Tuesday, October 2, 2012

മഴനീര്‍ തുള്ളികള്‍

                                  മഴനീര്‍ തുള്ളികള്‍ 

മഴ....... പ്രകൃതിയുടെ  സൃഷ്ടികളില്‍  ഇതിലേറെ കാല്പനികത  ഉള്ള മറ്റൊരു പ്രതിഭാസമില്ല. കാതിനിമ്പമുള്ള ആരവങ്ങളും കുളിരും നനവും എല്ലാം നമുക്ക് അനുഭവഭേദ്യമാക്കി തരുന്ന പ്രകൃതിയുടെ വിസ്മയം . നേര്‍ത്ത തലോടലായും വന്യ സൗന്ദര്യം ആയും ഭീതി ജനിപ്പിക്കുന്ന പേമാരിയായും രൂപാന്തരം പ്രാപിക്കാന്‍ കഴിവുള്ളവള്‍ ....... അതിസുന്ദരി.......

മഴ എന്നും എന്റെ ജിവിത അനുഭവങ്ങളുമായി അസാധാരണമായ ഒരു വൈകാരിക ബന്ധം നിലനിര്‍ത്തി പോന്നിരുന്നു; ഒരു പക്ഷെ എന്റെ ബന്ധങ്ങള്‍ക്കും അതിന്റെ പശ്ചാത്തലങ്ങള്‍ക്കും കൂടുതല്‍ നിറഭേദങ്ങള്‍ പകര്‍ന്നിരുന്നു. മനസ്സില്‍ പ്രണയം മുളച്ചു തുടങ്ങിയ കാലം മുതല്‍ക്കേ മുന്നില്‍ തെളിഞ്ഞിരുന്ന സങ്കല്പ സുന്ദരിമാരുടെയെല്ലാം പശ്ചാത്തലം മഴ ആയിരുന്നു. നേര്‍ത്ത മഴയത്ത്  ധാവണി കൊണ്ട് തല മറച്ചു വയല്‍ വരമ്പിലൂടെ ഓടി മറയുന്ന  ഗ്രാമീണ സുന്ദരിയായും, നാലുകെട്ടിന്റെ നടുമുറ്റത്ത് കൊലുസണിഞ്ഞ കാലുകളില്‍ മഴത്തുള്ളികള്‍ നൃത്തം  വെക്കുന്നത് നോക്കിയിരിക്കുന്ന തമ്പുരാട്ടി കുട്ടിയായും എന്റെ കാമുകിമാര്‍ വന്നു ചേര്‍ന്ന് കൊണ്ടേയിരുന്നു, മഴയുടെ പ്രൌഡ ഗംഭീരമായ അകമ്പടിയോടെ. ആ കാഴ്ചകളുടെ ആകര്‍ഷണീയത എന്നിലെ കാമുകന് കൂടുതല്‍ കാല്പനികത പകര്‍ന്നിരുന്നു.


കൗമാര കാലത്ത്  സ്കൂള്‍ വിട്ടു  എന്നും മഴ നനഞ്ഞു വീട്ടില്‍ പോയിരുന്ന ചെറുക്കനെ ശാസിച്ച് കുടയില്‍ കൂടെ ചേര്‍ത്തിരുന്ന ആ സുന്ദരി ചേച്ചിയെ ഇനിയും ഞാന്‍ മറന്നിട്ടില്ല. ഒരിക്കല്‍ ബസ്‌ സ്ടാന്റില്‍ വെച്ച് പെരുമഴയ്ക്കിടെ പൊടുന്നനെ ഉണ്ടായ ഇടിമിന്നല്‍ സമ്മാനിച്ച ഭയവിഹ്വലതയില്‍ എന്റെ അരികിലേക്ക് ചേര്‍ന്ന് നിന്ന് അറിയാതെ എന്റെ കരം കവര്‍ന്ന  വെളുത്ത് മെലിഞ്ഞ ആ പെണ്‍കുട്ടി സമ്മാനിച്ച നൈമിഷിക പ്രണയത്തിന്റെ മധുരവും എന്നെ വിട്ടുപോയിട്ടില്ല. കലാലയത്തിന്റെ ഒഴിഞ്ഞ കോണുകളുടെ സ്വകാര്യതയില്‍  മഴ പകരുന്ന കുളിരില്‍ നിന്ന് രക്ഷ നേടാന്‍ എന്റെ നെഞ്ചിലെ ചൂടിനെ അഭയം പ്രാപിച്ച കൂട്ടുകാരിയെ ഞാന്‍ എങ്ങനെ മറക്കും? ഒരു കുടക്കീഴില്‍ സായാഹ്നങ്ങള്‍ പങ്കിട്ടിരുന്ന അയല്കാരി പെണ്‍കുട്ടി മഴ പെയ്തപ്പോഴെല്ലാം എന്നോട് പാടാന്‍ ആവശ്യപെട്ടിരുന്ന ഒരു പാട്ടുണ്ടായിരുന്നു.... $$ ആരോരാള്‍ പുലര്മഴയില്‍ .....ആര്‍ദ്രമാം ഹൃദയവുമായി ...... ആദ്യമായി എന്‍ മനസ്സിന്‍..... ജാലകം തിരയുകയായി......... $$ ; മഴയുടെ കുളിരുള്ള ഓര്‍മ്മകള്‍..........


ജീവിതത്തിലെ എന്റെ കുതിപ്പും കിതപ്പും കണ്ടവളാണ്  മഴ എന്ന് എനിക്ക് നിസ്സംശയം പറയാം. കാരണം, എന്റെ ആയുസ്സ് തീരുവോളം കൂടെ വേണമെന്ന് മോഹിച്ച ഒരേയൊരു പെണ്ണ് എന്നെ വിട്ടെറിഞ്ഞ്‌ പോയപ്പോഴും പശ്ചാത്തലത്തില്‍ മഴ ഉണ്ടായിരുന്നു........ മൂക സാക്ഷിയായി........എന്റെ കണ്ണുനീര്‍ തുള്ളികളെ ഏറ്റുവാങ്ങാന്‍........... എന്നിലെ എന്നെ നഷ്ടപെടാതെ കാക്കാന്‍............



Tuesday, September 25, 2012

മേരീ സുൽത്താന


നനുത്ത പ്രഭാതങ്ങളിൽ ക്രിസ്ത്യൻ കോളേജ് ബസ്‌ സ്റ്റോപ്പിൽ ഇറങ്ങി അഴകൊടി ക്ഷേത്രത്തിലേക്കുള്ള നടപ്പ് സമ്മാനിക്കുന്നത് മൗന പ്രണയത്തിന്റെ മങ്ങാത്ത ഓർമ്മയാണ്. അന്ന് എനിക്ക് 16 വയസ്സ്, എന്നും ബസ്‌ ഇറങ്ങി നടന്നു രാജേന്ദ്ര ആശുപത്രിയുടെ മുൻപിലെത്തുമ്പോൾ ഒരു അതിസുന്ദരിയെ കാണാമായിരുന്നു. ആവശ്യത്തിനു ഉയരമുള്ള, വെളുത്തു നീണ്ട മുഖമുള്ള, കവിളിൽ മുഖക്കുരു വന്നതിന്റെ ചുവന്ന കുഞ്ഞു പാടുകളുള്ള, കറുത്ത തട്ടമിട്ട മൊൻജത്തി. ധരിച്ചിരിക്കുന്ന യുണിഫോര്മിൽ നിന്നും അവൾ പ്രസന്റേഷൻ സ്കൂളിൽ പഠിക്കുന്നവളാണെന്ന്  മനസ്സിലായി. കിട്ടാവുന്ന വഴിക്കെല്ലാം അവളെ പറ്റി അന്വേഷിച്ചു , കുറെയൊക്കെ അറിഞ്ഞു. കണ്ണൂർ അറക്കൽ രാജകുടുംബത്തിലെ പുത്തൻ തലമുറയിൽ പെട്ടവൾ. അവളുടെ ലാൻഡ്‌ ഫോണ്‍ നമ്പർ എട്ടു വർഷങ്ങൾക്കിപ്പുറവും എനിക്ക് മനപ്പാഠം.  ഒരിക്കലും വിളിച്ചിട്ടില്ല, സംസാരിച്ചിട്ടില്ല, അവൾ എന്നും മറക്കാതെ തരുമായിരുന്ന ആ നേര്ത്ത പുഞ്ചിരി മാത്രമായിരുന്നു ഞങ്ങൾ തമ്മിലുള്ള ഏക ബന്ധം. ഈ 24 വർഷത്തെ ജീവിതത്തിൽ സൗന്ദര്യം കൊണ്ട് മാത്രം എന്നെ ഇത്രയും വിസ്മയിപ്പിച്ച മറ്റൊരാൾ ഉണ്ടായിട്ടില്ല. തട്ടത്തിൻ മറയത്തിലെ  ഡയലോഗ്  കടമെടുത്താൽ "ഓൾ ആ തട്ടവിട്ടു വന്നാൽ എന്റെ സാറേ..... പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂലായിരുന്നു......" അവളുടെ പേരോ മറ്റു വിവരങ്ങളോ ഇവിടെ പറയുന്നത് മര്യാദയാവില്ല. ഇപ്പോൾ അവൾ കല്യാണം എല്ലാം കഴിഞ്ഞു കുഞ്ഞുങ്ങളും ഒക്കെയായി സുഖമായിട്ടു കഴിയുന്നുണ്ടാവണം. അവളെയും കുടുംബത്തെയും പടച്ചോൻ അനുഗ്രഹിക്കട്ടെ......... എന്നാലും എന്റെ അള്ളാ.... ഏത് ഭാഗ്യവാനാണാവോ കിട്ടിയത്..... ;)

പ്രഭാതത്തിന്റെ പൊന്കിരണങ്ങളെ സ്വന്തം തേജസ്സു കൊണ്ട് തട്ടി തെറിപ്പിച്ച അതിസുന്ദരീ...... ഞാൻ ഇന്നും നിന്റെ ഒരു കടുത്ത ആരാധകൻ.......... നീയാണ് എക്കാലത്തെയും മികച്ചവൾ,   ദീർഘായുസ്സ് .......