ഏപ്രിലിലെ ഒരു വീക്കെൻഡ്. അടുത്ത സുഹൃത്തിന്റെ കല്യാണം ആയിരുന്നു കാഞ്ഞങ്ങാട് - നീലേശ്വരം ഭാഗത്തായിട്ട്. വ്യാഴാഴ്ച്ച രാത്രി തുടങ്ങിയ ആഘോഷപരിപാടികൾ, ശനിയാഴ്ച്ച രാത്രി വരെ നീണ്ടു. അടുത്തെങ്ങും കൂടിയിട്ടില്ലാത്ത മാതിരി നല്ല കടജാതി പരിപാടി. ഒരു ഹോട്ടൽ മൊത്തം കല്യാണപ്പാർട്ടിയുടെ ബുക്കിങ് ആയതിനാൽ ഫ്ലോറുകൾ മാറി മാറി, റൂമുകൾ മാറി മാറി ആയിരുന്നു ആഘോഷം. കുറെ കാലത്തിനു ശേഷം സ്റ്റേജിൽ കയറി ഡാൻസും ചെയ്തു. അങ്ങനെ മൊത്തത്തിൽ മജ തന്നെ.
ശനിയാഴ്ച്ച രാത്രിയിലെ റിസപ്‌ഷന് ശേഷം, പ്രബലരായ വ്യക്തികൾ ഒക്കെ കോഴിക്കോട്ടേക്കും, പാലക്കാട്ടേക്കും, തൃശ്ശൂർക്കും, കൊച്ചിക്കുമൊക്കെയായി പോയി. ഒന്ന് റെസ്റ്റ് എടുത്തിട്ട് പോകാം എന്ന് വിചാരിച്ച എന്നെ പോലുള്ളവരും, ഞായറാഴ്ച്ചത്തേക്ക് നേരത്തെ ട്രെയിൻ ബുക്ക് ചെയ്തവരും, ശനിയാഴ്ച്ച രാത്രി അതേ ഹോട്ടലിൽ തന്നെ തങ്ങി. ഞാൻ നോക്കുമ്പോൾ, എനിക്ക് പിറ്റേന്ന് വൈകീട്ട് കോഴിക്കോട്ടേക്ക് എത്തിയാൽ മതി. രാവിലെ എണീറ്റ് അപ്പഴത്തെ സൗകര്യത്തിന് കിട്ടുന്ന ട്രെയിനിൽ അങ്ങ് പോയാൽ മതി. എന്നിരുന്നാലും ശനിയാഴ്ച്ച രാത്രി തന്നെ, ഞാൻ ഞായറാഴ്ച്ച ഉച്ചക്ക് 12:05 മണിക്കുള്ള മംഗലാപുരം - കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസ്സിൽ, കാഞ്ഞങ്ങാട് നിന്ന് കോഴിക്കോട്ടേക്ക് ഒരു ടിക്കറ്റ് എടുത്ത് വെച്ചു. അതിന്റെ പേരിൽ പിന്നീടൊരു പേരുദോഷം വേണ്ടല്ലോ, ഏത്? വല്ല വെയിറ്റിങ് ലിസ്റ്റും ആയിപ്പോയാൽ. 2:17 ന് കോഴിക്കോടെത്തും. നല്ല ക്ഷീണം ഉണ്ടായിരുന്നതിനാൽ ഏകദേശം 11 മണിയോടെ ഞാൻ പടമായി. അപ്പുറത്തെ ബെഡിൽ കിടന്നവന്മാർ ബിഗ് ബോസ്സ് കാണുന്നുണ്ടായിരുന്നു. അത് കൊണ്ടാകാം, ഞാൻ സ്വപ്നത്തിൽ ലാൽ സാറിനെ ഒക്കെ കണ്ടു.
9 മണിക്ക് മുൻപേ ഞാൻ എണീറ്റു. കിടക്ക പങ്കിട്ട ബിഗ് ബോസ്സുകൾ എണീറ്റിട്ടില്ല. ഞാൻ അവരെ ഉണർത്താതെ പതുക്കെ ബാത്ത്റൂമിൽ പോയി ഒന്ന് ഫ്രഷായി, പുറത്തേക്കിറങ്ങി. അവിടെ കണ്ട ഒരു ചെറിയ ചായക്കടയിൽ കയറി പൊടിച്ചായയും അപ്പവും മുട്ടറോസ്റ്റും കയറ്റി. പിന്നെ അവിടെയും ഇവിടെയും ഒക്കെ ഒന്ന് നടന്ന് കറങ്ങി വാറ്റിത്തിരിഞ്ഞ് തിരിച്ച് ഹോട്ടലിലെത്തി. അപ്പോഴേക്കും തലേന്ന് മറ്റ് റൂമുകളിൽ അവിടെ കൂടിയ ചിലരൊക്കെ പോകാൻ ഒരുങ്ങുന്നുണ്ടായിരുന്നു.
അപ്പഴാണ് എനിക്ക് കോട്ടയത്തു നിന്ന് കോൾ വരുന്നത്. പിറ്റേന്ന് (തിങ്കളാഴ്ച്ച) അതിരാവിലെ ഈരാറ്റുപേട്ടയിൽ എത്തണം. ഫലത്തിൽ, നാളത്തെ കാര്യങ്ങൾ ഭംഗിയായി നടക്കണമെങ്കിൽ ഇന്ന് രാത്രി ഈരാറ്റുപേട്ടയിൽ എത്തി അവിടെ തങ്ങണം. എറണാകുളം വരെ ട്രെയിൻ, അവിടെ വൈറ്റില ഹബ്ബിൽ നിന്ന് കോട്ടയം ബസിൽ കേറി ഏറ്റുമാനൂർ (1.5 മണിക്കൂർ), അവിടുന്ന് ഈരാറ്റുപേട്ട/വാഗമൺ/കട്ടപ്പന ഏതേലും ബസിൽ കയറി ഈരാറ്റുപേട്ട (1 മണിക്കൂർ). അപ്പോൾ ഒരു 7 മണിക്ക് എറണാകുളം എത്താൻ പറ്റിയാൽ, 10 - 11 മണിയോടെ ഈരാറ്റുപേട്ട എത്തി റൂമിൽ സെറ്റിൽ ആകാം.
ട്രെയിൻ സ്കെജൂൾ നോക്കിയപ്പോൾ എനിക്കങ്ങു സന്തോഷമായി. 7 മണിക്ക് മുൻപ് എറണാകുളം എത്തുന്ന ഒരൊറ്റ ട്രെയിൻ മാത്രമേ ഉള്ളു - തുരന്തോ എക്സ്പ്രസ്സ്. ആ പച്ചദുരന്തം എക്സ്പ്രസ്സിന് കാഞ്ഞങ്ങാട് പോയിട്ട് കാസറഗോഡ് പോലും സ്റ്റോപ്പില്ല. അത് പോട്ടെന്ന് വെക്കാം, കണ്ണൂർ പോലും സ്റ്റോപ്പില്ല. 11:20 ന് മംഗലാപുരം വിട്ടാൽ കാസറഗോഡും കണ്ണൂരും ഒന്നും നിർത്താതെ നേരെ 2:37 ന് കോഴിക്കോട്. അവിടുന്ന് 2:40 ന് വിട്ടാൽ ഷൊർണൂരും, തൃശ്ശൂരും ഒന്നും നിർത്താതെ നേരെ 6:50 ന് എറണാകുളം - പൊളിച്ചു, കുതിർത്തു, തമർത്തി.
ഇനിയിപ്പോ ആകെയുള്ള വഴി, ഇപ്പോൾ ബുക്ക് ചെയ്തേക്കുന്ന ഇന്റർസിറ്റി എക്സ്പ്രസ്സിൽ തന്നെ കേറി കോഴിക്കോട് ഇറങ്ങുക, 2:17 ന്. അവിടുന്ന് 2:40 ന് ദുരന്തം എക്സ്പ്രസ്സില് കയറുക. 930 രൂപയും കൊടുത്ത് തുരന്തോയിൽ 3 AC ബുക്ക് ചെയ്തു. ഇന്റർസിറ്റിയും തുരന്തോയും മംഗലാപുരത്ത് നിന്ന് വിടുന്നത് തമ്മിൽ 15 മിനിറ്റ് വ്യത്യാസമേയുള്ളൂ. ഇന്റർസിറ്റി 11:05 ന് മംഗലാപുരത്തു നിന്ന് പുറപ്പെടും, ദുരന്തം, ബംബായിൽ നിന്ന് വന്ന്, 11:15 ന് മംഗലാപുരത്തെത്തി, 11:20 ന് വിടും. ആനന്ദലബ്ദിക്ക് ഇനിയെന്ത് വേണം. കോമഡി എന്താന്ന് വെച്ചാൽ, ഒറ്റ സ്റ്റോപ്പ് പോലും ഇടക്ക് ഇല്ലാത്ത ദുരന്തം, മംഗലാപുരത്തു നിന്ന് 3 മണിക്കൂർ 17 മിനിറ്റ് എടുത്താണ് കോഴിക്കോട് എത്തുക. ചറപറാ സ്റ്റോപ്പുകൾ ഉള്ള ഇന്റർസിറ്റി 3 മണിക്കൂർ 12 മിനിറ്റ് കൊണ്ട് (അങ്ങനേം പറയാം) കോഴിക്കോട് എത്തും. എങ്ങാനും ഇന്റർസിറ്റി ലേറ്റ് ആയി, ദുരന്തോയെ കടത്തി വിട്ടാൽ, എന്റെ അരിയും മൂഞ്ചി, മണ്ണെണ്ണയും മൂഞ്ചി.
ഹോട്ടലിന്റെ റിസപ്‌ഷനിൽ IRCTC ആപ്പും അതിനൊപ്പം ആരുടെയോ വായും നോക്കി നിന്ന ഞാൻ, സ്ഥലകാലബോധം വീണ്ടെടുത്ത്, സ്റ്റെപ്പുകളിലൂടെ ഓടിപ്പറന്ന് റൂമിൽ കയറി. ഈരാറ്റുപേട്ടയ്ക്ക് ഒരു പോക്ക് പോയാൽ, എന്ന് വരുമെന്ന് ഉറപ്പില്ല. ഇനി അവിടുന്ന് വേറെ എങ്ങോട്ടേലും പോകാൻ ആരുടെയെങ്കിലും വിളിയോ ഉൾവിളിയോ വരുവോ എന്നും അറിയില്ല. അപ്പോൾ കല്യാണത്തിന് ഇടാൻ വേണ്ടി കൊണ്ട് വന്ന പജാമയും, ഷെർവാണിയും, കിർമാണിയും, തിളങ്ങുന്ന ഷാളും, തലപ്പാവും, രാജാവിന്റെ ഷൂസും കോപ്പുമൊന്നും ഞാൻ ഈരാറ്റുപേട്ടക്ക് പേറി കൊണ്ട് പോകേണ്ട കാര്യമില്ല. പാക്ക് ചെയ്തു വെച്ച ബാക്ക്പാക്ക് അപ്പാടെ തറയിലേക്ക് കമിഴ്ത്തി. ഈരാറ്റുപേട്ടയ്ക്ക് പോകുമ്പോൾ വേണ്ടത് മാത്രം അതിൽ തിരിച്ചു കയറ്റി. ബാക്കിയുള്ള അലങ്കാരവസ്തുക്കളും ഷൂസുമൊക്കെ കൂടെ ഒരു സ്പെയർ ബാഗിലാക്കി (ഓരോരോ ശീലങ്ങൾ കൊണ്ടുള്ള ഗുണങ്ങളേ). കോഴിക്കോട് റെയിൽവെ സ്റ്റേഷന്റെ ഏറ്റവും അടുത്ത് ജീവിക്കുന്ന, ജീവൻ തന്നും കൂടെ നിൽക്കുവൊന്നുമില്ലെങ്കിലും, അല്ലറ ചില്ലറ സഹായങ്ങൾ ചെയ്യുന്ന കൂട്ടുകാരിയെ വിളിച്ച് കാര്യം പറഞ്ഞു. അത്ഭുതങ്ങൾ സംഭവിച്ചാൽ കൃത്യസമയം 2:17 ന് ഞാൻ കോഴിക്കോടെത്തും, അവളുടെ കയ്യിൽ സ്പെയർ ബാഗ് നൽകും, 2:40 ന്റെ ദുരന്തോയ്ക്ക് കേറും. വലിയ പ്രതീക്ഷ ഒന്നും ഇല്ലായിരുന്നുവെങ്കിലും അവൾ സംഗതി ഏറ്റു. എന്നാൽ പിന്നെ, ഏതായാലും വരുവല്ലേ, വരുന്ന വഴിക്ക് മെയ് ഫ്ളവറിൽ നിന്ന് ഒരു ഹാഫ് ബിരിയാണി കൂടെ വാങ്ങിക്കോളാൻ പറഞ്ഞു. എന്നാൽ ഒരു ഹാഫ് അവൾക്കും വേണമെന്നായി, അതും ഡീലാക്കി.
കുളിച്ച് പുറത്തിറങ്ങിയപ്പോൾ, ബിഗ് ബോസ്സുകൾ എണീറ്റിട്ടുണ്ട്. ഞാൻ ഡ്രസ്സ് മാറി ഇറങ്ങുവാണെന്ന് പറഞ്ഞപ്പോൾ, അതിൽ 2 പേർ ഭക്ഷണം കഴിക്കാൻ ഇറങ്ങുകയാണെന്നും, എന്നെ കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ ഇറക്കമെന്നും പറഞ്ഞു. ഇത് പറഞ്ഞുകൊണ്ട് തന്നെ അവർ പല്ലുതേക്കാനും തുടങ്ങി. മൂന്നാമത്തെ ബിഗ് ബോസ്സിന് രാവിലത്തെ ചായ പതിവില്ലത്രേ. ഞാൻ ഡ്രസ്സ് മാറിയപ്പോഴേക്കും 2 പേരും റെഡി ആയി നിൽപ്പുണ്ട്. അപ്പോൾ, മൂന്നാമത്തെ ബിഗ് ബോസ്സും വരാമെന്നായി. പക്ഷേ അവന് ഒരു സിഗരറ്റ് വലിക്കണം, ടോയ്‌ലെറ്റിൽ പോണം, പല്ല് തേക്കണം, കുളിക്കണം, ഡ്രസ്സ് മാറണം പോലും. ട്രെയിൻ കാസറഗോഡ് എത്താറായി. കാസറഗോഡ് എങ്ങാനും ട്രെയിൻ തടഞ്ഞു നിർത്താൻ നിനക്ക് പരിചയക്കാർ വല്ലതുമുണ്ടോ എന്ന് ഞാൻ ചോദിച്ചതിന്റെ അർഥം അവന് മനസ്സിലായില്ലെന്ന് തോന്നി. എന്തായാലും, അവന്റെ ഓഫർ, ഞാൻ നിറഞ്ഞ സ്നേഹത്തോടെ പുച്ഛിച്ചു തള്ളി. ഞാനും 2 ബിഗ് ബോസ്സുമാരും കൂടെ സ്റ്റേഷനിലേക്ക് വെച്ചു പിടിച്ചു. വേർ ഈസ് മൈ ട്രെയിൻ ആപ്പ് നോക്കുമ്പോൾ - ഇന്റസിറ്റി 5 മിനിറ്റ് ലേറ്റ്, ദുരന്തോ ഓൺ ടൈം. ബലേ ഭേഷ്!!!
ട്രെയിൻ വരാനിരിക്കുന്നതിന്റെ ഒരു 10 മിനിറ്റ് മുൻപ് സ്റ്റേഷനിലെത്തി. മിൽമാ പാർലറിൽ പോയി ഒരു കോഫി പറഞ്ഞു. മുടിഞ്ഞ ടേസ്റ്റ്. ഒന്നൂടെ പറഞ്ഞു, ഒരു കോംപ്ലിമെന്റും കൊടുത്തു. കടക്കാരിക്ക് സന്തോഷമായി. ബെഞ്ചിൽ വന്നിരുന്ന് കാപ്പി ആസ്വദിച്ച് കുടിച്ചുകൊണ്ടിരിക്കുമ്പോൾ ദേണ്ടെ ഒരു നായ (ആൺ പട്ടി). മച്ചാന്റെ മുഖഭാവം കണ്ടപ്പോൾ, വിശക്കുന്നുണ്ട് എന്ന് എനിക്ക് തോന്നി. മിൽമയുടെ അപ്പുറത്തെ കടയിൽ പോയി ഒരു 10 രൂപയുടെ ഗുഡ് ഡേ ബിസ്കറ്റ് മേടിച്ച് പൊട്ടിച്ച് നല്ല ഭംഗിയായി, വട്ടത്തിൽ അലങ്കരിച്ച് വിളമ്പി കൊടുത്തു. വേണ്ട, താല്പര്യമില്ല. ലവൻ അപ്പുറത്തെ വാട്ടർ കൂളറിന്റെ അടുത്ത് പോയി മേപ്പോട്ട് നോക്കി നിന്നു. ഓഹ് വെള്ളമായിരുന്നോ വേണ്ടത് എന്ന് വിചാരിച്ച്, നേരത്തെ കോംപ്ലിമെൻറ് കൊടുത്തതിന്റെ ബലത്തിൽ, മിൽമയിൽ പോയി ഒരു പേപ്പർ കപ്പ് വാങ്ങി, അതിൽ, കൂളറിൽ നിന്ന് വെള്ളം നിറച്ച് കൊടുത്തു. വേണ്ട, താല്പര്യമില്ല. ആശാൻ നേരെ പുറത്തേക്കിറങ്ങിപ്പോയി. ഒരു മിനിറ്റ് കഴിഞ്ഞപ്പോൾ, അവിടെ ഒരു ട്രക്കിന്റെ അടിയിൽ ഇരിപ്പായിരുന്ന ഗേൾ ഫ്രണ്ടിനെയും കൊണ്ട് വന്നു. ബിസ്കറ്റ് തൂത്തുപെറുക്കി കഴിച്ച്, കപ്പിലെ വെള്ളവും കുടിച്ച്, അവന് ഒരു ഉമ്മയും കൊടുത്ത്, അവൾ തിരിച്ച് ട്രക്കിന്റെ അടിയിൽ തന്നെ പോയി കിടന്നു. മച്ചാൻ വീണ്ടും ശോകഭാവത്തിൽ എന്റടുത്തു വന്നു നിന്നു. അപ്പഴേക്കും ട്രെയിനിന്റെ ആനേ കി സംഭാവന കിട്ടി. ഞാൻ വീണ്ടും ഓടി ഒരു ഗുഡ് ഡേ ബിസ്കറ്റും, മിൽമയിൽ നിന്ന് ഒരു പേപ്പർ കപ്പും വാങ്ങി, അലങ്കരിക്കാൻ നിൽക്കാതെ ബിസ്കറ്റ് വിതറിയിട്ട് കൊടുത്ത്, കപ്പിൽ വെള്ളം നിറച്ചുകൊടുത്ത്, ഓടി ട്രെയിനിൽ കയറി. 1 മിനിറ്റ് ഹാൾട്ട് ഉള്ളു. ട്രെയിൻ വിട്ടു. തിരിഞ്ഞു നോക്കിയപ്പോൾ, നല്ല നൈസ് ആയിട്ട് ബിസ്കറ്റ് കഴിച്ച്, ആശാൻ വെള്ളത്തിന്റെ അടുത്തേക്ക് പോകുന്നുണ്ട്. ഗുഡ് ബോയ്!!!
കാഞ്ഞങ്ങാട് നിന്ന് എന്റെ ട്രെയിൻ വിട്ടപ്പോൾ, ദുരന്തോ, വെറും 15 മിനിട്ടുകൾക്ക് മുൻപുള്ള കാസറഗോഡ് സ്റ്റേഷൻ ക്രോസ്സ് ചെയ്തിരിക്കുന്നു എന്ന്, ആപ്പിൽ നോക്കിയപ്പോ മനസ്സിലായി. അതായത് ഇനി 5 സ്റ്റോപ്പുകൾ നിർത്തി കോഴിക്കോട് എത്താനുള്ള ഇന്റർസിറ്റിയുടെ തൊട്ട് പിറകിൽ, വെറും 15 മിനിറ്റ് വ്യത്യാസത്തിൽ, ഇനി കോഴിക്കോട് അല്ലാതെ ഇടയിലൊരു സ്റ്റോപ്പ് ഇല്ലാത്ത തുരന്തോ ഉണ്ട്. ഇനി കാണപ്പോറത് യുദ്ധം!!!
വടകര ക്രോസ്സ് ചെയ്യുന്നത് വരെ ഒന്നും ഉറപ്പിക്കാൻ വയ്യ എന്ന് എനിക്കറിയാമായിരുന്നു. വടകര കഴിഞ്ഞാൽ പിന്നെ ഇന്റർസിറ്റിക്ക് കോഴിക്കോടെ സ്റ്റോപ്പുള്ളൂ. ദുരന്തോയ്ക്ക് പിന്നെ ജനിച്ചപ്പഴേ സ്റ്റോപ്പ് ഇല്ലല്ലോ. വടകര വിട്ടു കഴിഞ്ഞാൽ, പിന്നെ ദുരന്തോയ്ക്ക് കടന്നു പോകാൻ വേണ്ടി ഇന്റർസിറ്റി പിടിച്ചിടാൻ സാധ്യത ഇല്ല.
അങ്ങനെ ട്രെയിൻ കാഞ്ഞങ്ങാട് വിട്ട് 10 മിനിറ്റ് ഓടി നീലേശ്വരത്ത് എത്തി. ആപ്പിൽ നോക്കിയപ്പോൾ ദുരന്തോ, കാഞ്ഞങ്ങാട് സ്റ്റേഷൻ ക്രോസ്സ് ചെയ്യുകയാണ്. അതായത് 10 മിനിറ്റ് പിറകിൽ. ഞാനാണെങ്കിൽ, ഇത് ആരോടാ ഒന്ന് പറഞ്ഞ് ചിരിക്കുക എന്ന അവസ്ഥയിൽ ആയിരുന്നു.
പയ്യന്നൂർ എത്തുന്നത് വരെ ഒരു 10 മിനിറ്റിന്റെ ഗ്യാപ്പിൽ ഇരു ട്രെയിനുകളും ഓടിക്കൊണ്ടിരുന്നു. ഏത് നിമിഷവും ഇന്റർസിറ്റി പിടിച്ചിടുമെന്നും, തുരന്തോയെ കടത്തി വിടുമെന്നും എനിക്ക് തോന്നി. പയ്യന്നൂർ ഒക്കെ എത്തിയപ്പോൾ 10 ഇൽ താഴെ കിലോമീറ്റർ മാത്രം പിറകിലാണ് തുരന്തോ. ആശാൻ ഒന്ന് ആഞ്ഞുപിടിച്ചാൽ 6 - 7 മിനിറ്റ് കൊണ്ട് ക്രോസ്സ് ചെയ്തു പോകാവുന്നതേയുള്ളു. ഇടയ്ക്കൊക്കെ, ഓടിക്കൊണ്ടിരിക്കുന്ന എന്റെ ട്രെയിനിനെ ഓവർടേക്ക് ചെയ്ത് മറ്റവൻ ക്രോസ്സ് ചെയ്ത് പോകുന്നതൊക്കെ ഞാൻ ഒരു രസത്തിന് ആലോചിച്ച് നോക്കി, കൊള്ളാം. പയ്യന്നൂർ ഇന്റർസിറ്റി നിർത്തി. ഏത് നിമിഷവും തുരന്തോ കടന്നു പോകുമെന്ന് ഓർത്ത് ഞാൻ കണ്ണടച്ച് ഇരുന്നു. കൃത്യം 1 മിനിറ്റ് ഹാൾട്ട് കഴിഞ്ഞപ്പോൾ എന്റെ ട്രെയിൻ അനങ്ങിത്തുടങ്ങി. ഹോ! ഈ കടമ്പയും കടന്നു. ഇനി 3 കടമ്പകൾ കൂടെ - കണ്ണൂർ, തലശ്ശേരി, വടകര. വടകര കഴിഞ്ഞാൽ ദുരന്തോ അല്ലാ, അവന്റെ അച്ഛൻ വിചാരിച്ചാൽ പോലും ആദ്യം ഞാനേ കോഴിക്കോട്ടെത്തൂ. അത് വേറെ കാര്യം.
പറയാതിരിക്കാൻ വയ്യ, പയ്യന്നൂർ കഴിഞ്ഞ് നമ്മുടെ ഇന്റർസിറ്റി ഒരു പോക്കാ പോയി, പൊടി പറത്തണ പോക്ക്. നിലം തൊടാതെ വണ്ടി പറപറന്നു. ആരോടോ വൈരാഗ്യം തീർക്കാൻ വേണ്ടി ഓടിക്കുന്ന പോലെ തോന്നി. ഗൂഗിൾ മാപ്പിൽ നാവിഗേഷൻ ഓൺ ആക്കി നോക്കിയപ്പോൾ 120 കിമി വേഗത്തിൽ ആണ് പറന്നടി. ആപ്പിൽ നോക്കിയപ്പോൾ തുരന്തോ ഒരു 80 - 100 റേഞ്ചിലെ പിടിക്കുന്നുള്ളു. കണ്ണൂർ എത്താൻ നേരം വളപട്ടണം ഒക്കെ എത്തിയപ്പഴാണ് ഇന്റർസിറ്റിയുടെ കലി അടങ്ങിയത്. 6 - 7 മിനിറ്റ് മാത്രം പിറകിലായിരുന്ന തുരന്തോ ഇപ്പോ 20 മിനിറ്റോളം പിറകിലാണ്. എനിക്ക് എന്റെ ഇന്റർസിറ്റിയെ ഓർത്ത് അഭിമാനം തോന്നി. പക്ഷെ എന്റെ സന്തോഷത്തിന് അധികം ആയുസ്സില്ലായിരുന്നു.
അങ്ങനെ കണ്ണൂർ എത്തി നിർത്തി. തുരന്തോ 15 മിനിറ്റ് ദൂരം പിറകിലാണ്, പേടിക്കേണ്ടതില്ല. പക്ഷേ, അതല്ലാ ഇപ്പോ പ്രശ്‌നം. 3 മിനിറ്റ് മാത്രം ഹാൾട്ട് ഉള്ള കണ്ണൂർ സ്റ്റേഷനിൽ നിന്ന് 5 മിനിറ്റ് ആയിട്ടും ട്രെയിൻ എടുക്കുന്നില്ല. കണ്ണപുരവും ക്രോസ്സ് ചെയ്ത്, തുരന്തോ 10 മിനിറ്റ് അകലെയെത്തി. എന്റെ ട്രെയിൻ എടുക്കുന്നില്ല. കണ്ണൂർ ഇപ്പോൾ ഹാൾട്ട് 10 മിനിറ്റായി. ഇതിന് മാത്രം ഈ കണ്ണൂരിൽ എന്തിരിക്കുന്നെടാ തെണ്ടികളേ എന്നൊക്കെ ഞാൻ മനസ്സിൽ പറഞ്ഞു. ഇതിപ്പോ ഞാൻ കൃത്യസമയത്തിന് കോഴിക്കോടെത്തി, ഇതിൽ നിന്ന് ഇറങ്ങി, തുരന്തോയിൽ കേറി എറണാകുളം എത്തുന്നു എന്നതിലൊക്കെ ഉപരി എനിക്ക് ഒരു അഭിമാനപ്രശ്നമായി മാറിയിക്കുന്നു. ഇന്റർസിറ്റി തോറ്റാൽ ഞാൻ തോറ്റ പോലെ ആകും. ഈ ഇന്റർസിറ്റി എന്റെ ആരെല്ലാമോ ആണെന്ന് എനിക്ക് തോന്നിപ്പോയി. ഇനിയിപ്പോ ഒരു ചടങ്ങിന് മാത്രമേയുള്ളു എന്റെ പോരാട്ടം. 3 മിനിറ്റ് ഹാൾട്ട് ഉള്ള കണ്ണൂരിൽ 10 മിനിറ്റിലധികം നിർത്തിയിടുന്നത്, തുരന്തോയെ കടത്തി വിടാനല്ലാതെ പിന്നെ എന്തിനാണ്. ഞാൻ വിഷമത്തോടെ പുറത്തേക്ക് നോക്കാതെ മുഖം തിരിച്ച് ഇരുന്നു.
ഹോൺ മുഴങ്ങി. അപ്പുറത്തേക്ക് നോക്കിയപ്പോൾ അവിടത്തെ ചാവാലി ട്രെയിൻ ദേ എതിർദിശയിൽ പോകുന്നു. എന്നിട്ടും ഇന്റർസിറ്റി എടുക്കു…ന്നി…ല്ല. അല്ലാ... അങ്ങനെയല്ലാ... ചാവാലി പിന്നോട്ടെടുത്തതല്ല, ഇന്റർസിറ്റി മുന്നോട്ട് എടുത്തതാണ്. 12 മിനിറ്റ് ഹാൾട്ടിൽ പോലും തോൽക്കാതെ ഇന്റർസിറ്റി വീണ്ടും രക്ഷപ്പെട്ടിരിക്കുന്നു. വിച്ച് മീൻസ്, ദ മിഷൻ ഈസ് ഓൺ!!!
കണ്ണൂർ നിന്ന് തലശ്ശേരി വരെയുള്ള ആ 20 കിലോമീറ്ററോളം ദൂരം, ഇന്റർസിറ്റി ഒരു പ്രാന്തനെ പോലെ ഓടി. ഞാൻ ഇടയ്ക്കിടെ ആപ്പിൽ ചെക്ക് ചെയ്തപ്പോൾ ഒക്കെ, തുരന്തോ കണ്ണൂർ സ്റ്റേഷനിൽ തന്നെ കിടക്കുവാണ്. അങ്ങനെ ഞാൻ തലശ്ശേരി എത്തി. 1 മിനിറ്റ് ഹാൾട്ടിൽ കൃത്യമായി വണ്ടിയെടുത്തു. തുരന്തോ അപ്പോഴും കണ്ണൂർ സ്റ്റേഷനിൽ തന്നെ. ഇവനെന്തെടാ ചത്തോ എന്ന ഗമയിലായി ഞാൻ. എനിക്കിനി വലിയ ഭീഷണി ഇല്ലാ. ഒരു വിടീൽ നുയിരെ വിട്ടാൽ, 20 മിനിറ്റ് കൊണ്ട് വടകര എത്തും. അവിടുന്നും വിട്ടാൽ പിന്നെ സേഫ് സോണായി. സംഗതി, സ്‌കൂൾ വിട്ട് പിള്ളേര് പോണ പോലെ വരിവരിക്ക് പോകാതിരിക്കാൻ ഒരു ട്രെയിനിനെ കണ്ണൂർ അൽപനേരം പിടിച്ചിടുക എന്നതായിരിക്കും സ്ട്രാറ്റജി. അതെന്തായാലും തുരന്തോ ആയത് കൊണ്ട്, ഞാൻ രക്ഷപ്പെട്ടു. കോഴിക്കോട് വരാമെന്ന് പറഞ്ഞ കൂട്ടുകാരിയോട്, മിഷൻ സക്സസ് ആയെന്നും ബിരിയാണിയും മേടിച്ചോണ്ട് പോന്നോളാനും ഞാൻ കൺഫർമേഷൻ കൊടുത്തു. ആഘോഷമേളങ്ങൾ തുടങ്ങട്ടെ.
വിജയം ഉറപ്പിച്ചതിനാലാവാം, ഇന്റർസിറ്റി കുറച്ച് ഉഴപ്പിയൊരു പോക്കാണ് പോണത്. ശത്രുവാണെങ്കിലും, അവസാനം ഇത്രയും ദാരുണമായ ഒരു പരാജയം തുരന്തോ ഏറ്റുവാങ്ങിയതിൽ എനിക്ക് വിഷമം തോന്നി. പേര് പോലെ തന്നെ അവനൊരു ദുരന്തൻ ആയിപ്പോയല്ലോ. എന്റെ ഇന്റർസിറ്റി വടകര എത്താറായി. പാവപ്പെട്ടവൻ ഇപ്പഴും കണ്ണൂരിൽ പോസ്റ്റ് ആണോ എന്ന് നോക്കാൻ ഞാൻ ആപ്പിൽ കയറി ഒന്ന് ചെക്ക് ചെയ്തു. എന്റെ കണ്ണിൽ ഇരുട്ട് കയറി. ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റ ഫീനിക്സ് പക്ഷിയെ പോലെ, ദുരന്തൻ തലശ്ശേരിയും മാഹിയും ക്രോസ്സ് ചെയ്ത് മുക്കാളി എത്താറായിരിക്കുന്നു. അതായത് ഒരു 10 കിലോമീറ്റർ കഷ്ടി പിറകിൽ. ഇവനിതെങ്ങനെ വന്നെടാ മരഭൂതമേ എന്ന അവസ്ഥയിലായി ഞാൻ. എന്റെ ട്രെയിൻ വടകര എത്തി. 1 മിനിറ്റ് ഹാൾട്ടേ ഉള്ളൂ. മറ്റവൻ നാദാപുരം റോഡ് എത്തി, വെറും 6 കിലോമീറ്റർ പിറകിൽ. തീർന്നെടാ... ഞാൻ തീർന്ന്. 1 മിനിറ്റ് ഹാൾട്ട് എന്ന് പറഞ്ഞിട്ട് ഇപ്പോൾ 3 മിനിറ്റ് കഴിഞ്ഞു. ഞാൻ തോൽവി സമ്മതിച്ചു. ഇനി അന്ത്യകർമ്മങ്ങൾ മാത്രമേ ബാക്കിയുള്ളു. തുരന്തോ കടന്നു പോയില്ലെങ്കിലും, മനസ്സു കൊണ്ട് ഞാൻ തുരന്തോ കടന്നു പോയി എന്ന യാഥാർഥ്യവുമായി പൊരുത്തപ്പെട്ടു.
ഹോൺ മുഴങ്ങുന്നത് കേട്ടു. അതവൻ തന്നെ, തുരന്തോ. അല്ലാ... ഞാൻ അനങ്ങുന്നുണ്ട്, ഇന്റർസിറ്റി അനങ്ങുന്നുണ്ട്. അതെ, വടകര സ്റ്റേഷൻ എന്ന കടമ്പയും താണ്ടിയിരിക്കുന്നു. ശാസ്ത്രം തോറ്റു, ഇന്റർസിറ്റി ജയിച്ചു, ചരിത്രവിജയം! ആപ്പ് എടുത്തു നോക്കി, തുരന്തോ നാദാപുരം റോഡിൽ നിന്ന് എടുത്തു, പക്ഷേ ഇനി രക്ഷയില്ല, വിജയം എനിക്ക് തന്നെ, വടകര കഴിഞ്ഞുവല്ലോ.
വടകര സ്റ്റേഷനിൽ നിന്ന് കഷ്ടിച്ച് ഒരു കിലോമീറ്റർ ഓടിയപ്പോൾ, ഇന്റർസിറ്റി മൂളിയും ഞരങ്ങിയും അങ്ങു നിർത്തി. അതെന്താ മോനൂസാ അങ്ങനൊരു സ്റ്റോപ്പ്? തുരന്തോ ഏത് നിമിഷവും വടകര എത്തും എന്ന് ആപ്പിൽ കാണിച്ചു. ഈ ഒന്നും അല്ലാത്ത നരകത്തിൽ ഇന്റർസിറ്റി നിർത്തിയേക്കുന്നതിന് ന്യായീകരണമില്ല, തുരന്തോയെ കടത്തി വിടുക എന്നതല്ലാതെ. ഞാൻ ആപ്പ് വെച്ച് കീഴടങ്ങി, മലങ്കൾട്ട് മോഡിലേക്ക് മാറി. മലങ്കൾട്ട് മോഡ് എന്നാൽ പിന്നെ ഫുൾ ഉല്ലാസം ആണ്, ആസ്വാദനം ആണ്. തുരന്തോയെ ശത്രു എന്നതിന് പകരം, ഒരു ധീരനായ ട്രെയിൻ ആയി മാത്രം കാണാൻ സാധിച്ചു. കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി ബിരിയാണി അടിച്ച്, വീട്ടിൽ പോയി സ്പെയർ ബാഗ് അവിടെ വെച്ച്, പിന്നെ എന്താണ് പണികൾ എന്ന് വെച്ചാൽ അതൊക്കെ ചെയ്ത്, രാത്രി ഉള്ള പാലാ സൂപ്പർ ഫാസ്റ്റിൽ കേറിപ്പറ്റി അങ്ങു പോകാം. ഉറക്കം തവിടുപൊടി ആകും, എന്നാലും വേറെ നിവൃത്തിയില്ല. ഡീലക്‌സോ എക്സ്പ്രസ്സോ ആയിരുന്നേൽ ചാരിയിരുന്ന് ഉറങ്ങുവെങ്കിലും ചെയ്യാമായിരുന്നു. ആഹ് പോട്ടെ! തുരന്തോ എന്നെ ഓവർടേക്ക് ചെയ്തു പോകുന്ന, എന്റെ 930 രൂപ തൊലഞ്ചു പോകുന്ന, ആ മനോഹരമായ മുഹൂർത്തത്തിന് ഞാൻ കാതും കണ്ണും ഓർത്തിരുന്നു. തുരന്തോ ഒന്ന് കടന്നു പോയിക്കഴിഞ്ഞാൽ പിന്നെ മലങ്കൾട്ട് അതിന്റെ പൂർണ്ണതയിൽ ആസ്വദിക്കാമായിരുന്നു. അപമാനിച്ച് മതിയായെങ്കിൽ, ഒന്ന് പോയി തരുമോ മാത്താ?
ട്രെയിനിന്റെ ഇരമ്പം അടുത്തടുത്തു വരുന്നത് കേട്ടു. എനിക്കങ്ങനെ പ്രത്യേകിച്ച് വിഷമം ഒന്നും തോന്നിയില്ല. വെറുത്തു കഴിഞ്ഞിരുന്നു. അതിനാൽ തന്നെ, ആ തോൽവി ഒരു സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുത്തു. പുഞ്ചിരിയോടെ തന്നെ തുരന്തോയെ കയറ്റി വിടാം, അതാണല്ലോ മലങ്കൾട്ട് റൂൾ. ഏഹ്? എന്തോന്ന്? ഇരമ്പം കേൾക്കുന്നത് പിറകിൽ നിന്നല്ലാ, മുന്നിൽ നിന്നാണ്, കോഴിക്കോട് ഭാഗത്തു നിന്ന്. എതിർദിശയിൽ നിന്ന് വന്ന ആ ട്രെയിൻ എന്നെ കടന്നു പോയി. ഹോ ഇതിനാരുന്നല്ലേ പിടിച്ചിട്ടത്, ഞാൻ തെറ്റിദ്ധരിച്ചു. മലങ്കൾട്ട് മോഡിൽ നിന്ന് ഞാൻ പുറത്തിറങ്ങി. അവസാനത്തെ അഗ്നിപരീക്ഷയും കഴിഞ്ഞു. ഇന്റർസിറ്റിയുടെ ഹോൺ ഇനി അധികം വൈകാതെ മുഴങ്ങും, ഞങ്ങൾ വിജയരഥത്തിലേറി മുന്നേറും.
പക്ഷേ മുഴങ്ങുന്നില്ല... 1 മിനിറ്റ് ആയി, 2 മിനിറ്റ് ആയി... മുഴങ്ങുന്നില്ല. ഏതായാലും നിർത്തിയതല്ലേ, എന്നാൽ പിന്നെ ആ പാവം ദുരന്തോ കൂടെ പൊക്കോട്ടെ എന്ന് അവന്മാർ വിചാരിച്ചു കാണുമോ. വീണ്ടും മലങ്കൾട്ട് മോഡിലേക്ക് മാറി. ഇത്രയെങ്കിലും ഇത്ര, നീ പൊരുതിയല്ലോ എന്ന് ഞാൻ ഇന്റർസിറ്റിയുടെ തറയിൽ ചവിട്ടി ആശ്വസിപ്പിച്ചു.
തറയിൽ ചവിട്ടിയപ്പോൾ ട്രെയിൻ അനങ്ങി, അതെ അനങ്ങി. ദേ ഹോണും മുഴങ്ങി. ട്രെയിൻ മുന്നോട്ട് ഓടി, വേഗത പ്രാപിച്ചു തുടങ്ങി. വെറുതെ മോഹിപ്പിക്കാൻ വേണ്ടി കുറച്ചു ദൂരം ഓടി വീണ്ടും നിർത്തുമെന്ന് വിചാരിച്ച് ഞാൻ കുറച്ചുനേരം തലകുനിച്ച്, എവിടേലും കൊണ്ട് നിർത്തുമോ എന്ന് ശ്രദ്ധിച്ചുകൊണ്ട് ഇരുന്നു. ഇല്ലാ... സ്ലോ ആകുന്നതിന്റെ ലക്ഷണങ്ങളൊന്നുമില്ല. മാത്രവുമല്ല, ഏകദേശം പയ്യന്നൂർ - കണ്ണൂർ സ്ട്രെച്ചിൽ കാണിച്ച ചെകുത്താൻ മോഡിലാണ് ഇപ്പോൾ. ബുള്ളറ്റ് ട്രെയിൻ ഒക്കെ പോണത് പോലെ. ഇടക്ക് ആളെ വടിയാക്കാനായിട്ട്, കൊയിലാണ്ടി അടുത്ത് ചെറുതായിട്ട് ഒന്ന് സ്ലോ ആക്കിയതൊഴിച്ചാൽ, വേറെ അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല. ആകെ ഒരു 3 മിനിറ്റ് എങ്ങാനും വൈകി കോഴിക്കോട് എത്തി. ഞാൻ പുറത്തിറങ്ങി, ആപ്പ് നോക്കി, പരാജിതൻ കൊയിലാണ്ടി ക്രോസ്സ് ചെയ്യുന്നേയുള്ളു. ഏകദേശം 15 മിനിറ്റ് പിറകിൽ. വിജയശ്രീലാളിതനായി ഞാൻ ബിരിയാണി ഏറ്റ് വാങ്ങി, സ്പെയർ ബാഗ് അവൾക്ക് നൽകി. പിന്നെയൊന്ന് മുഖമൊക്കെ കഴുകി അവളുമായിട്ട് സ്റ്റേഷനിലെ ബെഞ്ചിൽ സംസാരിച്ച് ഇരുന്നു. 10 മിനിറ്റോളം കഴിഞ്ഞപ്പോൾ ദുരന്തോയുടെ ആനേ കീ സംഭാവന അന്തരീക്ഷത്തിൽ മുഴങ്ങി...
ശുഭം :)