ളിയുടെ ഫോർട്ട് എന്ന് നമുക്ക് പറയാനേ ഒക്കില്ല. ജോണിവാക്കറും ഹൈവേയും എടുത്ത അതേ ജയരാജ് തന്നെയാണ് ദേശാടനവും പൈതൃകവും കളിയാട്ടവും ഒരുക്കിയത്. 4 ദ പീപ്പിളും മില്ലേനിയം സ്റ്റാർസും എടുത്തതും അദ്ദേഹമാണെന്ന് പറയുമ്പോൾ ആ ഒരു റേഞ്ച് എന്താണ്. അതിന്റെ കൂടെ തിളക്കം എന്ന മുഴുനീള കോമഡിപ്പടവും കൂടെ എത്തുമ്പോഴോ? ഇത്രയും കേട്ട് കിളി പോയിരിക്കുമ്പോഴാണ്, ലൗഡ് സ്പീക്കർ എന്ന പടം വന്നിട്ട് "ഹോൾഡ് മൈ ബിയർ"എന്ന് പറയുക. അങ്ങേക്ക് സ്തോത്രം അണ്ണോ...
No comments:
Post a Comment